സബ് കളക്ടർ ഹിന്ദുത്വരുടെ കൈയിലെ ഉപകരണം: കുരിശ് പൊളിക്കലിനു പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് ദേശാഭിമാനി; കളം മൂപ്പിച്ചത് കേന്ദ്രമന്ത്രിമാർ

പാർട്ടി തലങ്ങളിൽ നിന്നുള്ള എതിർപ്പുകൾപ്പോലും വകവയ്ക്കാതെ ഉദ്യമം തുടരുന്ന ശ്രീറാം വെങ്കട്ടരാമനെതിരെ ഇന്നലെ മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ന് ദേശാഭിമാനിയുടെ വക തട്ട്. കുരിശു പൊളിക്കലിനു പിന്നില്‍ സംഘപരിവാര്‍ അജണ്ട എന്ന തലക്കെട്ടിലുള്ള വാർത്തയിലാണ് സബ് കളക്ടർക്കെതിരെ വിവിധ ആരോപണങ്ങൾ ദേശാഭിമാനി പടച്ചുവിട്ടിരിക്കുന്നത്. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് സബ് കളക്ടറെന്നാണ് ദേശാഭിമാനിയുടെ കണ്ടുപിടിത്തം. ഇടുക്കി മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്നും ദേശാഭിമാനി പറയുന്നു.

സബ് കളക്ടർ ഹിന്ദുത്വരുടെ കൈയിലെ ഉപകരണം: കുരിശ് പൊളിക്കലിനു പിന്നിൽ സംഘപരിവാർ അജണ്ടയെന്ന് ദേശാഭിമാനി; കളം മൂപ്പിച്ചത് കേന്ദ്രമന്ത്രിമാർ

മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നേറുന്ന സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമന് സംഘപരിവാർ ബന്ധം ആരോപിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ഇന്നലെ സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ സർക്കാർ ഭൂമി കൈയേറി നിർമിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിലാണ് സബ് കളക്ടർക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി ദേശാഭിമാനി രം​ഗത്തെത്തിയിരിക്കുന്നത്.

പാർട്ടി തലങ്ങളിൽ നിന്നുള്ള എതിർപ്പുകൾപ്പോലും വകവയ്ക്കാതെ ഉദ്യമം തുടരുന്ന ശ്രീറാം വെങ്കട്ടരാമനെതിരെ ഇന്നലെ മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തിയതിനു പിന്നാലെയാണ് ഇന്ന് ദേശാഭിമാനിയുടെ വക തട്ട്. കുരിശു പൊളിക്കലിനു പിന്നില്‍ സംഘപരിവാര്‍ അജണ്ട എന്ന തലക്കെട്ടിലുള്ള വാർത്തയിലാണ് സബ് കളക്ടർക്കെതിരെ വിവിധ ആരോപണങ്ങൾ ദേശാഭിമാനി പടച്ചുവിട്ടിരിക്കുന്നത്.

ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ കൈയിലെ ഉപകരണമാണ് സബ് കളക്ടറെന്നാണ് ദേശാഭിമാനിയുടെ കണ്ടുപിടിത്തം. ഇടുക്കി മൂന്നാര്‍ വിവാദങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കം മുതലേ ബലപ്പെട്ടിരുന്ന സംശയം ശരിയിലേക്ക് വഴിമാറുന്നുവെന്നും ദേശാഭിമാനി പറയുന്നു. പത്രത്തിന്റെ 13ാം പേജിൽ നൽകിയിരിക്കുന്ന വാർത്തയിലാണ് സബ് കളക്ടർക്കും റവന്യു ഉദ്യോ​ഗസ്ഥർക്കും എതിരായി ദേശാഭിമാനി വാളോങ്ങുന്നത്.

