ഫെസ്റ്റിവെല്‍ നടത്തുമ്പോള്‍ ഹലാല്‍ ബീഫ് ആയിരിക്കുമോ? ഉത്തരംമുട്ടി ഡിവൈഎഫ്‌ഐ

വിതരണം ചെയ്യുന്നത് ഹലാല്‍ ബീഫാണൊയെന്ന കാര്യത്തില്‍ ഡി വൈ എഫ് ഐ വ്യക്തരമാക്കാത്ത സാഹചര്യത്തില്‍ മുസ്ലിം വിഭാഗങ്ങളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കാന്‍ പരിമിതികളേറെയുണ്ട്. സംഘപരിവാറിന്റെ ബീഫ് വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനപ്പുറത്തേക്ക് ഹലാല്‍, ഹറാം എന്നൊന്നും നോക്കുന്നതില്‍ പ്രസക്തിയില്ലെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എം മുഹമദ് റിയാസ് നാരദാന്യൂസിനോട് പറഞ്ഞു.

ഫെസ്റ്റിവെല്‍ നടത്തുമ്പോള്‍ ഹലാല്‍ ബീഫ് ആയിരിക്കുമോ? ഉത്തരംമുട്ടി ഡിവൈഎഫ്‌ഐ

ബീഫ് ഫെസ്റ്റിവെല്‍ നടത്തുമ്പോള്‍ ഡിവൈഎഫ് ഐ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഹലാല്‍ ബീഫ്. ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലുള്‍പ്പെടെ ഡിവൈഎഫ്‌ഐ, എസ് എഫ് ഐ സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തിയെങ്കിലും മുസ്ലിങ്ങളെ ആകര്‍ഷിക്കാനായില്ലയെന്നതായിരുന്നു വസ്തുത. കാരണം മറ്റൊന്നല്ല, ഫെസ്റ്റില്‍ പാകം ചെയ്ത ബീഫ് ഹലാല്‍ ആണോയെന്നത് തന്നെയായിരുന്നു പ്രശ്‌നം.

അനുവദനീയമായവ എന്നാണ് ഹലാൽ എന്ന വാക്കിനർത്ഥം. ഇസ്‌ലാമിനു കീഴിൽ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഹലാൽ എന്നു പറയുന്നു. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ അനുവദനീയമായ ഭക്ഷണം എന്നതാണ് ഹലാൽ കൊണ്ടുദ്ദേശിക്കുന്നത്. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. അള്ളാഹുവിന്റെ പേരിൽ പ്രത്യേക മന്ത്രം ചൊല്ലി കാലികളേയും കോഴി/താറാവ് തുടങ്ങിയവയെയും അറുക്കണം എന്നാണ് ഇസ്‌ലാമിക നിയമം.

മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം. കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം. കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല. ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല. കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല മക്കയിലെ കഅ്ബയുടെ നേരേ തിരിക്കുക. കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് അവയെ വെള്ളം കുടിപ്പിച്ചിരിക്കണം. കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം. കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം. എന്നിവയാണ് നിബന്ധനകൾ.

പന്നി, പട്ടി തുടങ്ങിയവ, പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ, പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ, അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടവ, ശവം, വീണു ചത്ത മൃഗങ്ങൾ, അടിച്ചു കൊന്നത് തുടങ്ങിയവ ഹറാം, അതായത് അനുവദനീയമായതല്ല.

കശാപ്പിനായി കാലിച്ചന്തകളിലൂടെ മാടുകളെയും ഒട്ടകത്തെയും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് ഇന്നലെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഇതിനെതിരെ കേരളത്തിലുള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് ആരംഭിച്ചിരുന്നു. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ വിതരണം ചെയ്യുന്നത് ഹലാല്‍ ബീഫാണൊയെന്ന കാര്യത്തില്‍ ഡി വൈ എഫ് ഐ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ മുസ്ലിം വിഭാഗങ്ങളെ ഇതിലേക്ക് ആകര്‍ഷിപ്പിക്കാന്‍ പരിമിതികളേറെയുണ്ട്. ഹലാല്‍ മതാചാരമായതിനാല്‍ അപ്രകാരം ചെയ്യാന്‍ ഡി വൈ എഫ് ഐ പോലുള്ള പുരോഗമന സംഘടനകള്‍ക്ക് കഴിയുകയുമില്ല.

സംഘപരിവാറിന്റെ ബീഫ് വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനപ്പുറത്തേക്ക് ഹലാല്‍, ഹറാം എന്നൊന്നും നോക്കുന്നതില്‍ പ്രസക്തിയില്ലെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എം മുഹമദ് റിയാസ് നാരദാന്യൂസിനോട് പറഞ്ഞു.

ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പൊതു ഇടങ്ങളിലും കോളജുകളിലും ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ ഡി വൈ എഫ് ഐയ്ക്ക് കഴിഞ്ഞെന്ന് നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും മുസ്ലിങ്ങള്‍ക്കിടയില്‍ ഹറാം ബീഫ് എന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് പദ്ധതിയ്ക്ക് തിരിച്ചടിയായത്.

അതേസമയം മഹാരാഷ്ട്രയില്‍ ഗോവധ നിരോധനത്തിനെതിരെ രാജ്യവ്യാപകമായി ബീഫ് ഫെസ്റ്റിവെല്‍ നടത്തുമെന്ന് എം ബി രാജേഷ് എം പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നാമമാത്രം സ്ഥലങ്ങളില്‍ ഒതുങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ ബീഫ് ഫെസ്റ്റില്‍ കൂടുതൽ ബഹുജന പങ്കാളിത്തത്തോടെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കിയതായി പി എം മുഹമദ് റിയാസ് വ്യക്തമാക്കി.