സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ; പത്തുദിവസത്തിനകം നടപടി വേണമെന്ന് നിർദേശം

നിർദേശത്തിന്മേൽ സ്വീകരിച്ച നടപടികൾ പത്തു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ബാലാവകാശകമ്മീഷൻ ആവശ്യപ്പെട്ടു. മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കടുത്ത ചൂടും ജലക്ഷാമവും അവ​ഗണിച്ച് കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ക്ലാസുകൾ നടത്തുന്നതായി കമ്മീഷനു ലഭിച്ച പരാതികളുടേയും പത്രവാർത്തകളുടേയും അടിസ്ഥാനത്തിലാണ് നടപടി.

സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ; പത്തുദിവസത്തിനകം നടപടി വേണമെന്ന് നിർദേശം

സംസ്ഥാനത്തെ ഒരു വിദ്യാലയത്തിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് ബാലാവകാശ കമ്മീഷൻ. മധ്യവേനലവധിക്കാലത്തെ ക്ലാസുകൾ വിലക്കി ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി.

ഈ നിർദേശത്തിന്മേൽ സ്വീകരിച്ച നടപടികൾ പത്തു ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ബാലാവകാശകമ്മീഷൻ ആവശ്യപ്പെട്ടു. മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കടുത്ത ചൂടും ജലക്ഷാമവും അവ​ഗണിച്ച് കുട്ടികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ക്ലാസുകൾ നടത്തുന്നതായി കമ്മീഷനു ലഭിച്ച പരാതികളുടേയും പത്രവാർത്തകളുടേയും അടിസ്ഥാനത്തിലാണ് നടപടി.

ഇതുസംബന്ധിച്ച് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസവകുപ്പ്, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സിബിഎസ്‌സി റീജിയണൽ ഓഫീസ്, ഐസിബിഐ എന്നിവയുടെ കീഴിലുള്ളതോ അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ എല്ലാ സ്കൂളുകളിലും നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്ന സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ 2016 ഫെബ്രുവരി 25ന് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കാതെയാണ് പല സ്കൂളുകളിലും ക്ലാസുകൾ നടത്തുന്നതായി കമ്മീഷനു ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സർക്കാരിനു ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയത്.

കൂടാതെ, സ്കൂളുകളിൽ മധ്യവേനലവധി ക്യാംപുകളും വർക്ക്ഷോപ്പുകളും നടത്തുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൃത്യമായ നിർദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം ക്യാംപുകളുടെ ദൈർഘ്യം, ജല ല​ഭ്യത, ടോയ്ലെറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചാണ് നിർദേശം പുറപ്പെടുവിക്കേണ്ടത്.

കേരള വിദ്യാഭ്യാസ ചട്ടങ്ങളിലേയും ബാലാവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവൻഷന്റേയും അടിസ്ഥാനത്തിൽ കുട്ടികൾക്കു ലഭിക്കേണ്ട അവധിയെ പറ്റിയും മധ്യവേനലവധിക്കാലത്തെ ക്ലാസുകളെ കുറിച്ചും വിശദമായി പരിശോധിച്ച് എല്ലാ വശങ്ങളും ഉൾപ്പെടുത്തി എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ബാധകമായ തരത്തിൽ കൃത്യമായ നിർദേശം പുറപ്പെടുവിക്കാനും നിർദേശമുണ്ട്.

ഹോസ്റ്റലുകളിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ള കുട്ടികൾക്ക് കുടുംബത്തോടും കൂട്ടുകാരുമൊത്ത് ചെലവഴിക്കാൻ മധ്യവേനലവധിക്കാലത്ത് അവസരം ലഭിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന അനുഭവസമ്പത്തിനു പകരമാവില്ല വേനലവധിക്കാലത്ത് സ്കൂളുകളിൽ നിന്നും ലഭിക്കുന്ന വിദ്യാഭ്യാസമെന്നും കമ്മീഷൻ വ്യക്തമാക്കി.