'ബീഫുമായി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍'; മാനന്തവാടിയിൽ ഇറച്ചി സമരത്തിന് പുതിയ രൂപം

'എന്തിനാണ് നിങ്ങളെന്നെ ആക്രമിക്കുന്നത്? കുറച്ച് പോത്തിറച്ചി കൈയില്‍ വച്ചതാണോ തെറ്റ്?' എന്ന് യുവാവിന്റെ ദൈന്യതയാർന്ന വാക്കുകൾ. ഇതൊന്നു കേൾക്കാതെ അവനെ കൊല്ലെടാ എന്നാ​ക്രോശിക്കുന്നവർ. ഗാന്ധിപാര്‍ക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിനു ആകാംക്ഷയായി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടന്നുവരുന്നു; 'ആഹാര സ്വാതന്ത്ര്യം അനുവദിക്കുക' എന്ന മുദ്രാവാക്യം വിളികളുമായി!

ബീഫുമായി ഓടിയ യുവാവിനെ പിന്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; മാനന്തവാടിയിൽ   ഇറച്ചി സമരത്തിന് പുതിയ രൂപം

കേന്ദ്രസർക്കാരിന്റെ ഇറച്ചി നിരോധനത്തിനെതിരെ ഡിവൈഎഫ്ഐയുടെ വേറിട്ട സമരം. വയനാട്ടിലെ മാനന്തവാടി ഗാന്ധിപാര്‍ക്ക് പരിസരത്ത് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. യുവാവിനെ ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഓടിക്കുന്നു. പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് ഗാന്ധിപാര്‍ക്ക് വരെ ഓടിയ യുവാവിനെ പിടികൂടുന്നു.

കൈയിലുള്ള പൊതി തുറക്കാന്‍ പറഞ്ഞുകൊണ്ട് യുവാവിനെ കൈയേറ്റം ചെയ്യാനൊരുങ്ങുന്നു. അടിച്ചുകൊല്ലെടാ എന്നു ചിലർ ആക്രോശിക്കുന്നു. രാജ്യദ്രോഹിയെന്നു വിളിക്കുന്നു. ഇതിൽ എന്തുചെയ്യണമെന്നറിയാതെ പേടിച്ചുവിറച്ച് യുവാവ്.

'എന്തിനാണ് നിങ്ങളെന്നെ ആക്രമിക്കുന്നത്? കുറച്ച് പോത്തിറച്ചി കൈയില്‍ വച്ചതാണോ തെറ്റ്? ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോയതിനാണ് ഇവർ രാജ്യദ്രോഹികളെന്നു പറയുന്നത്. ഇന്നു നിങ്ങടെ ഭക്ഷണം ആണെങ്കിൽ നാളെ നിങ്ങടെ വസ്ത്രം...' ഇങ്ങനെ പോവുന്നു യുവാവിന്റെ വാക്കുകൾ.

യുവാവിന്റെ കൈയിലെ പൊതി പരിശോധിച്ചപ്പോള്‍ ബീഫാണെന്നു മനസ്സിലായി. ഗാന്ധിപാര്‍ക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരത്തിനു ആകാംക്ഷയായി. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടന്നുവരുന്നു; 'ആഹാരസ്വാതന്ത്ര്യം അനുവദിക്കുക' എന്ന മുദ്രാവാക്യം വിളികളുമായി!

അപ്പോഴാണ് ജനങ്ങള്‍ക്കു ശ്വാസം നേരെ വീണത്. കശാപ്പ് നിയന്ത്രണത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച തെരുവ് നാടകമാണ് മാനന്തവാടിയില്‍ അരങ്ങേറിയതെന്ന് മനസ്സിലാക്കാന്‍ ആളുകള്‍ക്കു സമയമെടുത്തു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ബീഫുമായി ഓടിയ യുവാവ് ഡിവൈഎഫ്ഐ കണിയാരം മേഖലാ പ്രസിഡന്റ് അഖിലേഷായിരുന്നു.


ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി നടത്തിയ വ്യത്യസ്ത സമര രീതിക്ക് വലിയ കൈയടിയാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനുമെതിരെയുള്ള പ്രതിഷേധം രാജ്യത്ത് കൊടുമ്പിരി കൊള്ളുമ്പോള്‍ കേരളത്തിലാണ് ഏറ്റവും വ്യത്യസ്ഥമായ പ്രതിരോധം നടക്കുന്നത്.

പശുക്കിടാവിനെ പൊതുസ്ഥലത്ത് വെട്ടിക്കൊന്ന് ഇറച്ചിയാക്കിയ യൂത്ത് കോണ്‍ഗ്രസ് നടപടി പരക്കെ വിമര്‍ശനത്തിന് വിധേയമായിരിക്കെയാണ് ഡിവൈഎഫ്ഐയുടെ വയനാട്ടിലെ പ്രതിഷേധം കൈയടി നേടിയത്. മാനന്തവാടിയില്‍ തെരുവ് നാടകം കാണാന്‍ തടിച്ചുകൂടിയവര്‍ക്ക് ബീഫും ബ്രഡ്ഡും വിതരണം ചെയ്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പരിപാടി അവസാനിപ്പിച്ചത്.

Story by