സംസ്ഥാനത്ത് വേനൽമഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ രോ​ഗം സ്ഥിരീകരിച്ചത് 219 പേർക്ക്

പരിസര ശുചിത്വമില്ലാത്തതും വീടുകൾക്കു പുറമെ വ്യാപാരസ്ഥാപനങ്ങൾ, ഓവുചാലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോ​ഗം പടരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഡെങ്കിപ്പനി നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോ​ഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോ​ഗികളുടെ എണ്ണത്തിലെ ക്രമാധീതമായ വർധന ആശങ്കയുണ്ടാക്കുന്നതാണ്. ന​ഗര--തീരദേശ മേഖലകളെ കൂടാതെ സംസ്ഥാനത്തെ മലയോര മേഖലകളിലും രോ​ഗം പടർന്നുപിടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

സംസ്ഥാനത്ത് വേനൽമഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ രോ​ഗം സ്ഥിരീകരിച്ചത് 219 പേർക്ക്

സംസ്ഥാനത്ത് വേനൽമഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ 219 പേർക്കാണ് ഡെങ്കിപ്പനി സ്ഥീരീകരിച്ചതെന്ന് ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതിൽ ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 159 പേരാണ് ഇവിടെ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

19 പേർ കോട്ടയം ജില്ലയിലും ഇക്കാലയളവിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. കൂടാതെ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കൊല്ലം രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനി മൂലമുള്ള മരണമൊന്നും ഇക്കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഡെങ്കിപ്പനിയെ കൂടാതെ 34 പേർക്ക് എലിപ്പനിയും സംസ്ഥാനത്ത് ഇക്കാലയളിവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


പരിസര ശുചിത്വമില്ലാത്തതും വീടുകൾക്കു പുറമെ വ്യാപാരസ്ഥാപനങ്ങൾ, ഓവുചാലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതുമാണ് രോ​ഗം പടരാൻ കാരണമെന്നാണ് വിലയിരുത്തൽ. ഡെങ്കിപ്പനി നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ആരോ​ഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോ​ഗികളുടെ എണ്ണത്തിലെ ക്രമാധീതമായ വർധന ആശങ്കയുണ്ടാക്കുന്നതാണ്. ന​ഗര--തീരദേശ മേഖലകളെ കൂടാതെ സംസ്ഥാനത്തെ മലയോര മേഖലകളിലും രോ​ഗം പടർന്നുപിടിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

കണ്ണൂർ മട്ടന്നൂർ നഗരത്തിൽ മാത്രം പത്ത് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതുകൂടാതെ, ‌ആരോ​ഗ്യവകുപ്പ് അധികൃതർ 40 വീടുകളിൽ നടത്തിയ പരിശോധനയിൽ 13 പേർക്ക് പനി ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരിലേക്ക് പനി പടരുന്നതിനാൽ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

ആരോ​ഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളേയും ലാർവയേയും ഇവിടുത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ മലമ്പനി പടർത്തുന്ന കൊതുകിനെയും പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ 20 ശതമാനം വീടുകളിൽ കൊതുകിന്റെ പ്രജനനത്തിനു അനുകൂലമായ സാഹചര്യമുണ്ടെന്നു ആരോഗ്യവകുപ്പ് സംഘത്തിന്റെ വിലയിരുത്തൽ.

രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നാണ് ആരോ​ഗ്യവകുപ്പ് നിർദേശം. കാരണം, ഈ രോഗത്തിനെതിരെ മനുഷ്യ ശരീരത്തിന്‌ പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. ഡെങ്കിപ്പനിക്കെതിരെ വാക്‌സിൻ ഒന്നുംതന്നെ നിലവിലില്ല എന്നതാണ് മറ്റൊരു സത്യം. അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ ആർക്കും പിടിപെട്ടേക്കാം എന്നാണ് ആരോ​ഗ്യരം​ഗത്തെ വി​ദ​ഗ്ധരുടെ മുന്നറിയിപ്പ്. മഴക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ശുചിത്വ പൂർണമായ അന്തരീക്ഷം തീർക്കുക എന്നതാണ് ഇതിനെ ചെറുക്കാൻ ആദ്യമായി ചെയ്യേണ്ടത്.

