വരള്‍ച്ച: പാലക്കാടന്‍ മേഖലയില്‍ പച്ചക്കറി കൃഷി പകുതിയോളം കുറഞ്ഞു

രണ്ടാം വിള കൊയ്‌തെടുത്ത് കഴിഞ്ഞാല്‍ ജല ലഭ്യതയുള്ള സ്ഥലങ്ങളില്‍ തോടുകളുടേയും പുഴകളുടേയും അരികിലുള്ള പാടങ്ങളില്‍ സാധാരണ പച്ചക്കറി കൃഷി പതിവാണ്. എന്നാല്‍ ഇത്തരം വേനല്‍കാല കൃഷികള്‍ ഇത്തവണ എഴുപ്പത്തഞ്ച് ശതമാനത്തോളം കുറഞ്ഞു. ഇത്തരം കൃഷി ഇറക്കിയതില്‍ തന്നെ പലയിടത്തും മഴയില്ലാത്തതിനാല്‍ ഉണങ്ങി പോയി.

വരള്‍ച്ച:  പാലക്കാടന്‍ മേഖലയില്‍ പച്ചക്കറി കൃഷി പകുതിയോളം കുറഞ്ഞു

വരള്‍ച്ച മൂലം പാലക്കാടന്‍ മേഖലയില്‍ പച്ചക്കറി കൃഷിയില്‍ ഗണ്യമായ കുറവ്. പാലക്കാട്ടെ പച്ചക്കറി മാര്‍ക്കറ്റിലും നാടന്‍ പച്ചക്കറിയിനങ്ങളുടെ വരവിലും അമ്പത് ശതമാനത്തിലേറെ കുറവ് വന്നതായി കച്ചവടക്കാര്‍. പാലക്കാട്ടെ തമിഴ്‌നാടിനോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ക്കൊപ്പം പടിഞ്ഞാറന്‍ മേഖലയിലും പച്ചക്കറി കൃഷി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പട്ടാമ്പി മേഖലയില്‍ 100 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ഇറക്കിയിരുന്നു. എന്നാല്‍ ഇക്കുറി ഇത് 40 ഹെക്ടറായി കുറഞ്ഞു. പാലക്കാട്, ചിറ്റൂര്‍ മേഖലകളിലും സമാന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം ഇറക്കിയ കൃഷിയുടെ പകുതി പോലും ഇത്തവണ ഈ മേഖലകളില്‍ കൃഷിയില്ല.

രണ്ടാം വിള കൊയ്‌തെടുത്ത് കഴിഞ്ഞാല്‍ ജല ലഭ്യതയുള്ള സ്ഥലങ്ങളില്‍ തോടുകളുടേയും പുഴകളുടേയും അരികിലുള്ള പാടങ്ങളില്‍ സാധാരണ പച്ചക്കറി കൃഷി പതിവാണ്. എന്നാല്‍ ഇത്തരം വേനല്‍കാല കൃഷികള്‍ ഇത്തവണ 75 ശതമാനത്തോളം കുറഞ്ഞു. ഇത്തരം കൃഷി ഇറക്കിയതില്‍ തന്നെ പലയിടത്തും മഴയില്ലാത്തതിനാല്‍ ഉണങ്ങി പോയി. പയര്‍, പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍,വെണ്ട തുടങ്ങിയ ഇനങ്ങളാണ് സാധാരണ പാടങ്ങളില്‍ കൃഷി ഇറക്കാറുള്ളത്. എന്നാല്‍ വെള്ളമില്ലാതായതോടെ പലയിടത്തും ഇതുണ്ടായില്ല. വിഷുവിനെ ലക്ഷ്യമിട്ട് നടത്തുന്ന കണി വെള്ളരിയുടെ കൃഷിയും ഇത്തവണ ഗണ്യമായി കുറഞ്ഞു. വിഷു കാലത്ത് കണിവെള്ളരി ഭൂരിഭാഗവും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് എത്താറുള്ളത്. എന്നാല്‍ ഇത്തവണ കണി വെള്ളരിക്ക് തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരും.

ഭാരതപ്പുഴ അടക്കമുള്ള പുഴകള്‍ വറ്റിയതും ജല സ്രോതസ്സുകളില്‍ ജല നിരപ്പ് കുറഞ്ഞതുമാണ് കര്‍ഷകര്‍ക്ക് വിനയായത്. വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് സാധാരണ തടയണകളില്‍ നിന്നും പുഴകളിലും മറ്റും കുഴിയെടുത്തുമാണ് വെള്ളം കണ്ടെത്തിയിരുന്നത്. എന്നാല്‍ വേനല്‍ ശക്തമായതോട ജനുവരി പകുതിയായപ്പോഴേക്കും ജില്ലയില്‍ കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിടാന്‍ തുടങ്ങിയിരുന്നു.


Read More >>