പരിഹസിക്കണ്ട, ദമ്മാജ് സലഫിസത്തിലെ ആടുമേയ്ക്കല്‍ സന്യാസമാണ്, യുദ്ധമല്ല

ഭൗതികമായ എല്ലാം വെടിഞ്ഞു സാമൂഹ്യ ജീവിതം പാടേ ഉപേക്ഷിച്ചുകൊണ്ടുള്ള സലഫിസത്തിന്റെയും സൂഫിസത്തിന്റെയും ഒരു സമ്മിശ്രരൂപം. ഇവര്‍ ഒരിക്കലും ഉപദ്രവകാരികള്‍ അല്ല. ഹിമാലയത്തിലും മറ്റും സന്യസിക്കുന്ന പോലുള്ള ഒന്ന്. ഇത്തരം സന്യാസജീവിതത്തെ ഇന്ത്യന്‍ നിയമം വിലക്കിയിട്ടുള്ളതായി അറിയില്ല. ഹംസ കാഞ്ഞിരപ്പുള്ളി എഴുതുന്നു.

പരിഹസിക്കണ്ട, ദമ്മാജ് സലഫിസത്തിലെ ആടുമേയ്ക്കല്‍ സന്യാസമാണ്, യുദ്ധമല്ല

ഹംസ കാഞ്ഞിരപ്പുള്ളി

ഹാദിയ ഇന്നനുഭവിക്കുന്നത് കടുത്ത നീതിനിഷേധമാണ്. അറിഞ്ഞതു വച്ച് ഹാദിയ കനത്ത ബന്ധവസ്സോടെ വീട്ടുകതടങ്കലില്‍ കഴിയുകയാണ്. പോലീസ് സംഘം വീടിനു ചുറ്റും തമ്പടിച്ചിട്ടുണ്ട്. ജങ്ഷനില്‍ നിന്നും ഹാദിയയുടെ വീട്ടിലേക്കു തിരിയുന്നിടത്ത് പോലീസ് കാവല്‍. 24 മണിക്കൂറും പോലീസ് റോന്തു ചുറ്റല്‍. രണ്ടു വനിതാ പോലീസ് വീട്ടിനകത്തും കാവലുണ്ട്.

ഫോണ്‍ ഉപയോഗിക്കാനോ മുറിവിട്ടു പുറത്തിറങ്ങാനോ അനുവാദമില്ല. ഇത്രമേല്‍ കടുത്ത ശിക്ഷ അനുഭവിക്കാന്‍ ഹാദിയ ചെയ്ത കുറ്റം ഇഷ്ടമുള്ള മതം സ്വീകരിച്ചു എന്നതാണ്. അതും ഇസ്ലാം മതം. ഇഷ്ടമുള്ള പുരുഷനെ നിയമപ്രകാരം വിവാഹം ചെയ്തു. ആ വിവാഹം കോടതി റദ്ദു ചെയ്തിരിക്കുന്നു. മതം റദ്ദു ചെയ്‌തോ എന്നറിയില്ല. അറിഞ്ഞതു പ്രകാരം ഹാദിയ ഇസ്ലാം മതപ്രകാരമാണ് ജീവിക്കുന്നത്, നോമ്പും നിസ്‌കാരവും നിര്‍വഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഹാദിയക്ക് ഇത്തരം ഒരു വീട്ടുതടങ്കലില്‍ ജീവിക്കേണ്ടി വരുന്നത് എന്താണവര്‍ ചെയ്ത കുറ്റം ഇസ്ലാം മതം സ്വീകരിക്കുന്നതും മുസ്ലീമിനെ വിവാഹം കഴിക്കുന്നതും നിയമപരമായി നിരോധിച്ചിട്ടുണ്ടോ?