ഫ്ലേവി എന്ന വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. ഈഡിസ് വിഭാഗത്തിലെ ഈജിപ്തി എന്ന ഇനം പെൺ കൊതുകുകളാണ് ഈ വൈറസ് പടർത്തുന്നത്. സാധാരണ ഡെങ്കിപ്പനിയില്‍ തൊലിപ്പുറത്ത്‌ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡെങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമുണ്ടാക്കുന്ന ഡങ്കി ഹെമിറേജ്‌ പനി മരണത്തില്‍ കലാശിച്ചേക്കാം. ഇത്തരം കൊതുകുകളും വൈറസുകളും വരാതെ നോക്കുകയെന്നതാണ് ചെയ്യേണ്ട പ്രധാനകാര്യം. രോഗം കണ്ടെത്താന്‍ വൈകുന്നതും തെറ്റായ രോഗനിര്‍ണയം മൂലമുളള ചികിത്സയും രോഗത്തെ സങ്കീര്‍ണമാക്കുന്നു. കൂടാതെ ഒന്നിലേറെ തവണ രോഗം ബാധിക്കുമ്പോഴും രോഗം മാരകമാകുന്നു. രോഗബാധിതരായ അഞ്ച് ശതമാനത്തോളം പേര്‍ മരണമടയുന്നുണ്ട്. പ്രധാനമായും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗം ഗുരുതരമാകുന്നത്.

കൊതുക്‌ നശീകരണത്തിന്‌ ആരോഗ്യവകുപ്പ് വിവിധ പദ്ധതികൾ ചെയ്തുവരുന്നുണ്ടെങ്കിലും കാനകള്‍, ആള്‍ത്താമസമില്ലാത്ത പുരയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം. ഇതു കൂടാതെ മറ്റു പല നിർദേശങ്ങളും കൂടി ആരോ​ഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

കൊതുക് നശീകരണ മാർ​ഗങ്ങൾ

കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുക. വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശരിയായ വിധം ഇല്ലായ്‌മ ചെയ്യുക. വാട്ടർ കൂളറിലുള്ള വെള്ളം ആഴ്‌ചതോറും മാറ്റുക. കൊതുകു നശീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തും മറ്റ്‌ സംഘടനകളും ഏറ്റെടുക്കുക. പരിസരത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌. ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. വീടുകളിൽ കൊതുകുകൾക്കുള്ള സ്‌ക്രീനിങ് നടത്തുക. വീടിനുള്ളിൽ കൊതുക്‌ കടക്കാത്തവിധം സജ്ജീകരിക്കുക. പൈറത്രം പോലുള്ള കീടനാശനികൾ കൊണ്ട്‌ സ്‌പ്രേ ചെയ്യുക.

രോ​ഗ ലക്ഷണങ്ങൾ

കഠിനമായും തുടർച്ചയായും അനുഭവപ്പെടുന്ന വയറുവേദന, ചർമം വിളറിയതും ഈർപ്പമേറിയതും ആവുക, മൂക്ക്‌, വായ്, മോണ തുടങ്ങിയവയിൽ കൂടിയുള്ള രക്തസ്രാവ്രം, കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛർദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്‌മയും, അമിതമായ ദാഹം, നാഡിമിടിപ്പ്‌ കുറയൽ, ശ്വാസോച്ഛാസത്തിന്‌ വൈഷമ്യം എന്നിവ.

ഡെങ്കിപ്പനി ബാധിച്ചാൽ

ഉയർന്ന പനിയുള്ളവരെ ഉടനെ ചികിത്സയ്‌ക്ക്‌ വിധേയരാക്കുക. ഡെങ്കു സംശയമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. കൊതുകു നിർമാർജന പ്രവർത്തനത്തിൽ സഹായിക്കുക. രോഗിയെ കൊതുകുവലയ്‌ക്കുള്ളിൽ കിടത്തുക. അല്ലെങ്കിൽ കൊതുക്‌ കടക്കാത്ത മുറി സജ്ജീകരിക്കുക. പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്കു കൊടുക്കുക. പനിയും രക്തസ്രാവവും ഉണ്ടെങ്കിൽ ഡോക്‌ടറുടെ സേവനം ലഭ്യമാക്കുക. നല്ല പരിചരണമുണ്ടെങ്കില്‍ 30 ദിവസത്തിനകം രോഗം ഭേദമാകും.