'ഞാന്‍ (മാത്രം) രാത്രിയില്‍ സേഫാണ്' ബര്‍സയെ ആക്രമിച്ച പൊലീസിന് അനുകൂലമായി ഡിസിപി മെറിന്റെ രാത്രി നാടകം കോഴിക്കോട്

ബർസ ഒറ്റയ്ക്ക് നടന്നാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു അച്ഛനെ ഏൽപ്പിച്ചു സുരക്ഷിതയാക്കും. എന്നാൽ ഡിസിപി മെറിനോട് പെരുമാറുന്നത് വേറെ രീതി. എറണാകുളം നഗരത്തില്‍ ബര്‍സയേയും പ്രതീഷിനേയും ആക്രമിച്ച പൊലീസിന് പ്രതിരോധം തീര്‍ക്കാന്‍ ഡിസിപി മെറിന്റെ പരിഹാസ്യമായ രാത്രി 'നാടകം' കോഴിക്കോട്

ഞാന്‍ (മാത്രം) രാത്രിയില്‍ സേഫാണ് ബര്‍സയെ ആക്രമിച്ച പൊലീസിന് അനുകൂലമായി ഡിസിപി മെറിന്റെ രാത്രി നാടകം കോഴിക്കോട്

സ്ത്രീകളുടേയും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേയും രാത്രി സഞ്ചാര സ്വാതന്ത്ര്യത്തിനായി എറണാകുളം നഗരത്തില്‍ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പേരില്‍ തെരുവുപിടിച്ചടക്കല്‍ സമരം നടന്ന അതേ രാത്രി കോഴിക്കോട് ഡിസിപി മെറിന്റെ പരിഹാസ്യമായ 'നാടകം' കോഴിക്കോട് നടന്നു. കേരളത്തിലെ രാത്രിയില്‍ സ്ത്രീകള്‍ക്ക് സഞ്ചരിക്കുന്നതിന് ഒരു കുഴപ്പവുമില്ല എന്നു വരുത്തി തീര്‍ക്കുകയായിരുന്നു മെറിന്റെ യാത്രയുടെ ഉദ്ദേശം.

ദളിതയായ ബര്‍സയെ വംശീയവും ജാതീയവുമായി ആക്രമിച്ച് സദാചാര ഗുണ്ടായിസം നടത്തുകയും അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകനായ പ്രതീഷ് രമയെ ലോക്കപ്പ് പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയാക്കിയതും പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുമ്പോഴാണ് മെറിന്റെ ചാനല്‍ ഷോ. മാതൃഭൂമി ചാനലിനു മാത്രം ചിത്രീകരണ അനുമതി നല്‍കിയായിരുന്നു മെറിന്റെ യാത്ര.

ബര്‍സ ആക്രമിക്കപ്പെട്ടത് പുരുഷ-വനിതാ പൊലീസില്‍ നിന്നാണ്. പ്രതീഷും അതേ നിലയ്ക്ക് ആക്രമിക്കപ്പെട്ടു. പൊലീസാണ് ട്രാന്‍സ് യുവതികള്‍ക്കും ബര്‍സയ്ക്കും നേരെ

സദാചാര ഗുണ്ടായിസം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരമായ ഡിസിപി മഫ്ടിയില്‍ ഇറങ്ങിയാലും പൊലീസുകാര്‍ക്ക് തിരിച്ചറിയാനാകും. പുരുഷ പൊലീസിന്റെ സദാചാര ഗുണ്ടായിസം കണ്ടെത്താന്‍ മെറിനെ പോലെ പ്രശസ്തയായ ഒരു ഓഫീസര്‍ക്ക് കഴിയുകയുമില്ല. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ രാത്രിയിൽ സഞ്ചരിച്ചാല്‍ പൊലീസ് വളരെ മാന്യമായി പെരുമാറും എന്നാണ് മെറിന്റെ രാത്രി പരിശോധനയുടെ റിസല്‍റ്റായി പറയുന്നത്.
ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു നിന്നതായിരുന്നു നാടകം. 9.40ന് വനിതാ പൊലീസുകാരികള്‍ മഫ്ടിയില്‍ രാത്രി സഞ്ചാര സ്വാതന്ത്ര്യ പരിശോധന ആരംഭിച്ചു. രണ്ടു സ്ത്രീകള്‍ എന്താണ് ഇങ്ങനെ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്ന പാളി നോട്ടം വന്നതല്ലാതെ കുഴപ്പമൊന്നുമുണ്ടായില്ല. ജുബിലി ഹാളിനു മുന്നില്‍ നിന്നും ഇരുവരും തളിയിലൂടെ നടന്നു നീങ്ങിയപ്പോള്‍ ബൈക്ക് അവിചാരിതമായി നിര്‍ത്തി. വനിതാ പൊലീസുകാരികളിലൊരാള്‍ ഞെട്ടി- കുഴപ്പമില്ല. ബൈക്കിലെ യുവാവ് വഴി ചോദിക്കാന്‍ നിര്‍ത്തിയതാണ്. ബസ് കയറാനെന്ന രീതിയില്‍ എംസിസി ബാങ്ക് സ്‌റ്റോപ്പില്‍ ഒരു വനിതാ പൊലീസുകാരി നിന്നപ്പോള്‍ ഓട്ടോക്കാരന്‍ എവിടേക്കാണെന്നു ചോദിച്ചു. ഓട്ടോ തിരിക്കി നില്‍ക്കുകയല്ലെന്നു മനസിലായി തിരിച്ചു പോയി. പിന്നീട് പിന്നിട്ട വഴികളില്‍ ഒരു പ്രശ്‌നമുണ്ടായില്ലെന്നും ലിങ്ക് റോഡിനു സമീപത്ത് ഇറങ്ങി നോക്കിയപ്പോള്‍ പര്‍ദ്ദയിട്ട മൂന്ന് സ്ത്രീകള്‍ നടന്നു പോകുന്നതു കണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

