തിരുവനന്തപുരം വാഴവിളയിൽ അംബേദ്കർ പ്രതിമ തകർത്ത സംഭവം; രണ്ടു യുവാക്കൾ അറസ്റ്റിൽ

വെട്ടുകാട് ടൈറ്റാനിയം ബാലന​ഗർ സ്വദേശികളായ വിശാഖ് (18), അരുൺ (18) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഐപിസി 153, 427 വകുപ്പുകൾ ചുമത്തി കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നതിനുള്ള വകുപ്പാണ് ഐപിസി 153.

തിരുവനന്തപുരം വാഴവിളയിൽ അംബേദ്കർ പ്രതിമ തകർത്ത സംഭവം; രണ്ടു യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം കരിക്കകം ക്ഷേത്രത്തിനു സമീപം വാഴവിളയിൽ ഡോ. ബി ആർ അംബേദ്കറുടെ അർധകായ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വെട്ടുകാട് ടൈറ്റാനിയം ബാലന​ഗർ സ്വദേശികളായ വിശാഖ് (18), അരുൺ (18) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ ഐപിസി 153, 427 വകുപ്പുകൾ ചുമത്തി കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നതിനുള്ള വകുപ്പാണ് ഐപിസി 153.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാഴവിളയിലുള്ള ഡോ.ബിആർ അംബേദ്കറിന്റെ പ്രതിമ ഇവർ പിടിച്ചിളക്കി താഴെയിടുകയായിരുന്നുവെന്നു പേട്ട എസ്ഐ ചന്ദ്രബോസ് നാരദാ ന്യൂസിനോടു പറഞ്ഞു. സംഭവത്തിനു പിന്നിൽ മറ്റ് രാഷ്ട്രീയ ഉദ്ദേശമൊന്നുമില്ലെന്നാണ് പൊലീസ് വാദം.

എന്നാൽ ഇത് മൂന്നാംതവണയാണ് ഈ പ്രതിമ ഇത്തരത്തിൽ തകർക്കപ്പെടുന്നത്. സംഭവത്തിനെതിരെ ഇന്നലെ നാട്ടുകാരിൽ ചിലർ പ്രതിമയ്ക്കരികിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതിനു പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നായിരുന്നു പൊലീസ് അവരെ അറിയിച്ചത്.

അതേസമയം, പ്രതിമ തകർത്തത് വിധ്വംസക പ്രവർത്തനമാണെന്ന് ശശി തരൂർ എംപി ട്വിറ്ററിലൂടെ പറഞ്ഞു. അംബേദ്കർ പ്രതിക സാമൂഹിക വിരുദ്ധർ തകർത്ത വിഷയം അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇന്നലെ പുലർച്ചെ 12.35നാണ് അദ്ദേഹം ചിത്രം സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തത്.