വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം

മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മനോജ് എബ്രഹാമിന് 61.89ലക്ഷത്തിന്റെ അധികസ്വത്ത് എങ്ങനെയുണ്ടായെന്ന് എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് കോടതിയുടെ ഉത്തരവ്

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; ഐജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രാമിനെതിരെ വിജിലന്‍സ് അന്വേഷണം. ത്വരിത പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് കോടതിയുടെ ഉത്തരവ്.മനോജ് എബ്രഹാമിനുള്ള 61.89 ലക്ഷം രൂപയുടെ സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു.

പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ത്വരിതപരിശോധനയും അന്വേഷണവും.മനോജ് എബ്രഹാം പത്തനംതിട്ട ജില്ലയിലെ ക്വാറി ഉടമകളുമായി വഴിവിട്ട് ബന്ധം പുലര്‍ത്തിയിരുന്നതായാണ് പരാതി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് ക്വാറികള്‍ക്കെതിരെ ജില്ലാ പൊലീസ് സൂപ്രണ്ട് ആരംഭിച്ച പൊലീസ് നടപടികള്‍ മനോജ് എബ്രഹാം ഇടപെട്ട് തടഞ്ഞു. ഇതിന് ക്വാറി ഉടമകളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിവെക്കുന്ന രീതിയിലാണ് ഐജി മനോജ് എബ്രാഹാമിനെതിരെയുള്ള കോടതി നടപടി.

നിലവില്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം മേധാവിയായ മനോജ് എബ്രഹാം കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ആരോപണവിധേയനാണ്. കൊല്ലത്തെ കൊക്കൂണ്‍ സമ്മേളനത്തിനെതിരെ എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് തന്നെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Read More >>