Image result for hadiya kerala

അങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഏക മറുപടി, ഹാദിയ ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചു എന്ന നിലനില്‍ക്കാത്ത ആരോപണം ഒന്നുമാത്രമാണ്. ഈ ആരോപണത്തിനു തെളിവായി പറയുന്നത് ഹാദിയയുമായി പിതാവ് നടത്തിയതെന്നു പറയുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും. താന്‍ മുമ്പ് ആടുമേയ്ക്കാന്‍ പോകാന്‍ ആഗ്രഹിച്ചിരുന്നതായും പിന്നീട് ആ ആഗ്രഹം തെറ്റാണെന്ന് മനസ്സിലാക്കി ഉപേക്ഷിച്ചതായും അതില്‍ വ്യക്തമായി പറയുന്നുണ്ട്. ഇതാണ് ഹാദിയയുടെ ഐഎസ് ബന്ധത്തിനുള്ള തെളിവ്. ആ വോയ്‌സ് ക്ലിപ്പ് തന്നെ, പിതാവ് ബോധപൂര്‍വ്വം റെക്കോര്‍ഡ് ചെയ്യാനായി വിളിച്ചശേഷം ആട് ജീവിതത്തെ കുറിച്ച് ചോദിച്ചു പറയിക്കുകയാണ്. അതിലെ പിതാവിന്റെ നൈതികത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ആ വിഷയം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ.

സാമാന്യ ജനത ഇപ്പോഴും കരുതിയിട്ടുള്ളത് ആടുമേയ്ക്കാന്‍ പോകുക എന്നാല്‍ ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക എന്നാണ്. ഇനി കോടതിയും അങ്ങനെ കരുതിയിട്ടുണ്ടോ എന്നയില്ല യഥാര്‍ത്ഥത്തില്‍ ദമ്മാജ് സലഫിസം എന്നറിയപ്പെടുന്ന സലഫി പ്രസ്ഥാനത്തിലെ തന്നെ ഒരുതരം സന്യാസ ജീവിതം നയിക്കുന്ന വിഭാഗമാണ് ഈ ആടുമേയ്ക്കല്‍ പ്രസ്ഥാനം. യമനിലെ ദമ്മാജ് എന്ന ചെറുപട്ടണത്തെ കേന്ദ്രീകരിച്ച് 1980 കളില്‍ ഷെയ്ഖ് മുഖ്ബിലു ബ്‌നു ഹാദി എന്ന പണ്ഡിതന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടതാണ് ഈ പ്രസ്ഥാനം. മരുഭൂവില്‍ ആടിനെ മേയ്ച്ചു നടക്കുക എന്നതാണിത്.

Image result for yemen shepherd

ഭൗതികമായ എല്ലാം വെടിഞ്ഞു സാമൂഹ്യ ജീവിതം പാടേ ഉപേക്ഷിച്ചുകൊണ്ടുള്ള സലഫിസത്തിന്റെയും സൂഫിസത്തിന്റെയും ഒരു സമ്മിശ്രരൂപം. ഇവര്‍ ഒരിക്കലും ഉപദ്രവകാരികള്‍ അല്ല. ഹിമാലയത്തിലും മറ്റും സന്യസിക്കുന്ന പോലുള്ള ഒന്ന്. ഇത്തരം സന്യാസജീവിതത്തെ ഇന്ത്യന്‍ നിയമം വിലക്കിയിട്ടുള്ളതായി അറിയില്ല. എന്നാല്‍ ഐഎസ് ആകട്ടെ തികച്ചും വിഭിന്നമായ സായുധ രാഷ്ട്രീയ തീവ്രവാദവും. സഖ്യസേനയുടെ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുകളെ തീവ്രവാദി സംഘങ്ങള്‍ ഏറ്റെടുത്തതിന്റെ തിക്തഫലം. ഇന്നതിനെ പലതരത്തിലും പലരും രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അങ്ങനെ ക്രൂരതയുടെ ഒരു പര്യായമായി ആണ് ഇന്ന് ഐഎസ് സാമൂഹ്യ മനസ്സില്‍ നിലനില്‍ക്കുന്നത്. അത് പലതരത്തിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അതിലേക്കു ഇപ്പോള്‍ കടക്കേണ്ടതില്ലെന്നു കരുതുന്നു.

