പിണറായിപ്പൊലീസേ, നിങ്ങൾ പിടികിട്ടാപ്പുള്ളിയാക്കിയ ജിഷ്ണുവിന്റെ കൊലയാളി ജന്മനാട്ടിലുണ്ട്; ഇന്ദ്രചന്ദ്രന്മാരെ ഭയക്കാതെ...

പ്രത്യേക അന്വേഷണ സംഘവും ലോക്കല്‍ പൊലിസുമൊക്കെ പ്രതികളെ പിടിക്കാന്‍ അക്ഷീണം പരക്കം പായുന്നുവെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ സി പി പ്രവീൺ ഒരാഴ്ച മുമ്പാണ് പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെത്തി വൻതുക പിന്‍വലിച്ചത്.

പിണറായിപ്പൊലീസേ,  നിങ്ങൾ പിടികിട്ടാപ്പുള്ളിയാക്കിയ ജിഷ്ണുവിന്റെ കൊലയാളി ജന്മനാട്ടിലുണ്ട്; ഇന്ദ്രചന്ദ്രന്മാരെ ഭയക്കാതെ...

സ്വന്തം നാട്ടിൽ പട്ടാപ്പകൽ സ്വൈര്യവിഹാരം നടത്തുന്ന സി പി പ്രവീൺ എന്ന ജിഷ്ണു പ്രണോയ് കേസിലെ മൂന്നാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണ സംഘത്തിന്റെ നാടകം. പ്രവീണിന്റെ ജന്മനാടായ പാലക്കാട് ജില്ലയിലെ പൊൽപ്പള്ളിയിലെത്തിയാൽ കേസിലെ പ്രതികളുടെ അറസ്റ്റു തടയാൻ ഉന്നതങ്ങളുടെ കള്ളക്കളി നേരിൽ കാണാം. കേസിൽ പിടികിട്ടാപ്പുള്ളികളുടെ സ്വത്തു കണ്ടുകെട്ടൽ നാടകത്തിന്റെ സത്യാവസ്ഥ നേരിട്ടു ബോധ്യപ്പെടാൻ കഴിഞ്ഞ ദിവസം വടക്കാഞ്ചേരി കോടതിയിലെത്തിയ നാരദാ ന്യൂസിന്റെ അന്വേഷണം പൊൽപ്പള്ളിയിൽ അവസാനിച്ചപ്പോൾ ബോധ്യപ്പെട്ടത് പൊലീസിന്റെയും സർക്കാരിന്റെയും നീചമായ കള്ളക്കളി.

പിടികിട്ടാപ്പുള്ളി പട്ടാപ്പകല്‍ ബാങ്കിലെത്തി തുക പിന്‍വലിക്കുന്നു

പ്രത്യേക അന്വേഷണ സംഘവും ലോക്കല്‍ പൊലിസുമൊക്കെ പ്രതികളെ പിടിക്കാന്‍ അക്ഷീണം പരക്കം പായുന്നുവെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ സി പി പ്രവീൺ ഒരാഴ്ച മുമ്പാണ് പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെത്തി വൻതുക പിന്‍വലിച്ചത്. പ്രവീണിന്റെ ചെറിയമ്മയുടെ മകള്‍ ഈ ബാങ്കിൽ കാഷ്യറായി ജോലി ചെയ്യുന്നുണ്ട്.

മുക്കാല്‍ മണിക്കൂറോളം പ്രവീണ്‍ ബാങ്കില്‍ ഉണ്ടായിരുന്നതായി സഹപാഠിയും സുഹൃത്തുമായ മനോജ് നാരദാ ന്യൂസിനോടു പറഞ്ഞു. ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായും പറഞ്ഞു. ഇക്കാര്യം പൊലീസ് അറിഞ്ഞതായും ബാങ്കിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കു കൊണ്ടു പോയെന്നും പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ നാട്ടിലെ ഒരു കോണ്‍ഗ്രസ് നേതാവ് നാരദാ ന്യൂസിനോടു പറഞ്ഞു. പ്രവീണ്‍ ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതു കണ്ടിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്നു ചോദിച്ചപ്പോള്‍ 'പിടിച്ചു കൊടുത്തിട്ട് ഞങ്ങള്‍ക്കെന്ത് കിട്ടാന്‍, അവരുടെ കുടുംബക്കാര് വലിയ ആള്‍ക്കാരാണ്, വെറുതെ ശത്രുതയ്ക്കൊന്നും ഞങ്ങളില്ല' എന്നായിരുന്നു മറുപടി.

