പാലക്കാട് ഡെങ്കിപ്പനിയുടെ പിടിയില്‍: ഒരു പഞ്ചായത്തില്‍ മാത്രം നൂറിലേറെ രോഗികള്‍; ഒന്നും ചെയ്യാനാകാതെ ആരോഗ്യവകുപ്പ്

മുണ്ടൂര്‍, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ്, കൊപ്പം, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയെ അപേക്ഷിച്ച് കിഴക്കന്‍ മേഖലകളിലാണ് ഡെങ്കിപ്പനിയുടെ വിളയാട്ടമുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായ ചിറ്റിലഞ്ചേരിയില്‍ മാത്രമാണ് പേരിനെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്.

പാലക്കാട് ഡെങ്കിപ്പനിയുടെ പിടിയില്‍: ഒരു പഞ്ചായത്തില്‍ മാത്രം നൂറിലേറെ രോഗികള്‍; ഒന്നും ചെയ്യാനാകാതെ ആരോഗ്യവകുപ്പ്

ജില്ലയില്‍ ഡെങ്കിപ്പനി പടരുമ്പോഴും ഒന്നും ചെയ്യാനാകാതെ സര്‍ക്കാരും ആരോഗ്യവകുപ്പും. ജില്ലയില്‍ 110ലേറെ പേര്‍ ഇപ്പോള്‍ ഡെങ്കിപ്പനി ബാധിതരാണ്. ഇതില്‍ നൂറുപേരും ചിറ്റിലഞ്ചേരി പഞ്ചായത്തിലെ നാലു വാര്‍ഡുകളില്‍ നിന്നുള്ളരാണ് എന്നതാണ് ഏറെ ഭീതിജനകം. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ 200ലേറെ പേര്‍ ജില്ലയില്‍ ഡെങ്കിപ്പനിക്കു ചികിത്സ തേടിയിട്ടുണ്ട്.

മുണ്ടൂര്‍, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ്, കൊപ്പം, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയെ അപേക്ഷിച്ച് കിഴക്കന്‍ മേഖലകളിലാണ് ഡെങ്കിപ്പനിയുടെ വിളയാട്ടമുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായ ചിറ്റിലഞ്ചേരിയില്‍ മാത്രമാണ് പേരിനെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്.


ജില്ലയില്‍ പത്തോളം പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചപ്പോള്‍ ചിറ്റിലഞ്ചേരിയില്‍ മൂന്നുപേരാണ് മരിച്ചത്. നിത്യേന പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തുന്നത് പത്തിലേറെ പേര്‍. പ്രതിദിനം പനിബാധിതരുടെ എണ്ണം വര്‍ധിച്ചുവരുമ്പോഴും ഒന്നും ചെയ്യാനാകാതെ വിയര്‍ക്കുകയാണ് ആരോഗ്യവകുപ്പ്. പനിക്കെതിരെ എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ലെന്നു കാണിച്ച് നടത്തുന്ന നോട്ടീസ് വിതരണമാണ് ആരോഗ്യവകുപ്പിന്റെ മുഖ്യപ്രവര്‍ത്തനം. നോട്ടീസ് വിതരണം കഴിഞ്ഞാല്‍ മറ്റൊന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തലാണ്. ഏറ്റവും കൂടുതല്‍ പനിബാധിതരുള്ള ചിറ്റിലഞ്ചേരിയില്‍ ഇതുവരെ മൂന്നു ക്യാമ്പുകളാണ് നടത്തിയത്.

സംഭവം ഇത്രമാത്രം ഗുരുതരമായിട്ടും ഒരിടത്തും അതാതു തദ്ദേശ സ്ഥാപനങ്ങളല്ലാതെ മറ്റു പ്രധാന ജനപ്രതിനിധികള്‍ ആരും വിഷയത്തില്‍ ഇടപ്പെട്ടിട്ടില്ല. പ്രാദേശികമായി ഇടപ്പെട്ടതല്ലാതെ ഉന്നതതലത്തില്‍ ആരോഗ്യവകുപ്പും മൗനത്തിലാണ്.

പാലക്കാട് ജില്ലാ ആശുപത്രി, മറ്റു സ്വകാര്യ ആശുപത്രികള്‍ കൂടാതെ തൃശ്ശൂരിലെ ആശുപത്രികളിലും രോഗികള്‍ ചികിത്സയിലാണ്. ചിറ്റിലഞ്ചേരിയില്‍ എട്ടു കുടുംബങ്ങള്‍ക്ക് പൂര്‍ണമായും പനി ബാധിച്ചിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് തുടക്കത്തില്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വൈകിയതാണ് പനി കൂടാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്‌

ഡെങ്കിപ്പനിയുടെ ലാര്‍വ കുടിവെള്ളത്തില്‍ ഉണ്ടാകുമെന്നും മൂന്നു ദിവസത്തിലൊരിക്കല്‍ കുടിവെള്ള ടാങ്കുകളും മറ്റും വൃത്തിയാക്കണമെന്നും ശുചീകരിച്ച വെള്ളമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പനിബാധിതരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലെല്ലാം കടുത്ത കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് പലയിടത്തും കുടിവെള്ള വിതരണം നടക്കുന്നത്.

തീരെ വെള്ളം കിട്ടാത്ത നാട്ടില്‍ കിട്ടുന്ന വെള്ളം എടുത്തുപയോഗിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഇതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് പറയുന്ന കുടിവെള്ള ശുചിത്വം പാലിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നല്ല കുടിവെള്ളം കൂടി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്താലെ പ്രശ്‌നത്തിനു പരിഹാരമാകുവെന്നാണ് വിലയിരുത്തൽ.