നീക്കങ്ങൾക്കു പിന്നിൽ കേന്ദ്രമന്ത്രിമാരുടെ കൈകളുണ്ടെന്നും അവരാണ് കളം മൂപ്പിച്ചതെന്നും പത്രം ആരോപിക്കുന്നു. . കേരള ചരിത്രത്തില്‍ ആദ്യമായി കൈയേറ്റം പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ നീക്കം യാദൃശ്ചികമല്ല. സിപിഐഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും പേരില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിങ്ങിന് കുമ്മനം നിവേദനം നല്‍കിയത് ഈ തിരക്കഥയുടെ ഭാഗമാണെന്നും ദേശാഭിമാനി പറയുന്നു. പിന്നീട് രാജ്നാഥ് സിങ് ഇടപെട്ട് മറ്റൊരു കേന്ദ്രമന്ത്രി സി ആര്‍ ചൌധരിയെ മൂന്നാറിലേക്ക് അയച്ചെന്നും ആര്‍എസ്എസുമായും ബിജെപിയുമായും നല്ല ബന്ധം പുലര്‍ത്തുന്ന ചില ഉദ്യോഗസ്ഥ മേധാവികളെ ഉപയോഗപ്പെടുത്തിയാണ് കരുക്കള്‍ നീക്കിയതെന്നും ദേശാഭിമാനി ആരോപിക്കുന്നു.

മൂന്നാറിലേക്കുള്ള ബിജെപി നേതാക്കളുടെ ഒഴുക്ക് മുൻകൂട്ടിയുള്ള തീരുമാനത്തിന്റെ ഭാ​ഗമായിരുന്നു. പണ്ടേ സിപിഐഎമ്മിനോടും ഇടുക്കിയിലെ ജനപ്രതിനിധികളോടും ശത്രുത പുലര്‍ത്തുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എ ഇക്കാര്യത്തില്‍ സംഘപരിവാറിനും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പരോക്ഷമായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് ദേശാഭിമാനിയുടെ മറ്റൊരു ആരോപണം. ഈ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യാകുടുംബവും റവന്യൂ ഉദ്യോഗസ്ഥനും ബന്ധുക്കാരാണെന്നാണ് വിവരമെന്നും പത്രം പറയുന്നു.

സംഘപരിവാര്‍ പശ്ചാത്തലമുള്ള ഈ ബന്ധങ്ങളാണ് മൂന്നാറില്‍ സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍. കുരിശ് ജെസിബികൊണ്ട് ഇടിച്ചുതകര്‍ക്കുന്ന ചിത്രം രാജ്യത്താകെ പ്രദര്‍ശിപ്പിക്കാന്‍ പുലര്‍ച്ചെ നാലിന് സംഘപരിവാര്‍ നിയന്ത്രിക്കുന്ന ചാനലുകളെയും കൂട്ടിപ്പോയതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നു കൂടി ആരോപിച്ചാണ് പത്രം വാർത്ത അവസാനിപ്പിക്കുന്നത്.

കൈയേറ്റമൊഴിപ്പിക്കൽ നടപടികളുമായി മുന്നേറുന്ന സബ് കളക്ടർക്കെതിരെ ആദ്യം മുതൽ തന്നെ സിപിഐഎം നേതാക്കൾ രം​ഗത്തെത്തിയിരുന്നു. മന്ത്രി എം എം മണി, എസ് രാജേന്ദ്രൻ എംഎൽഎ അടക്കമുള്ളവരാണ് ഈ നിരയിലുള്ളത്. എന്നാൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവരാണ് സബ് കളക്ടർക്കു പിന്തുണയുമായി ആദ്യംമുതൽ തന്നെ അണിയറയിലുള്ളത്. സിപിഐഎം നേതാക്കളുടേയും മുഖ്യമന്ത്രിയുടേയും നിലപാടിനെതിരെ ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറിയും രം​ഗത്തുവന്നിരുന്നു.

റവന്യു വകുപ്പിന്റെ നടപടിയെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചതിൽ സിപിഐക്ക് അതൃപ്തിയുമുണ്ട്. സിപിഐഎം - സിപിഐ ബന്ധത്തിൽ കുറച്ചുകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ വക ശാസനാ പ്രസ്താവനയുണ്ടായത്. മൂന്നാറിൽ ഇരു കക്ഷികളും തമ്മിൽ തർക്കം നിലനിൽക്കെ ഇന്ന് എൽഡിഎഫ് യോ​ഗം നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് വിഷയത്തിൽ സംഘപരിവാർ ബന്ധം ആരോപിച്ച് പാർട്ടി മുഖപത്രം തന്നെ വാർത്ത നൽകിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിൽ മൂന്നാർ വിഷയത്തിൽ സിപിഐഎം-സിപിഐ പോര് വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നറുപ്പാണ്.