ഇങ്ങനെ അജഗജാന്തരം വ്യത്യാസമുള്ള രണ്ടു സംഘങ്ങളെ ഒന്നായി കാണുന്നതിനു ഒരു കാരണമുണ്ട്. ശ്രീലങ്കയില്‍ ദമ്മാജ് സലഫികളുടെ ഒരു കേന്ദ്രമുണ്ടായിരുന്നു. അതില്‍ ഉണ്ടായിരുന്ന ചിലര്‍ ഐഎസില്‍ ചേര്‍ന്നതായ വാര്‍ത്തകളും വന്നിരുന്നു. ഈ ഒരു പശ്ചാത്തലം വെച്ചുകൊണ്ടായിരിക്കണം സാമാന്യ ജനത ആട് മേയ്ക്കലും ഐഎസുമായി ബന്ധപ്പെടുത്തുന്നതെന്നു തോന്നുന്നു. പക്ഷേ കോടതി എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു എന്ന് വ്യക്തമല്ല.

മാത്രവുമല്ല, ഹാദിയ വ്യക്തമായിത്തന്നെ താന്‍ അതുപേക്ഷിച്ചതായും അവളുടേതെന്ന രീതിയില്‍ പുറത്തുവന്ന ആ ഓഡിയോയില്‍ പറയുന്നു. തന്നെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും താന്‍ രാജ്യം വിട്ടു എവിടെയും പോകില്ലെന്നും താന്‍ ഇതുവരെ പോസ്‌പോട്ട് എടുത്തിട്ടു പോലുമില്ലെന്നും പറയുന്നു. എന്നിട്ടും കോടതി ഹാദിയയുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ല എന്നത് ഏറെ ദുരൂഹമാണ്. ഇനിയിപ്പോ ആട് മേയ്ക്കാന്‍ പോകുന്നതാണ് പ്രശ്‌നമെങ്കില്‍, അതുതടയാന്‍ പാസ്‌പോട്ട് തടഞ്ഞുവയ്ക്കല്‍ പോലുള്ള എന്തെല്ലാം മാര്‍ഗങ്ങള്‍ വേറെയുണ്ട്. ഈ അവകാശ നിഷേധവും വീട്ടുതടങ്കലും ഒരു കാരണവശാലും ന്യായീകരിക്കാവതല്ല.


ഇവിടെയാണ് ഇത് ഹാദിയ എന്ന വ്യക്തിയില്‍ നിന്നും സാമുദായികവും സാമൂഹ്യവുമായ വിഷയമായി വളരുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയം ഹാദിയയ്ക്കു നേരെയുള്ള ഈ മനുഷ്യാവകാശ ധ്വംസനം എങ്ങിനെയാണ് പൊതുസമൂഹം കൈകാര്യം ചെയ്തത് എന്നതാണ്. ലൗ ജിഹാദ് എന്നു പറഞ്ഞാണ് കോടതി വിധിയെ ആദ്യമവര്‍ സ്വാഗതം ചെയ്തത്. പിന്നീട് ഹാദിയ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും, അവരുടേത് ഒരു അറേഞ്ചഡ് മാര്യേജ് ആണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ മുസ്ലീം വ്യക്തി നിയമപ്രകാരം നിലനില്‍ക്കില്ലെന്നും, അതുകൊണ്ട് ഏക സിവില്‍കോഡ് ഉടനെ മുസ്ലിങ്ങള്‍ അംഗീകരിക്കുകയല്ലാതെ രക്ഷയില്ല എന്നുമായി.

എന്നാല്‍ മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ പിന്നെ ആട് മേയ്ക്കല്‍ അഥവാ ഐഎസ് എന്ന പുതിയ സമവാഖ്യം സ്വീകരിച്ച് കോടതി വിധിയെ ന്യായീകരിക്കുകയാണ് ഇപ്പോള്‍. വ്യക്തി സ്വാതന്ത്ര്യത്തിനും ലൈംഗിക സ്വാതന്ത്ര്യത്തിനും വേണ്ടി തെരുവിലിറങ്ങി ചുംബന സമരം നടത്തിയവരാണ് ഈ പറയുന്നവര്‍ എന്നോര്‍ക്കണം. ഇത്രയും കാപട്യം ഉള്ള നിലപാടുകള്‍ എടുക്കേണ്ടി വരുന്നത് തികഞ്ഞ മുസ്ലിം വിരുദ്ധത ഒന്നുകൊണ്ടു മാത്രമാണ് എന്ന് വ്യക്തം.

