ഇനിയൊന്നും രഹസ്യമാക്കേണ്ട; പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശപ്രകാരം നൽകണമെന്ന് ഡിജിപി

പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പലതും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാൽ വിവരാവകാശം പ്രകാരം നൽകാനാവില്ലെന്നുമുള്ള നിലപാട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ ഇടപെടൽ.

ഇനിയൊന്നും രഹസ്യമാക്കേണ്ട; പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശപ്രകാരം നൽകണമെന്ന് ഡിജിപി

പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് വിവരങ്ങൾ ഇനി രഹസ്യമല്ല. അതീവ രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശ പ്രകാരം നൽകാൻ ഡിജിപി ടി പി സെൻകുമാറിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട 2009 ലെ ഡിജിപിയുടെ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നാണ് സെൻകുമാറിന്റെ സർക്കുലർ.

പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പലതും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാൽ വിവരാവകാശം പ്രകാരം നൽകാനാവില്ലെന്നുമുള്ള നിലപാട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ ഇടപെടൽ. ടി ബ്രാഞ്ചും 2005ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നു വ്യക്തമാക്കി 2009ൽ അന്നത്തെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് പുറത്തിറക്കിയ സർക്കുലറിലെ നിർദേശമാണ് കർശനനമായി പിന്തുടരണമെന്ന് പൊലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്.

ടി ബ്രാഞ്ച് സംബന്ധിച്ച് ഉദ്യോ​ഗസ്ഥർ വിവരങ്ങൾ നൽകാതിരുന്നാൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോടു നടപടിക്കു ശുപാർശ ചെയ്യാമെന്നും 2009ലെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ടി ബ്രാഞ്ചിലെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സർക്കാരിനും ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥർക്കും അതൃപ്തിയുണ്ടെന്നാണറിയുന്നത്.