നാട്ടില്‍ 'തേരാ പാര' നടക്കുന്നവനെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘവും ഒരു ലക്ഷം റിവാര്‍ഡും?

ഒരാഴ്ച മുമ്പു വരെ നാട്ടില്‍ തേരാപാര നടക്കുകയായിരുന്നു പൊലിസ് പിടികിട്ടാപ്പുള്ളിപ്പട്ടം കൊടുത്ത സി പി പ്രവീൺ. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം പുറംലോകത്ത് അത്ര പരസ്യമായി കണ്ടിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ആൾ അഞ്ചു കിലോമീറ്ററിനുള്ളില്‍ തന്നെയുണ്ടെന്നു കൂട്ടുകാർ പറയുന്നുണ്ടെന്ന് പ്രവീണിന്റെ അയല്‍വാസി നാരദാ ന്യൂസിനോടു പറഞ്ഞു.

പാലക്കാടു നിന്നും ചിറ്റൂര്‍ പോകുമ്പോള്‍ കാണുന്ന ചെറിയ ടൗണാണ് കല്ലുകൂട്ടിയാല്‍ ജംഗ്ഷന്‍. നാലു റോഡുകള്‍ സംഗമിക്കുന്ന ഈ ടൗണില്‍ വലുതും ചെറുതുമായ നൂറോളം കടകളുണ്ട്. ഈ ടൗണിലെ സ്വൈര്യവിഹാരത്തിന് ഒരു പൊലീസ് അന്വേഷണവും പ്രവീണിനു തടസമായിട്ടില്ല. നിത്യേന ഇരുപതിലേറെ സിഗററ്റ് വലിക്കുന്ന പ്രവീണ്‍ മിക്കവാറും 'കല്ലുകൂട്ടിയാല്‍' ജംഗ്ഷനില്‍ പുകവലിച്ചു നില്‍ക്കുന്നതു വൈകുന്നേരങ്ങളില്‍ കാണാമായിരുന്നത്രേ.

കൊഴിഞ്ഞാമ്പാറ പാംഷോര്‍, ചിറ്റൂരിലുള്ള സി ഡി തുടങ്ങിയ ബിയര്‍ പാര്‍ലറുകളിലും നിത്യ സന്ദര്‍ശകനായിരുന്നു, ഈ അടുത്ത ദിവസം വരെ പ്രവീണ്‍. ചെയിൻ സ്മോക്കറായിരുന്ന പ്രവീണിനു പുക വലിക്കാതെ നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ദിവസവും ബിയർ കഴിക്കുമെന്നും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതു കണ്ടിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

പ്രതി വീടിനുള്ളിൽ; വഴിയിൽ പൊലീസിന്റെ തെരച്ചിൽ നാടകം

പ്രദേശവാസികൾ പറയുന്ന ഏറ്റവും കൌതുകകരമായ സംഭവം ഇതാ. ഏതാണ്ടു പത്തുദിവസം മുമ്പൊരു വൈകുന്നേരം. മദ്യക്കുപ്പികള്‍ വാങ്ങി പ്രവീണ്‍ വീട്ടിലേക്കു പോകുന്നതു കണ്ടവരുണ്ട്. പെട്ടെന്നു നാലു പൊലീസ് വാഹനങ്ങള്‍ കല്ലുകൂട്ടിയാല്‍ ജംഗ്ഷനിലും പരിസരത്തുമായി ചീറിപ്പാഞ്ഞെത്തുന്നു.

ചന്ദനത്തടികള്‍ കയറ്റി വരുന്ന വാഹനങ്ങളോ, സ്പിരിറ്റോ ലോറിയോ പിടി കൂടാന്‍ പൊലിസ് എത്തിയെന്നാണ് നാട്ടുകാര്‍ കരുതിയത്. നാട്ടിലെ ഏറ്റവും വലിയ പൊലിസ് വേട്ട കാണാന്‍ നാട്ടുകാരും കാത്തു നിന്നു. പക്ഷെ കുറച്ചുകഴിഞ്ഞു പൊലിസ് പരിശോധന നിര്‍ത്തി തിരിച്ചു പോയി. പിന്നീടാണു പ്രവീണിനെ പിടികൂടാന്‍ എത്തിയ പൊലിസ് പരിശോധനയാണെന്നു നാട്ടുകാര്‍ക്കു മനസിലായത്. ഒന്നും കിട്ടാതെ തിരികെ പോകുമ്പോള്‍ പൊലിസുകാര്‍ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്.