ഇക്കൂട്ടരുടെ മുസ്ലിം വംശീയ വിരുദ്ധത പലപ്പോഴും മറനീക്കി പച്ചയായി തന്നെ പുറത്തുവന്ന മറ്റൊരു സന്ദര്‍ഭം, ബീഫ് ഫെസ്റ്റ് നടത്തുന്നവരോടുള്ള മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയുടെ അഭ്യര്‍ത്ഥന പുറത്തുവന്നപ്പോഴാണ്. ഇന്ത്യന്‍ ഫാസിസത്തിനെതിരായ ഒരു സമര മാര്‍ഗം എന്ന നിലയ്ക്കും, ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രാഖ്യാപിത ശത്രുക്കള്‍ എന്ന നിലയ്ക്കും മുസ്ലീങ്ങളെ കൂടി ബീഫ് ഫെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. നോമ്പ് കാലമായതു കൊണ്ട് വൈകുന്നേരം നടത്തിയാല്‍ അത് മുസ്ലീങ്ങള്‍ക്ക് സൗകര്യമാകും എന്നും അത് പരിഗണിക്കണം എന്നുമുള്ളതായിരുന്നു അഭ്യര്‍ത്ഥന. അത് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. എന്നാല്‍ അതിന്റെ പേരില്‍ വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും മതേതര സമൂഹത്തില്‍ നിന്നും ഷാഹിന നേരിടേണ്ടി വന്നു. നാരദാ ന്യൂസിനുമുണ്ടായി ഇതേ അനുഭവം. മതവിശ്വാസികളെ സംബന്ധിച്ച് അവര്‍ക്ക് പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് റമദാന്‍ വ്രതം.

അതുകൊണ്ട് ബീഫ് ഫെസ്റ്റ് വൈകുന്നേരം ആക്കുന്നത് അവര്‍ക്ക് കൂടി പങ്കെടുക്കാന്‍ സൗകര്യമാവും. ഇനി മതവിശ്വാസം ഉപേക്ഷിച്ചു ബീഫ് ഫെസ്റ്റില്‍ പങ്കെടുത്താല്‍ മതി എന്നാണെങ്കില്‍ സംഘപരിവാറും ബീഫ് ഫെസ്റ്റ് സംഘാടകരും തമ്മില്‍ പിന്നെന്തു വ്യത്യാസം. മതസ്വാതന്ത്ര്യം ആണല്ലോ വിഷയം. മാത്രവുമല്ല ഷാഹിന ഒരു മുസ്ലിം എന്ന നിലയ്ക്ക് വിശ്വാസിയല്ലാതിരുന്നിട്ടു കൂടി വേട്ടയാടപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകയാണ്. മുസ്ലിം സ്വത്വം എന്നുള്ളത് അവര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയാത്തവിധം സമൂഹം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് കൂടിയാണ്. മനുഷ്യന്‍ എന്ന ഒറ്റ വിശേഷണത്തില്‍ ഒതുങ്ങുന്നതല്ല മനുഷ്യസമൂഹം. ആനയും പുലിയും കുറുക്കനും മുയലും മാനും സിംഹവും എല്ലാം ചേര്‍ന്ന ഒരു സമത്വസുന്ദര ലോകം പോലുള്ള അസംബന്ധം നിറഞ്ഞ സങ്കല്‍പ്പം മാത്രമാണത്. ആടുജീവിതത്തില്‍ പറയുന്നതു പോലെ നമ്മളനുഭാവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമായേ തോന്നൂ.

