മട്ടന്നൂരിൽ ഡെങ്കിപ്പനി പടരുന്നു; സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി പടർത്തുന്ന തരം കൊതുകിനെയും ലാർവയെയും മട്ടന്നൂർ അമ്പലം റോഡ് പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമേ മലമ്പനി പടർത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

മട്ടന്നൂരിൽ ഡെങ്കിപ്പനി പടരുന്നു; സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പ്

കണ്ണൂർ മട്ടന്നൂർ നഗരത്തിൽ ഡെങ്കിപ്പനി പടരുന്നു. നിലവിൽ പത്ത് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. തുടർന്ന് ആരോഗ്യവകുപ്പ് 40 വീടുകളിൽ നടത്തിയ പരിശോധനയിൽ പതിമൂന്നുപേർക്ക് പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി പടർത്തുന്ന തരം കൊതുകിനെയും ലാർവയെയും അമ്പലം റോഡ് പരിസരത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിനുപുറമേ മലമ്പനി പടർത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ 20 ശതമാനം വീടുകളിൽ കൊതുകിന്റെ പ്രജനനത്തിനു അനുകൂലമായ സാഹചര്യമുണ്ടെന്നു ആരോഗ്യവകുപ്പ് സംഘം വിലയിരുത്തി.

വീടുകൾക്ക് പുറമെ വ്യാപാരസ്ഥാപനങ്ങൾ ഓവുചാലുകൾ എന്നിവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. പനി ബാധിക്കുന്നവര്‍ സര്‍ക്കാര്‍ ആസ്​പത്രികളില്‍തന്നെ ചികിത്സ തേടണമെന്നും ഡെങ്കിപ്പനി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യസംഘം അറിയിച്ചു.

മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനവ്യാപകമായി ഡെങ്കിപ്പനി പടരാറുണ്ടെങ്കിലും ഈ വർഷം മലബാറിൽ ആദ്യമായാണ് ഒരുപ്രദേശത്ത് നിന്നും ഇത്രയധികം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പൊതുശുചീകരണം ഉൾപ്പെടെയുള്ള പരിപാടികൾ നഗരസഭയും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രതിദിനം നിരവധിപ്പേർ വന്നുപോകുന്ന നഗരത്തിൽ ഡെങ്കിപ്പനി പടർത്തുന്ന കൊതുകുകളെ കണ്ടെത്തിയത് ഏറെ ആശങ്കാജനകമാണ് എന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ട അധികൃതർ.