പ്രദര്‍ശനവിഹിതത്തെച്ചൊല്ലി തര്‍ക്കം; മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് ബാഹുബലിയും പുതിയ മലയാളചിത്രങ്ങളും പിന്‍വലിച്ചു

നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. എ ക്ലാസ് തിയേറ്ററുകള്‍ക്ക് തുല്യമായ വിഹിതം നല്‍കണമെന്ന വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും ആവശ്യം മള്‍ട്ടിപ്ലക്‌സുടമകള്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

പ്രദര്‍ശനവിഹിതത്തെച്ചൊല്ലി തര്‍ക്കം; മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് ബാഹുബലിയും പുതിയ മലയാളചിത്രങ്ങളും പിന്‍വലിച്ചു

പ്രദര്‍ശനവിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പിന്‍വലിച്ചു. നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. എ ക്ലാസ് തിയേറ്ററുകള്‍ക്ക് തുല്യമായ വിഹിതം നല്‍കണമെന്ന വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും ആവശ്യം മള്‍ട്ടിപ്ലക്‌സുടമകള്‍ നിരാകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

കൊച്ചി പിവിആര്‍, ഒബ്‌റോണ്‍, ലുലുമാള്‍, തൃശൂര്‍ ശോഭസിറ്റി, സിനിപോളീസ് തുടങ്ങിയ തിയേറ്ററുകളില്‍ നിന്നെല്ലാം സിനിമകള്‍ പിന്‍വലിക്കപ്പെട്ടു. മള്‍ട്ടിപ്ലക്‌സുകള്‍ ആദ്യത്തെ ആഴ്ചയില്‍ 55 ശതമാനം തിയേറ്റര്‍ വിഹിതമാണ് ഉടമകള്‍ നല്‍കുന്നത്. രണ്ടാമത്തെ ആഴ്ച 45 ശതമാനവും മൂന്നാമത്തെ ആഴ്ച 30 ശതമാനം വിഹിതവുമാണ് മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കിവരുന്നത്.

എന്നാല്‍ ഇത് നഷ്ടമാണെന്നും മറ്റ് തിയേറ്ററുകളെപ്പോലെ തന്നെ ആദ്യത്തെയാഴ്ച 60 ശതമാനവും രണ്ടാമത്തെ ആഴ്ച 55 ശതമാനവും മൂന്നാമത്തെ ആഴ്ച 50 ശതമാനവും വിഹിതം നല്‍കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. തര്‍ക്കം നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് അച്ചായന്‍സ്, ഗോദ തുടങ്ങിയ പുതിയ മലയാളം ചിത്രങ്ങള്‍ ചില മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിരുന്നില്ല. മുപ്പതിലേറെ മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനിംഗുകളാണ് സംസ്ഥാനത്തുടനീളമുള്ളത്.