പക്ഷെ ഈ സമയം വെറും അര കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ സ്വന്തം വീട്ടില്‍ പ്രവീണ്‍ ഉണ്ടായിരുന്നതായി ഒരു അയല്‍വാസി നാരദയോട് പറഞ്ഞു. ഇക്കാര്യം മറ്റു രണ്ടു പേരും നാരദാ ന്യൂസിനോടു സ്ഥിരികരിച്ചു.

പ്രവീൺ പിടികിട്ടാപ്പുള്ളി; വാണ്ടഡ് നോട്ടീസ് സ്വന്തം നാട്ടിൽ പതിപ്പിക്കാതെ പൊലീസിന്റെ സഹായം

ഓട്ടുപാറ ബസ് സ്റ്റാൻഡിൽ ഒരു തൂണിലാണ് പ്രവീണിന്റെ ലുക്കൗട്ട് നോട്ടീസ് നാരദാ ന്യൂസ് കണ്ടത്. വൈസ് പ്രിൻസിപ്പൽ ശക്തിവേലുവിന്റെ നോട്ടീസും തൊട്ടടുത്തുണ്ട്. ഒരു എ ഫോർ പേപ്പറിൽ പാസ്പോർട്ട് സൈസ് ഫോട്ടോയുമായാണു ലുക്കൗട്ട് നോട്ടീസ് ഉള്ളത്. കാണാൻ ഭൂതക്കണ്ണാടി വേണം.

ഒരു കൗതുകത്തിന് അടുത്ത തൂണിൽ നോക്കിയപ്പോൾ അവിടെ നോട്ടീസില്ല. ഓട്ടുപാറ മുതൽ വടക്കഞ്ചേരി വരേയും പരിസരങ്ങളിലും നടന്നു നോക്കി. എവിടേയുമില്ല. കേസ് പരിഗണിക്കുന്ന കോടതി പരിസരത്തുമില്ല. പ്രതികളെ പിടിക്കാനുള്ള പൊലീസിന്റെ ആത്മാർത്ഥത നോട്ടീസ് പതിക്കലിൽ തന്നെ ബോധ്യപ്പെട്ടു.

മൊബൈലിൽ എടുത്ത ലുക്കൗട്ട് നോട്ടീസിന്റെ ചിത്രം പ്രതിയുടെ നാടായ പൊൽപ്പുള്ളിയിൽ കാണിച്ചു കൊടുത്തു . "ഇയാൾ ഇത്രയും വലിയ ക്രിമിനൽ ആണോ .. ഈ നാട്ടിലൊന്നും ഇത് ഒട്ടിച്ചിട്ടില്ല. ഞങ്ങൾ അറിഞ്ഞില്ല. ഇവിടെ ഒട്ടിച്ചിരുന്നെങ്കിൽ ഞങ്ങൾ പൊലീസിനെ വിളിച്ചേനെ…" , നാട്ടുകാരനായ ഗോപി പറഞ്ഞു.

പ്രവീൺ സ്വൈര്യവിഹാരം അവസാനിപ്പിച്ചത് തിരുവനന്തപുരം സമരത്തിനു രണ്ടു ദിവസം മുമ്പ്

ജിഷ്ണുവിന്റെ അമ്മയും അഭ്യുദയകാംക്ഷികളും ഡിജിപി ഓഫീസിനുമുന്നിൽ സമരത്തിനെത്തിയതിനു രണ്ടു ദിവസം മുമ്പാണ് കല്ലുകൂട്ടിയാൽ ജംഗ്ഷനിലെ പ്രവീണിന്റെ സ്വൈര്യവിഹാരം അവസാനിച്ചത് എന്നു പ്രദേശവാസികൾ ഓർക്കുന്നു. അതുവരെ സ്ഥിരം കാഴ്ചയായിരുന്നു ആ സാന്നിധ്യം. പ്രവീണ്‍ എവിടെയുണ്ടാകുമെന്ന ചോദ്യത്തിനു നാട്ടുകാർ എന്ന ഉത്തരമാണു ഭൂരിപക്ഷവും നൽകുന്നത്. അല്ലെങ്കിൽ ഗുജറാത്തിലേയ്ക്കു മുങ്ങിയിട്ടുണ്ടാവുമെന്നും ചിലർ പറയുന്നു.

