ജ്വാലയ്ക്കൊപ്പം അനാഥരുടെ വിശപ്പ് 'പടമാക്കി' ദിവ്യ എസ് അയ്യര്‍ ഐഎഎസ്; പിന്തുണച്ച് വരന്‍ ശബരിനാഥ് എംഎല്‍എ

അനാഥരുടെ മനുഷ്യാവകാശത്തേയും സ്വകാര്യതയേയും ഒരു ഐഎഎസ് ഓഫീസര്‍ എങ്ങനെ മാനിക്കുന്നു എന്നതിന്‍റെ ഉത്തരമാണ് ഈ ചിത്രം. അനാഥര്‍ക്കൊപ്പം ലോക ഭക്ഷണ ദിനത്തില്‍ സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് അതിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വിവാദമാകുന്നു- തിരുവനന്തപുരം സബ്കളക്ടറും ശബരിനാഥ് എംഎല്‍എയുടെ പ്രതിശ്രുത വധുവുമായ ദിവ്യാ എസ് അയ്യരുള്ള ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.

ജ്വാലയ്ക്കൊപ്പം അനാഥരുടെ വിശപ്പ്  പടമാക്കി ദിവ്യ എസ് അയ്യര്‍ ഐഎഎസ്; പിന്തുണച്ച് വരന്‍ ശബരിനാഥ് എംഎല്‍എ

അഗതികളും നിരാലംബരുമായ വൃദ്ധര്‍ക്കൊപ്പമിരുന്നു തിരുവനന്തപുരത്തെ മുന്തിയ ഹോട്ടലില്‍ സദ്യയുണ്ണല്‍. സദ്യകഴിഞ്ഞു വിവാഹ ക്ഷണപത്രിക നല്‍കി തന്റെ വിവാഹം ക്ഷണിക്കല്‍. ശേഷം പത്ര- ചാനല്‍ കാമറകളെ സാക്ഷിയാക്കി ഫോട്ടോ സെഷൻ. മിലന്‍ കുന്ദേരയെ വായിച്ചു 'വിവാദമാക്കിയ' തിരുവനനന്തപുരം ഡെപ്യൂട്ടി കലക്ടര്‍ ദിവ്യാ എസ് അയ്യരുടെ ലോക വിശപ്പ് ദിനാഘോഷം ഇങ്ങനെയായിരുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജ്വാലയെന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ അശരണര്‍ക്കായാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചതെങ്കിലും, ക്ഷണിതാവായെത്തിയ ഡെപ്യൂട്ടി കലക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ പരിപാടി തന്റേതാക്കി മാറ്റുകയായിരുന്നു. വിശന്നവന് ഭക്ഷണം കൊടുത്ത് മറ്റേക്കൈ മാത്രമല്ല, ലോകം മുഴുവനും അറിഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ. അതും പോരാഞ്ഞിട്ട് നിരാലംബരായ ആ മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാതെ അവരുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.


തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജ്വാല എന്ന സംഘടന ഏവര്‍ക്കും സുപരിചിതമാണ്. സംഘടനയുടെ നേതാവാ അശ്വതിയേയും തലസ്ഥാന നഗരിയിലുള്ളവര്‍ക്കറിയാം. തെരുവില്‍ കഴിയുന്നവര്‍ക്ക് പൊതിച്ചോറെത്തിക്കുക, അവര്‍ക്ക് അഭയസ്ഥാനമൊരുക്കിക്കൊടുക്കുക, ജീവിക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങള്‍ക്ക് ഉപജീവന മാര്‍ഗ്ഗമൊരുക്കിക്കൊടുക്കുക തുടങ്ങിയ പ്രതിഫലേഛയില്ലാതെ നടത്തുന്ന ഒരു സംഘടനയാണ് ജ്വാല അറിയപ്പെടുന്നത്. എല്ലാവര്‍ഷവും ലോക വിശപ്പു ദിനത്തോടനുബന്ധിച്ചു ട്രിവാന്‍ഡ്രം ഹോട്ടലില്‍ വച്ചു ഇത്തരത്തില്‍ ഒരു പരിപാടി ജ്വാല സംഘടിപ്പിക്കാറുമുണ്ട്. പക്ഷേ ഇക്കാര്യങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടിയത് ഇത്തവണത്തെ അതിഥിയായി ദിവ്യ എസ് അയ്യര്‍ കടന്നുവന്നതോടെയാണ്.

