സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുട്ടികളെ അയക്കൂ; സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളിനായി മന്ത്രി രവീന്ദ്രനാഥിന്റെ ഗൃഹസന്ദര്‍ശനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജൂണ്‍ ഒന്നിന് മുമ്പു തന്നെ പാഠപുസ്തകവും യൂണിഫോമും എത്തിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി. ഗൃഹസന്ദര്‍ശനത്തിനിടെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ആവശ്യകത ഉള്‍ക്കൊള്ളിച്ച ലഘുലേഖകളും മന്ത്രി വിതരണം ചെയ്തു...

സര്‍ക്കാര്‍ സ്‌കൂളിലേക്ക് കുട്ടികളെ അയക്കൂ; സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളിനായി മന്ത്രി രവീന്ദ്രനാഥിന്റെ ഗൃഹസന്ദര്‍ശനം

സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളിനുവേണ്ടി വിദ്യാര്‍ത്ഥികളെ ക്ഷണിക്കാന്‍ മന്ത്രിയുടെ ഗൃഹസന്ദര്‍ശനം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് പുതുക്കാട് മണ്ഡലത്തിലെ വീടുകളില്‍ കുട്ടികളെ ക്ഷണിക്കാനെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. പുതുക്കാട് ഗവ. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായിരുന്നു മന്ത്രിയുടെ അഭ്യര്‍ത്ഥന. പുതുക്കാട് പഞ്ചായത്തിലെ ചാക്കോചിറയിലായിലെ വീടുകളിലായിരുന്നു മന്ത്രി എത്തിയത്.

പൊതുവിദ്യാലയങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷം കുട്ടികളെ ക്ഷണിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൃഹസന്ദര്‍ശനത്തിനിടെ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വീടുകളില്‍ നിന്നും കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്നും അതിനുവേണ്ടി അധ്യാപകര്‍ക്ക് എട്ട് ദിവസത്തെ പരിശീലനം ആരംഭിച്ചുകഴിഞ്ഞുവെന്നും മന്ത്രിപറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജൂണ്‍ ഒന്നിന് മുമ്പു തന്നെ പാഠപുസ്തകവും യൂണിഫോമും എത്തിക്കുമെന്ന ഉറപ്പും മന്ത്രി നല്‍കി. ഗൃഹസന്ദര്‍ശനത്തിനിടെ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ആവശ്യകത ഉള്‍ക്കൊള്ളിച്ച ലഘുലേഖകളും മന്ത്രി വിതരണം ചെയ്തു.