വനിതാ സബ്കളക്ടർക്കെതിരെ മോശം പരാമർശം: എസ് രാജേന്ദ്രന് കുരുക്ക് മുറുകി; പരാതി നൽകുമെന്ന് രേണുരാജ്

രേണു രാജ് ബുദ്ധിയില്ലാത്തവളാണെന്നും അവൾ വെറും ഐഎഎസുകാരിയാണെന്നും ആയിരുന്നു രാജേന്ദ്രന്റെ പരാമർശം.

വനിതാ സബ്കളക്ടർക്കെതിരെ മോശം പരാമർശം: എസ് രാജേന്ദ്രന് കുരുക്ക് മുറുകി; പരാതി നൽകുമെന്ന് രേണുരാജ്

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത്‌ തടയാനെത്തിയ ദേവികുളം സബ്കളക്ടർക്കെതിരെ മോശം പരാമർശം നടത്തിയ എസ് രാജേന്ദ്രൻ എംഎൽഎയ്ക്ക് കുരുക്ക് മുറുകുന്നു. തന്നെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ച എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ റ​വ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് പരാതി നൽകുമെന്ന് സബ് കളക്ടർ രേണു രാജ് അറിയിച്ചു. അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യാ​ൻ ചെ​ന്ന​പ്പോ​ൾ വ​നി​ത​യാ​ണെ​ന്ന രീ​തി​യി​ൽ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി.

രേണു രാജ് ബുദ്ധിയില്ലാത്തവളാണെന്നും അവൾ വെറും ഐഎഎസുകാരിയാണെന്നും ആയിരുന്നു രാജേന്ദ്രന്റെ പരാമർശം. മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ച റവന്യൂ സംഘം എത്തിയപ്പോഴായിരുന്നു സംഭവം. ഇവരെ എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എംഎൽഎ സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്.

തുടർന്ന്, ലോക്കൽ ചാനൽ പ്രവർത്തകർ ഇത് പകർത്താൻ ശ്രമിച്ചപ്പോൾ പന്തികേട് മണത്ത എംഎൽഎ സ്ഥലത്തുനിന്ന് രക്ഷപെട്ടു. എന്നാൽ, വീഡിയോ ദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. സബ്കളക്ടർക്കെതിരെ പരാതി നൽകുന്നതിനു പുറമെ, റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അതിനെ അവ​ഗണിച്ച് കെട്ടിട നിർമാണം തുടർന്ന മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നാളെ ഹൈക്കോടതിയിൽ കോടതിയ ലക്ഷ്യനടപടി ആവശ്യപ്പെട്ട് റിപ്പോർട്ട്‌ നൽകുമെന്നും സബ് കളക്ടർ അറിയിച്ചു.

2010-ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു ​പ്ര​കാ​ര​മാ​ണ് പു​ഴ​യോ​ര​ത്തെ നി​ർ​മാ​ണ​ത്തി​ന് സബ് കളക്ടർ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​ത്. പു​ഴ​യോ​ര​ത്ത് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണം. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പാ​ലി​ക്കാ​ൻ ത​യ​റാ​യി​ട്ടി​ല്ലെന്നും സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ നേ​ടി​യി​ട്ടി​ല്ലെന്നുമാണ് റിപ്പോർട്ട്. വിഷയത്തിൽ മൂ​ന്നാ​ർ ഡി​വൈ​എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്കു ശുപാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. അനധികൃത നിർമാണത്തിന് കൂട്ടുനിന്ന എംഎൽഎയുടെ നടപടിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ങ്ങ​ൾ ത​ട​യാ​ൻ സ​ബ് ക​ള​ക്ട​ർ​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു എ​സ് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ രേ​ണു രാ​ജി​നെ അ​വ​ഹേ​ളി​ച്ച​ത്. അ​വ​ൾ ഇ​തെ​ല്ലാം വാ​യി​ച്ച് പ​ഠി​ക്ക​ണ്ടേ, അ​വ​ള് ബു​ദ്ധി​യി​ല്ലാ​ത്ത​വൾ. വെറും ഐഎഎസ് കിട്ടിയെന്നു പറഞ്ഞ്‌ കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു. ക​ള​ക്ട​റാ​കാ​ൻ വേ​ണ്ടി മാ​ത്രം പ​ഠി​ച്ച് ക​ള​ക്ട​റാ​യ​വ​ർ​ക്ക് ഇ​ത്ര മാ​ത്ര​മേ ബു​ദ്ധി​യു​ണ്ടാ​കൂ... ഇങ്ങനെപോകുന്നു എം​എ​ൽ​എ​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ.

അതേസമയം, അധിക്ഷേപ പരാമർശം വിവാദമായതോടെ സബ്കളക്ടർക്കെതിരെ ആരോപണവുമായി എംഎൽഎ രം​ഗത്തെത്തിയിട്ടുണ്ട്. സബ് കളക്ടർ തന്നെയാണ് അധി​ക്ഷേപിച്ചതെന്നാണ് എംഎൽഎയുടെ വാദം. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ 'താൻ പോയി പണിനോക്കാൻ പറഞ്ഞു' എന്നാണ് എംഎൽഎ. ആരോപിക്കുന്നത്. എന്നാൽ, ഇത് രേണുരാജ് നിഷേധിച്ചു. എസ് രാജേന്ദ്രനെ എംഎൽഎ എന്നുമാത്രമാണ് വിളിച്ചത്. നിർമാണം തുടർന്നാൽ നടപടിയെടുക്കുമെന്നാണ് പറഞ്ഞതെന്നും സബ് കളക്ടർ അറിയിച്ചു.

മുമ്പും അനധികൃത കൈയേറ്റത്തിനെതിരെ നടപടിയെടുക്കാൻ ചെന്ന മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെയും എസ് രാജേന്ദ്രൻ അധിക്ഷേപ പരാമർശം നടത്തിയത് വിവാദമായിരുന്നു. ശക്തമായ നടപടിയുമായി മുന്നോട്ടുപോകാന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു എസ് രാജേന്ദ്രന്റെ പരാമർശം. സബ് കളക്ടര്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അയാളുടെ അഭിനയം വിലപ്പോകില്ലെന്നുമായിരുന്നു എസ് രാജേന്ദ്രൻ പറഞ്ഞത്. ശ്രീറാമിന്റെ നിലപാട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.