"ആർഎസ്എസ്കാരനായ ആനന്ദ് സിപിഐഎംകാരിയായ ഐശ്വര്യയെ പ്രേമിക്കണ്ട"ഈടയ്ക്ക് കണ്ണൂർ വിലക്ക്

പയ്യന്നൂർ സുമം​ഗല തിയറ്ററിലാണ് ബി. അജിത് കുമാർ സംവിധാനം ചെയ്ത ഈട സിനിമയ്ക്ക് അപ്രാഖ്യാപിത വിലക്കേർപ്പെടുത്തിയത്. സിപിഐഎം നേതാവെന്ന് തോന്നിപ്പിക്കുന്ന യുവനേതാവിനെ ചിത്രീകരിച്ചതും അയാളോട് നായികയുടെ സ്വതന്ത്രമായ പെരുമാറ്റവുമാണ് ചൊടിപ്പിച്ചത്

ആർഎസ്എസ്കാരനായ ആനന്ദ് സിപിഐഎംകാരിയായ ഐശ്വര്യയെ പ്രേമിക്കണ്ടഈടയ്ക്ക് കണ്ണൂർ വിലക്ക്

ആർഎസ്എസ് കുടുംബത്തിലെ പയ്യൻ, സിപിഎം നേതാവിന് പറഞ്ഞു വെച്ച പെൺകുട്ടിയെ പ്രേമിച്ചു- പ്രണയത്തിന്റെ വരികൾക്കിടയിലൂടെ മലബാർ രാഷ്ട്രീയത്തെ പോറലേൽപ്പിച്ച ഈട പലരേയും പ്രകോപിപ്പിക്കുകയാണ്. പ്രകോപനത്തിന് വിലക്കിന്റെ രൂപവും കൈവന്നിരിക്കുന്നു. കണ്ണൂരിലെ തിയറ്ററുകളിൽ ബി.അജിത് കുമാർ സംവിധാനം ചെയ്ത ഈട സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തു വരികയാണ്. പയ്യന്നൂർ സുമം​ഗല തിയറ്ററാണ് ആളുകളെത്തിയിട്ടും സിനിമ പ്രദർശിപ്പിക്കാതിരുന്നത്. 30 പേർ സിനിമ പ്രദർശിപ്പിക്കുന്നതിന് 15 മിനിറ്റ് മുൻപ് എത്തിയിട്ടും ഈട കാണിക്കാൻ തിയറ്ററുടമകൾ സമ്മതിച്ചില്ല. ഈട പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ നേരിട്ട് വിലക്കിന്റെ സന്ദേശം എത്തിയിട്ടുണ്ട് എന്നാണ് സൂചന.

ആർഎസ്എസ് കുടുംബത്തിലെ പയ്യനെ പ്രേമിക്കുന്നു എന്നറിഞ്ഞിട്ടും വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുന്നയാളാണ് സിനിമയിലെ സഖാവ്. അയാളുടെ മുഖത്തടിച്ച തീരുമാനം പറയുന്നിടത്തു നിന്നും സഖാവ് പറയുന്ന തീരുമാനം, പാർട്ടി ചെയ്യുന്ന ചിലതിൽ ഊന്നുന്നു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിമർശനം ശക്തമായി ഉയർന്ന സിനിമയാണിത്.

മനുഷ്യരോടും ജീവനോടും ഇരു സംഘങ്ങളും പുലർത്തുന്ന അനീതിയെ ചോദ്യം ചെയ്യുന്നതാണ് സിനിമ. വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ് സിനിമ പറയുന്നത് എന്നാണ് സിനിമയ്ക്കെതിരെ സിപിഎമ്മിന്റെ പേരിൽ സൈബർ പ്രചാരകർ ഉയർത്തിയ വാദം.ദേശാഭിമാനിയിലും ജന്മഭൂമിയിലും ഒന്നാം പേജിൽപരസ്യം നൽകിയാണ് സിനിമ പ്രദർശനം ആരംഭിച്ചത്. ദേശീയ അവാർഡ് നേടിയ എഡിറ്ററാണ് സംവിധായകനായ അജിത് കുമാർ. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പേരക്കിടാവ് സുജിത് അടക്കം അഭിനയിച്ച സിനിമയാണിത്.

കണ്ണൂരിൽ കവിത, തലശ്ശേരി ലിബർട്ടി, പയ്യന്നൂർ സുമംഗലി എന്നിവിടങ്ങളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. മുൻപ് മുരളി ​ഗോപി രചിച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ കേരളത്തിലുടനീളം ഈ നിലയ്ക്ക് വിലക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വീരസ്യം എന്ന നിലയ്ക്ക് പുറത്തു വന്ന മെക്സിക്കൻ അപാരതയും സഖാവും നിറഞ്ഞോടിയ നാട്ടിലാണ് വിമർശനത്തെ വിലക്കി പെട്ടിയിലാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ഈ സിനിമകൾക്കു പുറമെ സിഐഎയും സഖാക്കളുടെകഥയാണ് പറഞ്ഞത്. പൂമരമടക്കം രാഷ്ട്രീയം പറയുന്ന വേറെയും സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളെ വിമർശിക്കുന്ന രാഷ്ട്രീയ സിനിമകൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ അധികാരവും ഭീഷണിയും ഉപയോ​ഗിച്ച് തിയറ്ററിൽ വിലക്കുന്ന സംഭവം ലെഫ്റ്റ് റൈറ്റിലും ഈടയിലുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിലക്കിനെതിരെ കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്തെത്തി.

Story by