തന്റെപേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരേ പി എം മനോജ് നിയമനടപടിക്ക്; മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി

'പിണറായിക്ക് 30 ലക്ഷത്തിന്റെ വക്കീലെന്ന് മുഖപുസ്തകത്തില്‍ തള്ളുന്ന സംഘി കുഞ്ഞുങ്ങള്‍ക്ക് ഗോവിന്ദച്ചാമിയുടെ 25 ലക്ഷത്തിന്റെ ആളൂരെ പറ്റി ഒന്നും പറയാനില്ലേ' എന്ന പോസ്റ്റാണ് പി എം മനോജിന്റേതെന്ന പേരില്‍ ഫേസ് ബുക്കില്‍ പ്രചരിച്ചിരുന്നത്.

തന്റെപേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരേ പി എം മനോജ് നിയമനടപടിക്ക്; മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി

ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വ്യാജം. തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പി എം മനോജ് മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി.

'പിണറായിക്ക് 30 ലക്ഷത്തിന്റെ വക്കീലെന്ന് മുഖപുസ്തകത്തില്‍ തള്ളുന്ന സംഘി കുഞ്ഞുങ്ങള്‍ക്ക് ഗോവിന്ദച്ചാമിയുടെ 25 ലക്ഷത്തിന്റെ ആളൂരെ പറ്റി ഒന്നും പറയാനില്ലേ' എന്ന പോസ്റ്റാണ് പി എം മനോജിന്റേതെന്ന പേരില്‍ ഫേസ് ബുക്കില്‍ പ്രചരിച്ചിരുന്നത്. പി എം മനോജിന്റെ യഥാര്‍ത്ഥ പോസ്റ്റാണിതെന്ന് കരുതി വിവിധ ഗ്രൂപ്പുകളില്‍ അദ്ദേഹത്തിനെതിരേ ചര്‍ച്ചകളും സജീവമായിരുന്നു.

പോസ്റ്റിന്റെ ഉറവിടവും വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ആര്‍എസ്എസ് അനുഭാവികള്‍ മനപ്പൂര്‍വം പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി എം മനോജ് പരാതിയില്‍ പറയുന്നു. പോസ്റ്റ് തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരേ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയെയും തന്നെയും അപമാനിക്കുക എന്ന കുറ്റകരമായ ഉദ്ദേശത്തോടെയാണ് സംഘടിതമായും ആസൂത്രിതമായും പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. വ്യാജപ്രചാരണം നടത്തിയ ഐഡികളുടെ സ്‌ക്രീന്‍ ഷോട്ടുകളും ലിങ്കുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പരാതിയുടെ പൂര്‍ണരൂപം -


ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതുകാരണം ആര്‍ എസ് എസില്‍ നിന്ന് നിരന്തരം ഭീഷണിയും അസഭ്യപ്രയോഗവും ഉണ്ടാകാറുണ്ട്. അതെല്ലാം അവഗണിക്കുകയാണ് പതിവ്, ഏറ്റവും ഒടുവില്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് എന്ന വ്യാജേന ഒരു പോസ്റ്റ് സൃഷ്ടിച്ചു വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ചില ആര്‍ എസ് എസ് അനുഭാവികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ബഹുമാനപ്പെട്ട കേരളം മുഖ്യമന്ത്രിയെയും എന്നെയും അപമാനിക്കുക എന്ന കുറ്റകരമായ ഉദ്ദേശ്യത്തോടെയാണ് സംഘടിതമായും ആസൂത്രിതമായും ഈ പ്രചാരണം നടത്തുന്നത്. പ്രസ്തുത വ്യാജ പോസ്റ്റിന്റെ ഉറവിടവും വ്യാജമാണ് എന്ന് അറിഞ്ഞു കൊണ്ടുതന്നെ അത് പ്രചരിപ്പിച്ചു അപകീര്‍ത്തികരമായ പ്രശാവനകള്‍ നടത്തുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടിയുണ്ടാകണം എന്ന് അപേക്ഷിക്കുന്നു. വ്യാജ പ്രചാരണത്തില്‍ ഏര്‍പ്പെട്ട ഏതാനും ചില ഐഡികളുടെ സ്‌ക്രീന്‍ ഷോട്ടും വ്യാജ പ്രചാരണം നടത്തുന്ന ഏതാനും ലിങ്കുകളും ഇതോടൊപ്പം അറ്റാച് ചെയ്യുന്നു. ഈ ഐഡികള്‍ പലതും വ്യാജപ്രചാരണം നടത്താനായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് മനസ്സിലാക്കുന്നു. അക്കാര്യവും അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണം എന്ന് അപേക്ഷ.

Read More >>