അട്ടപ്പാടിയില്‍ വരള്‍ച്ച ജീവനെടുക്കുന്നു; ഭക്ഷണംതേടി കാടിറങ്ങിയ കൊമ്പന് ദാരുണാന്ത്യം

കാട്ടാനക്കൂട്ടം കാടിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. ഇതിനിടെയാണ് ഭക്ഷണംതേടിയെത്തിയ കാട്ടുകൊമ്പന്‍ ഷോളയൂര്‍ വരടിമല താഴ് വാരത്ത് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത

അട്ടപ്പാടിയില്‍ വരള്‍ച്ച ജീവനെടുക്കുന്നു; ഭക്ഷണംതേടി കാടിറങ്ങിയ കൊമ്പന് ദാരുണാന്ത്യം

ഏറെ കൊതിച്ചാണ് കാട്ടുകൊമ്പന്‍ കാടിറങ്ങി നാട്ടിലെത്തിയത്. വിശപ്പും ദാഹവും സഹിക്കവയ്യാതായപ്പോള്‍ കാടിറങ്ങിയതാണ്. താഴ് വാരത്തെ പറമ്പില്‍ ചക്ക കണ്ട് കൊതിയോടെ പ്ലാവിനടുത്തേക്ക് നീങ്ങി. ചക്ക അടര്‍ത്തിമാറ്റാനുള്ള ശ്രമത്തിനിടെ കാല്‍ മരത്തിനിടയില്‍ കുടുങ്ങി നിലതെറ്റി. വീഴ്ചയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചരിഞ്ഞു. 18 വയസ് പ്രായമുള്ള കാട്ടുകൊമ്പനാണ് ഇന്നലെ അട്ടപ്പാടിയില്‍ ഭക്ഷണം ശേഖരിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ വെടിഞ്ഞത്. ഇത് അട്ടപ്പാടിയിലെ വരള്‍ച്ചയുടെ ഭീകരതയാണ്, ദുരന്തചിത്രങ്ങളിലൊന്നാണ്.

വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും ചരിത്രത്തിലില്ലാത്തവിധം കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കുന്ന അട്ടപ്പാടിയില്‍ മനുഷ്യനും വന്യജീവികള്‍ക്കും അതിജീവനം ഓരോദിവസം കഴിയുന്തോറും ദുസഹമായിക്കൊണ്ടിരിക്കുകയാണ്. കാട്ടാനക്കൂട്ടം കാടിറങ്ങിയത് പതിവായതോടെ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിയുന്നതിനിടെയാണ് ഭക്ഷണംതേടിയെത്തിയ കാട്ടുകൊമ്പന്‍ ഷോളയൂര്‍ വരടിമല താഴ് വാരത്ത് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഒരുതുള്ളി വെള്ളം കിട്ടാതെ കാടകങ്ങളില്‍ പിടഞ്ഞുതീരുന്ന ജീവജാലങ്ങളെക്കുറിച്ച് പുറത്തുവരാത്ത കഥകള്‍ ഏറെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വിശപ്പ് അതിന്റെ പാരമ്യത്തിലെത്തുമ്പോഴാണ് ഗത്യന്തരമില്ലാതെ മൃഗങ്ങള്‍ കാടിറങ്ങുക. ഒരാഴ്ച മുമ്പ് ഷോളയൂരിലെ ക്ഷീരസംഘത്തിന്റെ കാലിത്തീറ്റ ഗോഡൗണ്‍ കാട്ടാന തകര്‍ത്തിരുന്നു. ഇരുപത്തഞ്ച് ചാക്ക് കാലിത്തീറ്റയാണ് അന്ന് കാട്ടാന ഭക്ഷിച്ചത്. വെള്ളം കുടിക്കാനായി സമീപത്തെ കുടിവെള്ള പൈപ്പുകളും തകര്‍ത്ത ശേഷമാണ് കാട്ടാനക്കൂട്ടം അന്ന് മടങ്ങിയത്. രണ്ടാഴ്ച മുമ്പ് ഷോളയൂര്‍ ബോഞ്ചിയൂര്‍ ഊരിലെ വൃദ്ധനെ കാട്ടാന കൊലപ്പെടുത്തുകയും ചെയ്തു.ഷോളയൂര്‍, നെല്ലിപ്പതി, ചിറ്റൂര്‍ മേഖലകളില്‍ കൃഷി നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. നീലഗിരി മലകളിലെ കാട്ടുചോലകളിലും നീരൊഴുക്ക് നിലച്ച അവസ്ഥയാണിപ്പോള്‍. ഭവാനിപ്പുഴയും വറ്റിവരണ്ടു. സൈലന്റ് വാലി വനമേഖലയിലും വരള്‍ച്ച പിടിമുറുക്കിയതോടെ ഭക്ഷണംകിട്ടാന്‍ ജനവാസമേഖലകള്‍ തന്നെയാണ് വന്യജീവികള്‍ ആശ്രയമാക്കുന്നത്. വരള്‍ച്ച ഇനിയും രൂക്ഷമായാല്‍ വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവന് ഒരുപോലെ അത് ഭീഷണിയാകുമെന്നുറപ്പ്.