അംഗീകാരമുള്ള കോഴ്‌സുകളില്‍ പഠിക്കുക എന്നത് ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്; ഞാനും ഇത്തരം അംഗീകാര പ്രശ്‌നത്തിന്റെ ഇരയാണ്: ഡോ. ജിനേഷ് പി എസ്

ആരോഗ്യ രംഗത്തെ ഗുരുതരമായ വിഴ്ച ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ പി. എസ്. ജിനേഷിനെ നിര്‍ബന്ധിത രാജിയിലൂടെ പുറത്താക്കി. സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ ജിനേഷ് എന്ന ഹാഷ്ടാഗും സജീവമാകുന്നു...

അംഗീകാരമുള്ള കോഴ്‌സുകളില്‍ പഠിക്കുക എന്നത് ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്; ഞാനും ഇത്തരം അംഗീകാര പ്രശ്‌നത്തിന്റെ ഇരയാണ്: ഡോ. ജിനേഷ് പി എസ്

അംഗീകാരം നഷ്ടമായ എംബിബിഎസ് മെഡിക്കല്‍ പിജി സീറ്റുകളെക്കുറിച്ച് പരാമര്‍ശിച്ചതിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നിര്‍ബന്ധിത രാജിയിലൂടെ പുറത്താക്കപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനും അധ്യാപകനുമായ ഡോ. പി എസ് ജിനേഷിനാണ് നിര്‍ബന്ധിതമായി രാജി വച്ച് പുറത്തു പോകേണ്ടി വന്നത്. ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെയുള്ള അനവധി സീറ്റുകള്‍ അംഗീകാരമില്ലാതെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജിനേഷ് സാക്ഷ്യപ്പെടുത്തുന്നു. ''ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ഈ പഠനം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നതാണ് സത്യം. അതായത് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് വ്യാജഡോക്ടറുടെ പരിവേഷം മാത്രമാണുണ്ടാകുക. ഞാന്‍ ഒരു അധ്യാപകന്‍ കൂടിയാണ്. ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് അത്തരമൊരു ദുര്‍ഗതി ഉണ്ടാകരുതെന്ന് എനിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ട്.'' ഡോ. ജിനേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

ഡോക്ടര്‍ ജിനേഷിന് ജോലിയില്‍ നിന്നും നിര്‍ബന്ധിത രാജി നല്‍കേണ്ടി വന്ന സാഹചര്യം ഇപ്രകാരമാണ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ അംഗീകാരം ലഭിക്കാത്ത സീറ്റുകളെക്കുറിച്ച് പരാമര്‍ശിച്ചു എന്നതാണ് കോളേജ് അധികൃതരെ ചൊടിപ്പിച്ചത്. പിറ്റേന്ന് കോളേജിലെത്തിയ ജിനേഷിനെ കാത്തിരുന്നത് ടെര്‍മിനേഷന്‍ ചെയ്യുമെന്ന അറിയിപ്പായിരുന്നു. സ്ഥാപനത്തെ അപമാനിച്ചതിന്റെ പേരിലാണ് ഡോ. ജിനേഷിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഇദ്ദേഹത്തിന് ലഭിച്ച വിശദീകരണം.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അംഗീകാരവിഷയത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിന്റെ പേരില്‍ ജിനേഷിന്റെ നേതൃത്വത്തില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ''അംഗീകാരമുള്ള കോഴ്‌സുകളില്‍ പഠിക്കുക എന്നത് ഓരോ വിദ്യാര്‍ത്ഥിയുടെയും അവകാശമാണ്. ഞാനും ഇത്തരം അംഗീകാര പ്രശ്‌നത്തിന്റെ ഇരയാണ്. അതുകൊണ്ട് തന്നെ എനിക്ക് എന്റെ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും ഈ അവസ്ഥ വരരുതെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ ഞാന്‍ സജീവമായി ഇടപെടുന്നത്. ഏറ്റവും മികച്ച റാങ്ക് വാങ്ങി എത്തുന്ന കുട്ടികളാണ് ഇവിടെയുള്ളത്. എത്ര വര്‍ഷത്തെ പരിചയസമ്പത്തുണ്ടെന്ന് പറഞ്ഞാലും സര്‍ട്ടിഫിക്കറ്റില്‍ അതില്ലെങ്കില്‍ പിന്നെന്ത് പ്രയോജനം''? ഡോ. ജിനേഷ് ചോദിക്കുന്നു. ഒരു അധ്യാപകനെന്ന നിലയിലും ഒരു പൗരനെന്ന നിലയിലും ഈ വിഷയത്തില്‍ സജീവമായി ഇടപെടേണ്ടതും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കേണ്ടതും തന്റെ കടമയാണെന്ന് ഡോ. ജിനേഷ് ഉറപ്പിച്ചു പറയുന്നു. 1300 ഓളം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ള ഫോറന്‍സിക് സര്‍ജന്‍ കൂടിയാണ് ഇദ്ദേഹം.

ജോലിയില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു ജിനേഷിന് കിട്ടിയ അറിയിപ്പ്. ഒന്നുകില്‍ രാജി വയ്ക്കുക അല്ലെങ്കില്‍ അവര്‍ പുറത്താക്കും. ഈ രണ്ടു വഴികളേ തന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് ഡോ ജിനേഷ് പറയുന്നു. ഇത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെടുന്നതിനേക്കാള്‍ നല്ലത് രാജി നല്‍കുക എന്നതാണെന്ന് തോന്നി. അംഗീകാര പ്രശ്‌നമുള്ളത് കൊണ്ട് ജോലി വിടാന്‍ തീരുമാനിച്ചിരുന്ന സാഹചര്യം കൂടിയായിരുന്നു എന്നും ജിനേഷ് നാരദ ന്യൂസിനോട് വെളിപ്പെടുത്തി. എന്നാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഒരു തീരുമാനമായിരുന്നു അത്.

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആരോഗ്യരംഗത്തെ വീഴ്ചകള്‍ക്കും തകരാറുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി ക്കൊണ്ടിരിക്കുന്ന ജനകീയ ഡോക്ടര്‍ കൂടിയാണ് ഡോ. പി എസ് ജിനേഷ്. സ്കാനിംഗ്- എക്‌സറേ സൗകര്യങ്ങള്‍, ആന്റി റാംഗിംഗ് സെല്‍ ന്റെ അപര്യാപ്തത, അധ്യാപക നിയമനങ്ങള്‍, ലൈബ്രറി സൗകര്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതാവശ്യമാണെന്ന് ഡോ ജിനേഷ് ചൂണ്ടിക്കാണിക്കുന്നു. ഇവയുടെ അപര്യാപ്തത എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് തന്നെയാണ് ഈ ജനകീയ ഡോക്ടറുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ ജിനേഷ് എന്ന ഹാഷ്ടാഗും സജീവമാകുന്നുണ്ട്.

Read More >>