പ്രവീണിനു മറ്റന്നാൾ ജാമ്യം ഉറപ്പാണെന്നു സുഹൃത്തുക്കൾ തീർത്തു പറയുന്നു. അതു പ്രതീക്ഷിച്ചാണ് പൊൽപ്പള്ളി പഞ്ചായത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവീൺ ചുറ്റിക്കറങ്ങുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിൽ നാലുപേര്‍ മാത്രം; നാലും നാലിടത്ത്

എ സി പി കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ അവരടക്കം നാലു പേരാണുള്ളത്. ചെറുതുരുത്തി എസ് ഐ പത്മരാജന്‍, പഴയന്നൂര്‍ സ്റ്റേഷനിലെ എ എസ് ഐ ശശീന്ദ്രന്‍, തൃശ്ശൂര്‍ വനിതാ സെല്ലിലെ ഉദയ ചന്ദ്രിക എന്നിവരാണ് മറ്റു സംഘാംഗങ്ങൾ.

കേരളം ഏറ്റവും സജീവമായി ചർച്ച ചെയ്യുന്ന ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐയ്ക്ക് ചെറുതുരുത്തി സ്റ്റേഷനിൽ പിടിപ്പതു പണിയുണ്ട്. എ എസ് ഐ ശശീന്ദ്രന് പഴയന്നൂര്‍ സ്റ്റേഷനിലും ഉദയ ചന്ദ്രികയ്ക്ക് വനിതാ സെല്ലിലും അതുപോലെ ജോലിത്തിരക്കുണ്ട്. അതിനിടയിലാണ് ഈ കേസിന്റെ അന്വേഷണം.

തങ്ങൾ പ്രവീണിന്റെ ജന്മസ്ഥലത്തും ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമൊക്കെ അന്വേഷിച്ചു പരാജയപ്പെട്ടതുകൊണ്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു സ്വത്തു കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുന്നുവെന്നാണു കോടതിയെ ധരിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രവീണിനെ അറസ്റ്റു ചെയ്യാൻ ഒരുശ്രമവും നടന്നിട്ടില്ലെന്ന് സ്വദേശത്തു ചെന്നാലാണു ബോധ്യമാവുക. മഫ്റ്റി പൊലീസിൽ ഒരാളെ നിയോഗിച്ചാൽ ജന്മനാട്ടിൽ നിന്ന് അറസ്റ്റു ചെയ്യാമായിരുന്ന പ്രതിയെയാണ് പിടികിട്ടാപ്പുള്ളിയാക്കി ജിഷ്ണുവിന്റെ മാതാപിതാക്കൾക്കും കോടതിക്കും പൊതുസമൂഹത്തിനും മുന്നിൽ പിണറായി പൊലീസ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

അന്വേഷണ സംഘമൊക്കെ ഇല്ലെ, അവര്‍ നോക്കട്ടെ…

പ്രവീണിനെ അറസ്റ്റു ചെയ്യാൻ ലോക്കൽ പൊലീസിനും താൽപര്യമില്ല. ചിറ്റൂർ സ്റ്റേഷൻ പരിധിയിലെ വിലാസക്കാരനായ പ്രവീണിനെ ഇരിങ്ങാലക്കുട എഎസ് പിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. എന്നാൽ ഈ വിവരം ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

പ്രതിയുടെ ലോക്കൽ സ്റ്റേഷനിൽ മാത്രമല്ല, കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിക്കേണ്ടതാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമെല്ലാം നോട്ടീസ് പതിക്കണം. പത്രങ്ങളിൽ പരസ്യം ചെയ്യണം. ഇതൊന്നും ചെയ്യാതെയാണു പ്രവീണിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നാടകം.

പ്രവീണിനെ പ്രത്യേക അന്വേഷണ സംഘം വന്നു പിടിക്കട്ടെ എന്നാണു ലോക്കൽ പൊലീസിന്റെ നിലപാട്. ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണ് പ്രത്യേക അന്വേഷണ സംഘവും ലോക്കൽ പൊലീസുമെന്നതിന് വേറെ തെളിവുകളൊന്നും വേണ്ട. മുകളില്‍ നിന്നുള്ള ഇടപെടലുകളുണ്ടെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.