ആരോരുമില്ലാതെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ജീവിതം തള്ളി നീക്കുന്നവര്‍ക്ക് നഗരത്തിലെ മുന്തിയ ഹോട്ടലില്‍ ഒരു ദിവസത്തെ ഉച്ചഭക്ഷണവും ഉച്ചയ്ക്കു ശേഷം നഗരക്കാഴ്ചകള്‍ കാണലും എന്ന രീതിയിലാണ് ജ്വാല ഈ പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിനത്തില്‍ അതിഥിയായെത്തിയത് തിരുവനന്തപുരം ജില്ലാകലക്ടര്‍ ആയിരുന്ന ബിജു പ്രഭാകറായിരുന്നു. വളരെ നിശബ്ദമായ അന്തരീക്ഷത്തിലായിരുന്നു പ്രസ്തുത പരിപാടി നടന്നത്. പരസ്യങ്ങളോ മറ്റു കാര്യങ്ങളോ ഒന്നുംതന്നെയില്ലാതെ ബിജു പ്രഭാകര്‍ എത്തി പരിപാടിയില്‍ പങ്കെടുത്തു മടങ്ങി. വാര്‍ദ്ധക്ക്യ ജീവിതങ്ങളുടെ ദയനീയത ആഘോഷിക്കപ്പെടേണ്ടതല്ലെന്ന സാമാന്യ ബോധം കഴിഞ്ഞ പരിപാടിയില്‍ ഉയര്‍ന്നു നിന്നിരുന്നു. അതുകൊണ്ടുതന്നെ വാര്‍ദ്ധക്യ ജീവിതങ്ങള്‍ ആഗ്രഹിച്ച സ്വകാര്യത ആ പരിപാടിക്കുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം അതേ ജീവിതങ്ങള്‍ക്ക് കാമറകള്‍ക്കും സോഷ്യല്‍ മീഡിയ ഉള്‍പ്പെടയുള്ളവയിലും തങ്ങളുടെ അവസ്ഥ തുറന്നു കാണിക്കേണ്ടി വന്നിരിക്കുകയാണ്.


ആഘോഷിക്കപ്പെടുന്ന കല്യാണത്തിലെ വധു എന്ന നിലയില്‍ ദിവ്യയ്ക്ക് കുറേ ദിവസങ്ങളില്‍ സിനാമാ താരങ്ങളുടെ പരിവേഷമാണ് ലഭിക്കുന്നത്. മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍റെ മകനും എംഎല്‍എയുമായ കെ.എസ് ശബരിനാഥാണ് വരന്‍. മിലന്‍ കുന്ദേരയെ വായിക്കുന്നവരാണ് ഇവരെന്നുള്ള തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുസ്തകങ്ങളും സാഹിത്യവും വായിക്കുന്ന മാനവികതയുള്ളവരാണ് ഇരുവരെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ ചര്‍ച്ചകള്‍. എന്നാല്‍ വിശക്കുന്നവരുടെ ജീവാതാവസ്ഥയെ പരസ്യമാക്കി അപമാനിച്ചതാണ് വായനയിലൂടെ നേടിയ വളര്‍ച്ച എന്ന ചോദ്യം ഉയരുന്നു.

പ്രസ്തുത പരിപാടിയുടെ രണ്ടു നാള്‍ മുമ്പേ തന്നെ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക ഇടങ്ങളില്‍ സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ തെരുവിലുള്ളവര്‍ക്കൊപ്പം ഭക്ഷണം ഷെയര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

ഈ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്തയായാതുകൊണ്ടു തന്നെ പരപാടി നടന്ന ദിനത്തില്‍ ട്രിവാന്‍ഡ്രം ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുകയും ചെയ്തിരുന്നു. ക്ഷണിതാവായിത്തന്നെ സബ് കലക്ടറും എത്തി. കാമറകള്‍ക്കു മുന്നില്‍ അനാഥര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ദിവ്യ, എംഎല്‍എ കൂടിയായ ശബരിനാഥനുമായുള്ള വിവാഹത്തിന്റെ ക്ഷണപത്രിക അവര്‍ക്കു കൈമാറി. അതും ഭക്ഷണമേശയില്‍, കാമറകള്‍ക്കു മുന്നില്‍ വച്ചുതന്നെ. വിവാഹത്തിനു അനുഗ്രഹം വേണമെന്നുള്ളതായിരുന്നു ഡെപ്യൂട്ടി കലക്ടറുടെ ആവശ്യം. തന്റെ വരവിന്റെ ഉദ്ദേശ്യലക്ഷ്യം പൂര്‍ത്തിയാക്കി ഡെപ്യൂട്ടി കലക്ടര്‍ മടങ്ങിയപ്പോള്‍ കാറമകളും കൂടെ മടങ്ങി. 'തെരുവിലുള്ളവര്‍ക്കൊപ്പം ആഹാരം പങ്കിട്ടു അവരെ സ്വന്തം വിവാഹത്തിനു ക്ഷണിച്ചു ദിവ്യ എസ് അയ്യര്‍'- എന്ന വാര്‍ത്ത മാത്രം ആ തെരുവ് ജീവിതങ്ങള്‍ക്കൊപ്പം ബാക്കിയായി.

