'കൂടെ'യിലെ ​ഗാനം ഇറങ്ങിയതോടെ പാർവതിക്കെതിരെ വീണ്ടും ഡിസ്‌ലൈക്‌ ക്യാംപയിൻ; മമ്മൂക്ക കൂടെ ഉണ്ടാവണമെന്ന് മാലാ പാർവതി

'പാർവതി ഫെമിനിച്ചി സോങ്, ഡിസ്‌ലൈക്‌ അടിച്ച് പൊളിക്ക് മക്കളേ' എന്നാണ് മമ്മൂക്ക മൂവി പ്രമോഷൻ എന്ന വാട്ട്സാപ്പ് ​ഗ്രൂപ്പിലൂടെയുള്ള പ്രചരണം.

കൂടെയിലെ ​ഗാനം ഇറങ്ങിയതോടെ പാർവതിക്കെതിരെ വീണ്ടും ഡിസ്‌ലൈക്‌ ക്യാംപയിൻ; മമ്മൂക്ക കൂടെ ഉണ്ടാവണമെന്ന് മാലാ പാർവതി

മമ്മൂട്ടിയുടെ കസബ സിനിമയിലെ സ്ത്രീവിരുദ്ധ ഭാ​ഗങ്ങൾ ചൂണ്ടിക്കാട്ടിയതിന് സൈബർ ആക്രമണത്തിന് ഇരയായ നടി പാർവതിയെ വിടാതെ വീണ്ടും ആരാധകർ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് സൈബർ അക്രമിക്കൂട്ടം യൂ ട്യൂബിൽ 'ഡിസ്‌ലൈക്‌' ആഹ്വാനവുമായി എത്തിയത്. തുടർന്ന് ​ഗാനത്തിന്റെ യൂ ട്യൂബ് ലിങ്ക് ഷെയർ ചെയ്ത് മമ്മൂട്ടി ഫാൻസിന്റെ വാട്ട്സാപ്പ് ​ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ചിത്രത്തിനെതിരെയും പാർവതിക്കെതിരെയും ഹേറ്റ് ക്യാംപയിൻ നടക്കുന്നത്. പാർവ്വതിയുടെ ഒരു ചിത്രവും വിജയിപ്പിക്കരുതെന്നും ഗാനത്തിനടക്കം അണ്‍ലൈക്ക് ചെയ്യണമെന്നുമാണ് ഇവരുടെ പ്രചാരണം.

പാർവതി ഫെമിനിച്ചി സോങ്, ഡിസ്‌ലൈക്‌ അടിച്ച് പൊളിക്ക് മക്കളേ എന്നാണ് മമ്മൂക്ക മൂവി പ്രമോഷൻ എന്ന വാട്ട്സാപ്പ് ​ഗ്രൂപ്പിലൂടെയുള്ള പ്രചരണം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലാ പാർവ്വതിയാണ് ഇതു സംബന്ധിച്ച പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വിഷയത്തില്‍ മമ്മൂട്ടി ഇടപെടണമെന്ന് കാണിച്ചാണ് മാലാ പാർവ്വതി രംഗത്തെത്തിയത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ കൂടെയിലെ ഗാനത്തിനെതിരെ നടന്ന ആഹ്വാനത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മാലാ പാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍വ്വതിക്കൊപ്പം നില്‍ക്കാനുളള ഹാഷ്‌ടാഗിനും മാലാ പാർവതി തുടക്കമിട്ടിട്ടുണ്ട്.

'പ്രിയ മമ്മൂക്ക. ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാൻ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #Standwithparvathi. ഇത് ഞാൻ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ... പാർവതിയ്‌ക്കൊപ്പം നിൽക്കണം'- എന്നാണ് മാലാ പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ന് പുറത്തിറങ്ങിയ ഗാനത്തിനെതിരെ അണ്‍ലൈക്ക് ആഹ്വാനം നടന്നതോടെ രണ്ടായിരത്തോളം അണ്‍ലൈക്കുകളാണ് നിലവില്‍ ഗാനത്തിനുളളത്. 5200ഓളം ലൈക്കുകള്‍ മാത്രമാണ് മനോഹര ദൃശ്യങ്ങളോടു കൂടിയ കാര്‍ത്തിക് പാടിയ ഗാനത്തിനുളളത്. റോഷ്‌നി ദിനകർ സംവിധാനം ചെയ്ത പാർവ്വതി-പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറിക്കെതിരേയും നേരത്തെ മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഗാനത്തിനും ചിത്രത്തിനും എതിരെ വ്യാപകമായ രീതിയില്‍ ക്യാംപെയിനിങ് നടക്കുകയും ചെയ്തു. കഴിഞ്ഞയാഴ്‌ച സിനിമയിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊള്ളില്ലെന്ന അഭിപ്രായമാണ് ഇവര്‍ പറഞ്ഞത്.

തിയേറ്ററില്‍ ഈ ചിത്രത്തെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രചാരണമുണ്ടായിരുന്നു. നേരത്തേയും ആരാധകര്‍ സോഷ്യൽ മീഡിയയില്‍ തെറിവിളികളും അക്രമവുമായി എത്തിയപ്പോഴൊന്നും മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെ പൃഥ്വിരാജിനോടും പാർവ്വതിയോടുമുള്ള ദേഷ്യം 'മൈ സ്‌റ്റോറി'യോട് തീർക്കുന്നുവെന്ന് ആരോപിച്ച് സംവിധായക റോഷ്‌നി ദിനകർ രം​ഗത്തെത്തിയിരുന്നു.



Read More >>