ഡെങ്കിപ്പനി രാഷ്ട്രീയപ്പോരിലേക്ക്; മട്ടന്നൂരിൽ ഇന്ന് യൂത്ത് കോൺഗ്രസ് ഹർത്താൽ; രാഷ്ട്രീയപ്പാപ്പരത്തമെന്നു സിപിഐഎം

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മട്ടന്നൂർ മേഖലയിലുള്ള ആളാണെന്നതിനാലും നഗരസഭാധ്യക്ഷൻ കെ ഭാസ്കരൻ മാസ്റ്റർ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭർത്താവായതിനാലും ഡെങ്കിപ്പനി വിഷയത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രക്ഷോഭം ശക്തമാക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

ഡെങ്കിപ്പനി രാഷ്ട്രീയപ്പോരിലേക്ക്; മട്ടന്നൂരിൽ ഇന്ന് യൂത്ത് കോൺഗ്രസ് ഹർത്താൽ; രാഷ്ട്രീയപ്പാപ്പരത്തമെന്നു സിപിഐഎം

മട്ടന്നൂരിൽ പടരുന്ന ഡെങ്കിപ്പനി രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നു. ഡെങ്കിപ്പനി പടരുമ്പോഴും ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭാ പരിധിയിൽ ഇന്ന് യൂത്ത് കോൺഗ്രസ് ഹർത്താൽ നടത്തുകയാണ്. പകർച്ചവ്യാധി പിടിപെട്ടതിനെപ്പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നു ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും രംഗത്തുവന്നിട്ടുണ്ട്.

മട്ടന്നൂരിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമ്പോഴും നഗരസഭാ കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ കഴിഞ്ഞദിവസം, കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് യൂത്ത് കോൺഗ്രസ് ഹർത്താലുമായി എത്തിയിരിക്കുന്നത്.


ഇതിനിടെ മട്ടന്നൂരിനു സമീപം കല്ലൂരിൽ ഒരാൾ മരണപ്പെട്ടത് ഡെങ്കി ബാധിച്ചാണെന്നു വാർത്തകൾ പരന്നിരുന്നു. എച്ച് 1 എൻ 1 ബാധമൂലമാണ് മാറണമെന്നും പ്രചാരണം ശക്തമാണ്. പ്രാദേശിക കോൺഗ്രസ് നേതാക്കളും പനിമരണം സംഭവിച്ചതായി പ്രസ്താവിച്ചിരുന്നു. എന്നാൽ പനിബാധിച്ച് മരണം സംഭവിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

നഗരസഭയിലെ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് നഗരസഭാ ചെയർമാൻ കെ ഭാസ്കരൻ മാസ്റ്റർ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ മട്ടന്നൂർ മേഖലയിലുള്ള ആളാണെന്നതിനാലും നഗരസഭാധ്യക്ഷൻ കെ ഭാസ്കരൻ മാസ്റ്റർ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഭർത്താവായതിനാലും ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രക്ഷോഭം ശക്തമാക്കാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.