യഥാര്‍ത്ഥത്തില്‍ അശ്വതി ഉള്‍പ്പെടുന്ന സംഘാടകര്‍ പ്രതീക്ഷിക്കാത്ത രീതിയിലാണ് വിശപ്പു ദിനത്തില്‍ കാര്യങ്ങള്‍ മുന്നേറിയതത്രേ. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നതു പോലെ ചെറിയ രീതിയിലുള്ള ഒരു ആഘോഷമാണ് ജ്വാല നടത്തുന്നതെന്നാണ് കരുതിയത്. "കഴിഞ്ഞ വര്‍ഷവും തെരുവില്‍ കഴിയുന്നവര്‍ക്കു ഹോട്ടലില്‍ ഭക്ഷണം നല്‍കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം കലക്ടറെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ആള്‍ സ്ഥലത്തില്ലാത്തതിനാല്‍ ഡെപ്യൂട്ടി കലക്ടറെ വിളിക്കുകയായിരുന്നു''- ജ്വാലയ്ക്ക് നേതൃത്വം നല്‍കുന്ന അശ്വതി പറയുന്നു.

തെരുവില്‍ അലയുന്നവരുടെ കാര്യത്തില്‍ ആദ്യ ഉത്തരവാദിത്വമുള്ളത് കലക്ടര്‍ക്കാണ്. പക്ഷേ കലക്ടര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ഥലത്തുണ്ടാകില്ലെന്നറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡെപ്യൂട്ടി കലക്ടറെ ബന്ധപ്പെടുന്നത്. മെയ് 28 ലോക വിശപ്പു ദിനമാണെന്നു അറിയാത്തവരാണ് സമൂഹത്തില്‍ പലരും. ആ ഒരു സന്ദേശം നല്‍കുക എന്നുള്ളതു മാത്രമേ ജ്വാല ഉദ്ദേശിച്ചിരുന്നുള്ളു. വിശപ്പിനു മുന്നില്‍ എല്ലാവരും തുല്യരാണ്. പക്ഷേ ഡെപ്യൂട്ടി കലക്ടര്‍ വിവാഹ ക്ഷണപത്രിക കൈമാറിയപ്പോള്‍ ഈ പരിപാടി വേറൊരു തലത്തിലേക്കു മാറുകയായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക എന്നുള്ളതായിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചത്. എന്നാല്‍ കത്ത് കൊടുത്തു കഴിഞ്ഞപ്പോള്‍ അത് വേറൊരു തലത്തിലേക്കു മാറി'.
-അശ്വതി, ജ്വാല ഫൗണ്ടേഷന്‍

അശ്വതിയുടെ പ്രസ്താവന വച്ചു നോക്കുകയാണെങ്കില്‍ സാധാരണ രീതിയില്‍ നടത്താനുദ്ദേശിച്ചിരുന്ന പരിപാടിയാണ് ഇക്കഴിഞ്ഞതെന്നുള്ളത് വ്യക്തമാണ്. എന്നാല്‍ ഡെപ്യൂട്ടി കലക്ടറുടെ വരവ് ആ സ്ഥിതി മാറ്റി മറിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു തന്നെ വന്‍ തോതില്‍ ദിവ്യ പങ്കെടുക്കുന്നു എന്ന തരത്തിലുള്ള പരസ്യം തലസ്ഥാന ജില്ലകളിലെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതുവഴി വന്‍ വാര്‍ത്താ പ്രാധാന്യം പരിപാടിക്കു കൈവന്നു. തുടര്‍ന്നു പരിപാടിക്കിടയില്‍ വിവാഹക്കത്ത് നല്‍കല്‍ കൂടിയായതോടെ ഡെപ്യൂട്ടി കലക്ടറുടെ 'സാമൂഹിക പ്രതിബദ്ധത'യെ വാനോളം പുകഴ്ത്തി ആരാധകരും രംഗത്തെത്തി. കൈവിട്ടുപോയ സ്വന്തം ജീവിതം ആലോചിച്ചു നെടുവീര്‍പ്പിടുന്ന കുറേ ജന്മങ്ങളെ വാര്‍ത്തകള്‍ക്കു മുന്നില്‍ കൊണ്ടുവന്ന് ചിത്രമാക്കിയതിലൂടെ ആര്‍ക്കു സന്തോഷം ലഭിച്ചുവെന്നുള്ളത് വ്യക്തമാണ്.

