സബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില: വയനാട്ടില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുറന്നത് കടുത്ത നിയമ ലംഘനം; ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും കമ്പനി ചാക്കിലാക്ക�

കമ്പനിയുടെ കൈവശമുള്ള 0.6074 ഹെക്ടര്‍ നെല്‍വയലാണ് മണ്ണിട്ടു നികത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സബ് കളക്ടറുടെയും കൃഷി ഓഫീസറുടെയും റിപ്പോര്‍ട്ട് തള്ളിയാണ് ഉന്നതങ്ങളില്‍ സ്വാധീനമുള്ള കമ്പനി പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 35 ഏക്കര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.

സബ് കളക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില: വയനാട്ടില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് തുറന്നത് കടുത്ത നിയമ ലംഘനം; ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും കമ്പനി ചാക്കിലാക്ക�

പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള സ്‌റ്റോപ്പ് മെമ്മോ മറികടന്ന് മാനന്തവാടിയിൽ അമ്യൂസ്മെന്റ് പാര്‍ക്ക് തുറന്നിട്ടും തുടര്‍ നടപടിയില്ല. മാനന്തവാടി കാഞ്ഞിരങ്ങാട് വില്ലേജില്‍ വെസ്റ്റേണ്‍ ഗാട്ട് ഗ്രീന്‍ ഇനീഷ്യേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നീലോത്ത് ഇ ത്രീ അമ്യൂസ്മെന്റ് പാര്‍ക്കാണ് അനധികൃതമായി തുറന്നത്.

നിര്‍മാണ ഘട്ടങ്ങളിലെല്ലാം കണ്ണടച്ച റവന്യൂ ഉദ്യോഗസ്ഥരാണിപ്പോള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിശ്ചയിച്ച സമയത്ത് കെഎല്‍യു ആക്ടിനു വിരുദ്ധമായാണ് നിര്‍മാണപ്രവര്‍ത്തനമെന്ന് കാണിച്ച് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇന്നലെയാണ് ഇ ത്രീ അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 വകുപ്പ് വി (4) (ഐ) പ്രകാരം പ്രസിദ്ധീകരിച്ച അന്തിമ ഡാറ്റാ ബാങ്കില്‍ നിലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ സ്വകാര്യമായ വാണിജ്യ ആവശ്യത്തിനു കൂടി ഉതകുന്ന രീതിയില്‍ തരം മാറ്റിയിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതിനാല്‍ പ്രഥമ ദൃഷ്ട്യാ നിയമ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും മാനന്തവാടി സബ് കളക്ടര്‍ പ്രേംകുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


നെല്‍വയലായി രേഖപ്പെടുത്തിയിട്ടുള്ള ഭാഗത്താണ് നിലവില്‍ തരംമാറ്റല്‍ നടത്തിയിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതായി തൊണ്ടര്‍നാട കൃഷി ഓഫീസറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാരദാ ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ വയനാട് ജില്ലാ കളക്ടര്‍ ബി എസ് തിരുമേനി ഇക്കാര്യത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. നീലോത്തുള്ള ഭൂമി ചതുപ്പ് നിലമായിരുന്നതായും നബാര്‍ഡ് പ്രോജക്ട് മുഖാന്തരം കയ്യാല കെട്ടിയിട്ടുള്ളതാണെന്നും അതില്‍ മഴവെള്ളം സംഭരിച്ച് ജലസേചനത്തിനും മീന്‍ വളര്‍ത്തലിനും പെഡല്‍ ബോട്ടിങ്ങിനുമായി സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും വെസ്റ്റേണ്‍ ഗാട്ട് ഗ്രീന്‍ ഇനീഷ്യേറ്റിവ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുടെ വാദം.

എന്നാല്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. കമ്പനിയുടെ കൈവശമുള്ള 0.6074 ഹെക്ടര്‍ നെല്‍വയലാണ് മണ്ണിട്ടു നികത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സബ് കളക്ടറുടെയും കൃഷി ഓഫീസറുടെയും റിപ്പോര്‍ട്ട് തള്ളിയാണ് ഉന്നതങ്ങളില്‍ സ്വാധീനമുള്ള കമ്പനി പാര്‍ക്ക് തുറന്നു പ്രവര്‍ത്തനം തുടങ്ങിയത്. 35 ഏക്കര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.


അതീവ പരിസ്ഥിതിലോല മേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വിനോദ പാര്‍ക്ക് നിര്‍മിക്കാന്‍ ഭൂമി തരം മാറ്റിയത്. കെട്ടിടങ്ങളും മൂന്ന് ഏക്കറില്‍ കൃത്രിമ കുളങ്ങളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ നിര്‍മാണത്തിന്റെ ആദ്യം ഘട്ടം മുതല്‍ നിയമവിരുദ്ധമായിട്ടായിരുന്നു പ്രവൃത്തികള്‍ നടന്നുവന്നിരുന്നത്. അന്വേഷണം നടത്തുന്നതിനോ നടപടികള്‍ സ്വീകരിക്കുന്നതിനോ വില്ലേജ് ഓഫീസ് മുതലുള്ള ബന്ധപ്പെട്ട റവന്യു, പഞ്ചായത് ഉദ്യോഗസ്ഥരൊന്നും തയ്യാറാകാത്തത് ഗുരുതരമായ കൃത്യവിലോപവും അഴിമതിയുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര മന്ത്രിയും സംസ്ഥാന നിയമസഭാ സ്പീക്കറും റവന്യൂ മന്ത്രിയുമുള്‍പ്പെടെയുള്ള ഉന്നത സംഘമാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയെന്ന് നോട്ടീസടിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇവരാരും എത്തിയിരുന്നില്ല. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 300 നിക്ഷേപകര്‍ ചേര്‍ന്നാണ് 55 കോടി ചെലവില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്ത് ഇ ത്രീ എന്ന പേരില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിച്ചത്.


പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന വേളയില്‍ത്തന്നെ കെഎൽയു (കേരള ഭൂവിനിയോഗ നിയമം), കെഎൽആർ (ഭൂമിയുടെ തരം മാറ്റൽ തടയാനുള്ള നിയമം) ആക്ടുകളുടെ ലംഘനം നടന്നെങ്കിലും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പാര്‍ക്കിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. വലിയ സംഭാവനകളും ജോലി വാ​ഗ്ദാനങ്ങളും നല്‍കിയാണ് പ്രദേശത്തെ എതിര്‍പ്പുകള്‍ പാര്‍ക്ക് ഉടമകള്‍ മറികടന്നത്. ലക്ഷങ്ങളുടെ പരസ്യങ്ങള്‍ നല്‍കിയതോടെ മാധ്യമങ്ങളും കണ്ണടച്ചു. അതേസമയം, സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയാണ് ചില മാധ്യങ്ങളെങ്കിലും വാര്‍ത്ത നല്‍കാന്‍ തയ്യാറായത്. സ്റ്റോപ്പ് മെമ്മോ മറികടന്ന് പാര്‍ക്ക് തുറന്നത് കമ്പനിയുടെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.