Image result for yemen shepherd

പറഞ്ഞുവന്നത് മറ്റൊന്നുമല്ല, നാസി ജര്‍മ്മനിയില്‍ പാട്ടാളം ആറു മില്യന്‍ ജൂതന്മാരെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അരുംകൊലയ്ക്കായി കൊണ്ടുപോകുമ്പോള്‍ എന്തുകൊണ്ട് പൊതുസമൂഹം അതിനെതിരെ ഫലപ്രദമായി പ്രതികരിച്ചില്ല എന്നൊരു ചോദ്യം ഉണ്ടല്ലോ. കാരണം, ജൂതന്മാര്‍ക്കു മേല്‍ അത്രമേല്‍ വെറുപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ മാധ്യങ്ങളെയും ബുദ്ധിജീവികളെയും ഉപയോഗിച്ചുകൊണ്ട് ഭരണകൂടത്തിന് സാധിച്ചിരുന്നു. സമാനമായ ഒരവസ്ഥയാണ് ഇന്ന് ഇന്ത്യന്‍ മുസ്ലിങ്ങളും നേരിടുന്നത്. അതിനൊരു മികച്ച ഉദാഹരണമായി ഹാദിയയുടെ നീതിനിക്ഷേധവും അതിനോടുള്ള പൊതു സമൂഹത്തിന്റെ പ്രതികരണത്തെയും കാണാവുന്നതാണ്.

കാരണം, ഇത്രയും വലിയ മനുഷ്യാവകാശ നിഷേധത്തോട് അനുകൂലിക്കുകയോ നിസ്സംഗത പാലിക്കുകയോ ആണ് സമൂഹം ചെയ്തത്. ഒരു പ്രതിഷേധം പോലും സംഘടിക്കപ്പെട്ടില്ല. ഒടുവില്‍ ചില വര്‍ഗീയ സ്വഭാവമുള്ള സംഘടനകള്‍ തെരുവിലിറങ്ങി പ്രതിക്ഷേധിച്ചു. സ്വാഭാവികമായും നീതി നിഷേധിക്കപ്പെട്ട ജനത അവരുടെ കൂടെ കൂടുമായിരുന്നു. ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. മേല്‍ക്കോടതി വിധിക്കായി കാത്തിരിക്കുന്നു. നോക്കൂ, സമൂഹത്തിന്റെ ഈ നിസ്സംഗതയാണ് വര്‍ഗീയവാദത്തിലെക്കും തീവ്രവാദത്തിലേക്കും ഒരു ജനതയെ തള്ളിവിടുന്നത് എന്നു കൂടി നമ്മളോര്‍ക്കണം.

ഇത് കൃത്യമായ ഒരു സൂചനയാണ്. ഭാവിയില്‍ ശത്രുക്കളെ ഫാസിസ്റ്റ് ഭരണകൂടം കൈകാര്യം ചെയ്യുമ്പോള്‍ പൊതുജനം അതെങ്ങിനെ സ്വീകരിക്കും എന്നുള്ളതിലേക്ക് ഒരു ചൂണ്ടുപലകയായി മാറുകയാണ് ഹാദിയ വിഷയം. ഇന്ത്യന്‍ ഫാസിസം ശത്രുക്കളെ നേരിട്ടായിരിക്കില്ല ആക്രമിക്കുന്നത്. ഗുജറാത്ത് വംശഹത്യ ഇന്ത്യയില്‍ വലിയ വിജയമായിരുന്നു. അന്നതിനു നേതൃത്വം കൊടുത്തയാള്‍ വലിയ സ്വീകാര്യതയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി പ്രമോട്ട് ചെയ്യപ്പെട്ടു. എന്നാല്‍ അന്തര്‍ദേശീയ സമൂഹത്തെ സംഘപരിവാര്‍ ഇന്നും ഭയപ്പെടുന്നുണ്ട്. കാരണം, അന്ന് യുഎസ് മോദിക്ക് വിസ നിഷേധിക്കാന്‍ വരെ ഗുജറാത്ത് വംശഹത്യ കാരണമായിത്തീര്‍ന്നു. അതുകൊണ്ട് കൂട്ടക്കൊലകള്‍ക്കു പകരം മറ്റു വഴികള്‍ തേടുകയാണ് ഇന്ന് ഫാസിസം. ഹാദിയ വിഷയത്തില്‍ എന്ന പൊതുസമൂഹം അറിഞ്ഞോ അറിയാതെയോ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.