കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്നിരുന്ന കേസ്, ഭരണഘടനാ ബഞ്ചിലേക്കു മാറ്റി കോടതി ഉത്തരവിട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പ്രയാറിന്റെ പ്രസ്താവന.

കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ല: പ്രയാര്‍ ഗോപാലകൃഷ്ണന്‍

കോടതിവിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാടെന്നും പ്രയാർ പറഞ്ഞു. സ്ത്രീകൾ കയറിയാൽ ശബരിമല തായ്ലൻഡ് പോലെയാകുമെന്നും അങ്ങിനെയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സെക്സ് ടൂറിസത്തെപ്പറ്റി പറയാതെ പറഞ്ഞ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ദേവസ്വം പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്നിരുന്ന കേസ്, ഭരണഘടനാ ബഞ്ചിലേക്കു മാറ്റി കോടതി ഉത്തരവിട്ടിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പ്രയാറിന്റെ പ്രസ്താവന. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ കയറാനുള്ള അവകാശത്തിനു വേണ്ടിയാണ് സുപ്രീം കോടതിയിൽ കേസ് നടക്കുന്നത്.

സ്ത്രീകളെ വിലക്കുന്നത്, ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയ്ക്കുള്ള മൗലികാവകാശത്തെ നിഷേധിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിശോധിക്കും. ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ നിഷേധത്തെ സംബന്ധിച്ചും കോടതി അന്വേഷിക്കും. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിന്മേലും വാദം കേൾക്കുമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

മുത്തലാഖ് വിഷയത്തിലും സ്വകാര്യത മൗലികാവകാശമാക്കുന്ന വിഷയത്തിലും നിലപാടെടുത്ത ഭരണഘടനാ ബഞ്ചിന്റെ അടുത്ത വിധിയെ സാമൂഹ്യപ്രവർത്തകർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഒറ്റത്തവണയായുള്ള മുത്തലാഖ് മതം അനുശാസിക്കുന്നതല്ല എന്ന് മുസ്ലീം സംഘടനകൾ നിലപാടെടുത്തിരുന്നു. എന്നാൽ ശബരിമലയിൽ സ്ത്രീകൾ കയറേണ്ടെന്നാണ് പ്രധാനപ്പെട്ട ഹിന്ദു സംഘടനകളും ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിയടക്കമുള്ളവരും എടുക്കുന്ന നിലപാട്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിന്റെ പ്രസിഡന്റാണ് ഇതേ അഭിപ്രായവുമായി രംഗത്തു വരുന്നത്. ഇതിനു മുൻപും പ്രയാർ ഗോപാലകൃഷ്ണൻ ഈ നിലപാടു തന്നെയാണ് എടുത്തിട്ടുള്ളത്.

Read More >>