പതിനൊന്നേ മുക്കാലോടെ ബീച്ചിലെത്തിയപ്പോള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് നാടകത്തിലേയ്ക്ക് പ്രവേശിച്ചു. വനിതാപോലീസുകാരെ വാഹനത്തിലിരുത്തി അവര്‍ ബീച്ച് ആസ്പത്രിക്കു മുന്നില്‍ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനു മുന്നില്‍ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിന്‍ജോസഫിനെ മറികടന്നുപോയി.

പിന്നീട് കൂരാക്കൂരിരുട്ടില്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജങ്ഷന്‍വരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. അതിനിടെ രണ്ട് തവണ ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ളവരുടെ പൊലീസ് പട്രോൾ വാഹനങ്ങള്‍ മെറിനെ കടന്നു പോയി'- മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു. മെറിന്‍ മാവൂര്‍ റോഡിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ ഒരു യുവാവ് മെറിനെ പിന്തുടര്‍ന്നെന്നും ചാനല്‍ ക്യാമറ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥലം വിട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അയാള്‍ക്കു മുന്നില്‍ വെച്ചു തന്നെ ദൂരെ നിര്‍ത്തിയിട്ടിരുന്ന ഔദ്യോഗിക വാഹനം മെറിന്‍ വിളിച്ചു വരുത്തി. ഗാന്ധിറോഡിലെ കൂരിരുട്ടില്‍ യൂണിഫോമിലല്ലാതെ നില്‍ക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോള്‍ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാര്‍ക്ക് ആളെ മനസ്സിലായില്ല. എങ്കിലും ബൈക്ക് നിര്‍ത്തി വളരെ വളരെ ഭവ്യതയോടെ അവര്‍ ചോദിച്ചു, ഫ്‌ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായം വേണമോ എന്ന്. വേണമെങ്കില്‍ പോലീസ് വാഹനത്തില്‍ ഫ്‌ളാറ്റില്‍ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവര്‍ ബൈക്ക് ഓടിച്ചുപോയി. എന്നിട്ടും ആരാണെന്ന് അവര്‍ക്ക് പിടികിട്ടിയിരുന്നില്ല. മേലുദ്യോഗസ്ഥയാണെന്ന് മനസ്സിലാവാതിരിന്നിട്ടുപോലും ഒറ്റയ്ക്ക് ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് കാണിച്ച കരുതല്‍ വളരെ നല്ലകാര്യമായെന്ന് മെറിന്‍ജോസഫ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെറിന്‍ പോയ ശേഷവും വനിതാ പൊലീസുകാര്‍ നഗരത്തില്‍ ചുറ്റിയടിച്ചു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു മുന്നില്‍ വെച്ച് രണ്ട് യുവാക്കാള്‍ കൂടെ പോരുന്നോ എന്നു ചോദിച്ച് അടുത്തു കൂടി. സ്വയം പ്രതിരോധത്തിന്റെ ആത്മവിശ്വാസത്തോടെ പൊലീസുകാരി അവരോട് പ്രതികരിച്ചതിനാല്‍ രക്ഷപെട്ടു എന്നും രാത്രി 2.15 വരെ ചുറ്റിയടിച്ചിട്ടും പ്രശ്‌നമൊന്നും ഉണ്ടായില്ലെന്നും പൊലീസ് പെട്രോളിങ് ശക്തമായതിനാലാകും ഇതെന്ന് പ്രശംസിച്ചാണ് ചാനലിനു വേണ്ടി നടത്തിയ രാത്രി നാടകം അവസാനിച്ചത്.

ഒറ്റയ്ക്ക് റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് പോയ ബര്‍സയെ അന്യായമായി എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. വടകര സ്വദേശിയായ ബര്‍സയുടെ വീട്ടിലേയ്ക്ക് പൊലീസിനെ പറഞ്ഞു വിട്ട് അച്ഛനെ എറണാകുളത്തെത്തിച്ച് ബര്‍സയെ ഏല്‍പ്പിക്കുകയായിരുന്നു. ലൈംഗികവും മാനസികവും ശാരീരികവുമായ ആക്രമണങ്ങള്‍ തനിക്ക് നേരിട്ടു എന്നാണ് ബര്‍സയുടെ പരാതി- എന്തായാലും ഭാഗ്യത്തിന് ബര്‍സയോ പ്രതീഷോ പത്തരമണിക്കൂര്‍ പൊലീസില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകള്‍ ഡിസിപി മെറിന് നേരിടേണ്ടി വന്നില്ല. ☺

Read More >>