എറണാകുളത്തെ ജാതിമതില്‍: ദളിത് സ്ത്രീകളും കുട്ടികളും നിരാഹാരത്തിലേയ്ക്ക്; ആംആദ്മിയും ഒപ്പം

ദളിതര്‍ക്കെതിരെ ഇപ്പോഴും നീതി നിഷേധം നിലനില്‍ക്കുകയാണ്. നിലനില്‍ക്കാത്ത പട്ടയമാണ് ഇപ്പോള്‍ ക്ഷേത്രഭരണ സമിതി ഉയര്‍ത്തിക്കാട്ടുന്നത്. ഇത് കോളനികള്‍ രൂപികരിക്കുമ്പോള്‍ എസി വിഭാഗത്തിന് കൊടുത്തിട്ടുള്ള ഭൂമിയാണ്- ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പറയുന്നു

എറണാകുളത്തെ ജാതിമതില്‍: ദളിത് സ്ത്രീകളും കുട്ടികളും നിരാഹാരത്തിലേയ്ക്ക്; ആംആദ്മിയും ഒപ്പം

ഹൈന്ദവ ക്ഷേത്രം നിര്‍മ്മിച്ച ജാതിമതില്‍ പൊളിച്ച് സമരം തുടരുന്ന എറണാകുളം കോലഞ്ചേരി ചൂണ്ടിയില്‍ ദളിത് സ്ത്രീകളും കുട്ടികളും നിരാഹാരസത്യാഗ്രഹത്തിലേയ്ക്ക്. ഹൈന്ദവക്ഷേത്രം മതില്‍ കെട്ടി സ്വന്തമാക്കിയ സര്‍ക്കാര്‍ സ്ഥലം തിരിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് മൈതാനമായി നല്‍കണമെന്നാണ് ആവശ്യം. നാളെമുതല്‍ നിരാഹാര സമരം ആരംഭിക്കും.എല്ലാ ജനവിഭാഗങ്ങളും ഉപയോഗിച്ചിരുന്ന മൈതാനം ദളിതര്‍ കയറി അശുദ്ധമാക്കാതിരിക്കാന്‍ നിര്‍മ്മിച്ച ജാതി മതില്‍ ദളിത് സമരമുന്നണി പൊളിച്ചു നീക്കിയിരുന്നു. കഴിഞ്ഞ 37 ദിവസത്തെ സമരത്തില്‍ അംബേദ്കര്‍ ദിനത്തിലായിരുന്നു ദളിത് ജനത മുന്നറിയിപ്പില്ലാതെ മതില്‍ പൊളിച്ചെറിഞ്ഞത്.

റവന്യു പുറമ്പോക്കില്‍ മാര്‍ച്ച് 9 നായിരുന്നു ക്ഷേത്ര ഭാരവാഹികള്‍ മതില്‍ കെട്ടിയത്. മതില്‍ വന്നതോടെ സമീപത്തുള്ള ദളിത് കുടുംബങ്ങളുടെ സഞ്ചാരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും സര്‍ക്കാര്‍ അധികൃതര്‍ ഭരണസമിതിക്കൊപ്പമായിരുന്നു. തുടര്‍ന്നാണ് ശക്തമായ സമരത്തിലേക്ക് ദളിത് കുടുംബങ്ങള്‍ നീങ്ങിയത്.പട്ടയം റദ്ദാക്കി പൊതു ഭൂമിയായി തിരിച്ചു കിട്ടാനുള്ള സമരമുറ മാറ്റുവാന്‍ തീരുമാനിച്ചിരിക്കുകയാണ് ദളിത് ഭൂ അവകാശ സമരമുന്നണി. നാളെ മുതല്‍ കോളനികളിലെ സ്ത്രീകളും കുട്ടികളും റിലേ നിരാഹാര സമരം ആരംഭിക്കുമെന്ന് ദളിത് ഭൂ അവകാശ സമരമുന്നണി കണ്‍വീനര്‍ എം വി അയ്യപ്പന്‍കുട്ടി നാരദ ന്യുസിനോട് പറഞ്ഞു.

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ രംഗത്തുവന്നിരിക്കുന്നത്. ദളിത് കോളനിക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ പൊതു ഭൂമിയാണ് ഇവിടെയുള്ളത്. പൊതുപരിപാടികളും നടത്തുന്നതിനും കുട്ടികള്‍ക്ക് കായികാവശ്യങ്ങളുമായി ഉപയോഗിച്ചിരുന്ന ഭൂമിയില്‍ ക്ഷേത്രഭരണ സമിതി മതില്‍ കെട്ടുകയും ദളിതര്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുകയായിരുന്നു.

'കണ്ട കാളനും കൂളനും ഇവിടെ കേറാന്‍ പാടില്ല എന്നും ജാതി അടിസ്ഥാനത്തില്‍ വിവേചനം പറഞ്ഞ ഭരണ സമിതിക്കെതിരെ കേസ് എടുകുകയാണ് വേണ്ടത്. എന്നാല്‍ പൊലീസും രാഷ്ട്രിയപ്രവര്‍ത്തകരും ഭരണസമിതിയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇൗ വിഷയത്തില്‍ രാഷ്ട്രിയക്കാര്‍ പരസ്യമായി ഇടപെടുന്നില്ല'- സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

'ദളിതര്‍ക്കെതിരെ ഇപ്പോഴും നീതി നിഷേധം നിലനില്‍ക്കുകയാണ്. നിലനില്‍ക്കാത്ത പട്ടയമാണ് ഇപ്പോള്‍ ക്ഷേത്രഭരണ സമിതി ഉയര്‍ത്തിക്കാട്ടുന്നത്. ഇത് കോളനികള്‍ രൂപികരിക്കുമ്പോള്‍ എസി വിഭാഗത്തിന് കൊടുത്തിട്ടുള്ള ഭൂമിയാണ്. ക്ഷേത്രത്തിന് മാത്രമായി പട്ടയം കൊടുക്കാന്‍ സാധിക്കില്ല. നിയമലംഘനം നടത്തിയാണ് പട്ടയം നല്‍കിയത്. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് പൊതു ഭൂമിയായി സംരക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. പട്ടയത്തില്‍ ക്ഷേത്രഭൂമിയെന്ന് എഴുതാന്‍ സാധിക്കില്ല'- സി ആര്‍ നീലകണ്ഠന്‍ പറയുന്നു.