നടിയെ ആക്രമിച്ച കേസ്; വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്: രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുറച്ച് അന്വേഷണസംഘം

അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമുള്ള വാദമാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ ഹര്‍ജിയില്‍ ഉയര്‍ത്തുക.

നടിയെ ആക്രമിച്ച കേസ്; വീണ്ടും ജാമ്യാപേക്ഷയുമായി ദിലീപ്: രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുറച്ച് അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. ഇത് മൂന്നാംതവണയാണ് ജാമ്യംതേടി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമുള്ള വാദമാകും ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ ഹര്‍ജിയില്‍ ഉയര്‍ത്തുക. അതേസമയം കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.


സംവിധായകന്‍ നാദിര്‍ഷയെ ചോദ്യംചെയ്യുന്നതാണ് ഇനിയുള്ള പ്രധാന നടപടി. ഇതുവരെ സമാഹരിച്ച തെളിവുകള്‍ ശക്തമാണെന്ന നിലപാടിലാണ് അന്വേഷണസംഘം. മുദ്രവച്ച കവറില്‍ കോടതിയില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. ജൂലായ് 10 നാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാവുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തില്‍ അര്‍ഹതയുണ്ട്. ഇതുവരെ പുറത്തുവരാത്ത ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വാദം.


നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ സൂചനകളനുസരിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതിലും പൊരുത്തക്കേടുകളുള്ളതിനാലാണ് വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യഹര്‍ജിയും ഹൈക്കോടതിയുടെ പ്രാഥമിക പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിനിടെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മറ്റൊരു കേസില്‍ സുനില്‍കുമാറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read More >>