അശ്വതി ഒറ്റയ്ക്കു നടത്തുന്ന ഒരു സ്ഥാപനമാണ് ജ്വാലയെന്നും വലിയ ഫണ്ടുകളൊന്നും ലഭിക്കാതെ സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ടുമാത്രം നിലനിന്നുപോകുന്ന സ്ഥാപനത്തെ പിന്തുണയ്ക്കാനാണ് ദിവ്യ കഴിഞ്ഞ ദിവസത്തെ പരിപാടയില്‍ പങ്കെടുത്തതെന്നും അരുവിക്കര എല്‍എല്‍എയും ദിവ്യയുടെ ഭാവി വരനുമായ ശബരിനാഥ് നാരദയോടു പറഞ്ഞു. ജ്വാല ഫൗണ്ടേഷന്റെ പരിപാടിയില്‍ ദിവ്യ പങ്കെടുത്ത ചിത്രങ്ങള്‍ പ്രചരിക്കുന്ന സംഭവം പാടെ തള്ളിക്കളയുക കൂടിയാണ് ശബരിനാഥ്. ജ്വാലഫൗണ്ടേഷനു പരസ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും പരസ്യം വഴി ഫണ്ട് സ്വീകരിക്കാത്ത ജ്വാലയ്ക്കു ചിത്രങ്ങള്‍ പ്രചരിപ്പിക്കേണ്ട ആവശ്യമില്ലെന്നും ശബരി നാഥ് പറയുന്നു.

അരുവിക്കര എംഎല്‍എ ശബരിനാഥുമായുള്ള വിവാഹം അപ്രതീക്ഷിതമായി പ്രഖ്യാപനമായതോടെയാണ് ദിവ്യ എസ് അയ്യര്‍ ഈ അടുത്ത കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനുപിന്നാലെ നിയുക്ത ദമ്പതികളുടേതായി വന്ന 'മിലന്‍ കുന്ദേര' പരാമര്‍ശം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവര്‍ക്കും കുന്ദേരയെ ഉഷ്ടമായിരുന്നു. ഇരുവരും അതു തുറന്നു പറഞ്ഞപ്പോള്‍ മിലന്‍ കുന്ദേരയെ വായിക്കുന്ന ഒരു എംഎല്‍എ കേരളത്തിലുണ്ടോ എന്നുള്ളതായിരുന്നു ദിവ്യ എസ് അയ്യരുടെ സംശയം. തിരിച്ചു അതേ സംശയം ശബരിനാഥിനുമുണ്ടായിരുന്നു. ഈ സംശയങ്ങള്‍ നാടറിഞ്ഞതോടെയാണ് ഇരുവരും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞത്. മലയാളികള്‍ക്കു ചിരപരിചിതനായ ചെക്കോസ്ലോവാക്ക്യന്‍ സാഹിത്യകാരനെ ദിവ്യ അന്നു 'പരിചയപ്പെടുത്തി'ത്തന്നത് അറിയാതെ സംഭിച്ച ഒന്നാണെങ്കില്‍ കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ സംഭവിച്ചത് അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണെന്നേ കരുതാന്‍ തരമുള്ളു.


'തെരുവില്‍ അലയുന്നവര്‍' എന്ന വാക്ക് ദിവസത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്നവരാണ് മലയാളികള്‍. കഴിയുന്ന രീതിയില്‍ ആ അവസ്ഥയ്ക്കു മാറ്റം വരുത്താന്‍ തന്നാലാവുന്ന വിധം ഭൂരിപക്ഷവും പ്രയത്‌നിക്കാറുമുണ്ട്. അവര്‍ക്കും അവകാശങ്ങളും സ്വകാര്യതയും സ്വപ്‌നങ്ങളുമുള്ളവാരാണെന്നു മറന്നു പോയവര്‍ വിമര്‍ശിക്കപ്പെടുകയാണ്.

വാര്‍ത്തകളില്‍ ഇടം നേടാനും സ്വന്തം മുഖം പതിപ്പിക്കാനും സംഘടനകളും വ്യക്തികളും ചെയ്യുന്ന 'ഇത്തരം ഇമേജ് നിര്‍മ്മാണം' കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാകും.