ഉത്സവത്തിന് വീട്ടില്‍ മദ്യം വിളമ്പിയെന്നാരോപണം: തൃശൂരിലെ ദളിത് കുടുംബത്തിനു ബിജെപിയുടെ വക മര്‍ദ്ദനവും ഊരുവിലക്കും

ഊരുവിലക്കിന് നേതൃത്വം നല്‍കുന്നത് എസ്എന്‍ഡിപി ശാഖാപ്രസിഡന്റിന്റിന്റെ നേതൃത്വത്തില്‍. ക്ഷേത്ര ഉത്സവത്തിന്റെ തലേന്ന് വീട്ടില്‍ മദ്യം വിളമ്പിയെന്നാണ് ആരോപണം. വീട്ടുടമയ്ക്ക് മര്‍ദ്ദനവുമേറ്റു.

ഉത്സവത്തിന് വീട്ടില്‍ മദ്യം വിളമ്പിയെന്നാരോപണം: തൃശൂരിലെ ദളിത് കുടുംബത്തിനു ബിജെപിയുടെ വക മര്‍ദ്ദനവും ഊരുവിലക്കും

ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് അത്താഴപ്പറ വീട്ടില്‍ നടത്തിയ ദിവസം ഭക്ഷണത്തിനൊപ്പം മദ്യം വിളമ്പിയെന്ന് ആരോപിച്ചു ബിജെപി നേതാക്കള്‍ ദളിത് കുടുംബത്തെ ഊരുവിലക്കി. പാണഞ്ചേരി താളിക്കോട് കടമ്പനാട്ട് രാജുവും കുടുംബവുമാണ് രണ്ടുമാസമായി ഊരുവിലക്കില്‍ കഴിയുന്നത്. ക്ഷേത്രത്തിന്റെ കീഴില്‍ വരുന്ന അയ്യായിരത്തോളം ഹിന്ദു കുടുംബങ്ങളില്‍പെട്ടവര്‍ രാജുവിനോടും കുടുംബാംഗങ്ങളോടും സംസാരിക്കരുതെന്നും കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് ബിജെപി നേതൃത്വം നല്‍കുന്ന പൂരക്കമ്മറ്റിയുടെ കല്‍പ്പന. ഊരുവിലക്കു നേരിടുന്ന കുടുംബാംഗങ്ങളോ സ്വന്തം വീട്ടില്‍ നടക്കുന്ന ചടങ്ങുകളിലും പങ്കെടുപ്പിക്കാന്‍ പാടില്ല. രാജുവിന്റെ കുടുംബാംഗങ്ങളോട് സംസാരിക്കുന്നവരെ ഊരുവിലക്കുമെന്നും പൂരക്കമ്മറ്റി തിട്ടൂരമിറക്കി.

Image result for chembuthara pooram

ജനുവരി 15 ന് ചെമ്പുത്ര ഭഗവതി ക്ഷേത്രോത്സവത്തിനടുബന്ധിച്ച് നടന്ന അത്താഴപ്പറയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അത്താഴപ്പറയ്ക്കു വരുന്ന വെളിച്ചപ്പാടിനും മേളക്കാര്‍ക്കും ഭക്തര്‍ വീടുകളില്‍ ഭക്ഷണം നല്‍കാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നവര്‍ മുന്‍കാലങ്ങളില്‍ മദ്യവും രഹസ്യമായി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മദ്യം നല്‍കരുതെന്ന് പൂരക്കമ്മറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാജു 'പറ'ക്കാര്‍ക്ക് മദ്യം നല്‍കിയെന്ന് ആരോപിച്ച് വീട്ടിലെത്തിയ ബിജെപി നേതാവും പൂരക്കമ്മറ്റി സെക്രട്ടറിയുമായി സജി, പ്രസിഡന്റ് രമേഷ്, സജിയുടെ സഹോദരന്‍ അജി, പ്രഭു, അഭിലാഷ് എന്നിവര്‍ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചുവെന്നും രാജിവിന്റെ ഭാര്യ ശോഭന നാരദാ ന്യൂസിനോടു പറഞ്ഞു.

എല്ലാവര്‍ഷവും പൂരം ഘോഷയാത്ര പോകുമ്പോള്‍ ഭക്തര്‍ക്ക് രാജുവിന്റെ കുടുംബം സംഭാരവും കുടിവെള്ളവും നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ രാജുവിന്റെ വീടിനു മുന്നില്‍ പൂരം നിര്‍ത്തരുതെന്നും തുള്ളി വെള്ളം പോലും ആ വീട്ടില്‍ നിന്നു വാങ്ങിക്കഴിക്കരുതെന്നും സജി വിലക്കേര്‍പ്പെടുത്തി. ഭക്തര്‍ക്കു നല്‍കാനായി സംഭാരത്തിനൊപ്പം ഐസ്‌ക്രീം അടക്കം വാങ്ങിവെച്ച രാജുവും കുടുംബത്തിനു മുന്നില്‍ പൂരം ഘോഷയാത്ര നിര്‍ത്തിയില്ല. ഇക്കാര്യം ചോദിക്കാന്‍ ചെന്ന രാജുവിന്റെ മകന്റെ ബൈക്കിന്റെ താക്കോല്‍ സജിയുടെ അനിയന്‍ വലിച്ചെറിഞ്ഞു. ഒന്നര വയസ് പ്രായമായ മകനെയും കൊണ്ട് രാജുവിന്റെ മകന്‍ പൊരിവെയിലത്ത് നിന്നു. ഒടുവില്‍ പൂരക്കമ്മറ്റിക്കാര്‍ വന്നു സംസാരിച്ചു.

Image result for chembuthara pooram

പൂരം നിര്‍ത്താതെ പോയതിനും മകന്റെ ബൈക്കിന്റെ താക്കോല്‍ വലിച്ചെറിഞ്ഞതിനെ പറ്റിയും സംസാരിക്കാന്‍ ചെന്ന രാജുവിനെ സജിയും സംഘവും മര്‍ദ്ദിച്ചു. കഴുത്തില്‍ ചവിട്ടിപ്പിടിച്ചായിരുന്നു മര്‍ദ്ദനം. ഒടുവില്‍ പൊലീസെത്തി രാജുവിനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി മരുന്നൊക്കെ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് രാവിലെ കുളിക്കുന്നതിനിടിയില്‍ രാജുവിന്റെ മൂക്കില്‍ നിന്നു രക്തം വന്നു ബോധം പോയി. സംസാരിക്കാനാവാതെ ആറു ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജു. ഇക്കാര്യങ്ങള്‍ കാണിച്ച് രാജു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്യാന്‍ പോലും വിളിച്ചു വരുത്തിയിട്ടില്ല.

പൂരക്കമ്മറ്റിക്കാരുടെ ധാര്‍ഷ്ട്യം അവിടെയും അവസാനിച്ചില്ല. 48 ദേശങ്ങളുള്ള ചെമ്പുത്ര പൂരക്കമ്മറ്റി രാജുവിനും കുടുംബത്തിനും അഞ്ചു വര്‍ഷത്തെ ഊരുവിലക്ക് കല്‍പ്പിച്ചതായി തിട്ടൂരമിറക്കി. പാണഞ്ചേരി, മാടക്കത്തറ എന്നീ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചെമ്പൂത്ര ക്ഷേത്രത്തിന് കീഴില്‍ വരുന്ന ദേശങ്ങള്‍. അയ്യാരിത്തിലധികം കുടുംബങ്ങളാണ് ഈ ദേശങ്ങളിലുള്ളത്. ഹിന്ദു വിഭാഗത്തിലുള്ളവര്‍ കൂടുതലുള്ള ഈ പ്രദേശങ്ങളില്‍ ഒരു കുടുംബത്തെ ഊരു വിലക്കിയാല്‍ കുടുംബാംഗങ്ങള്‍ക്ക് അതിജീവിക്കാനാകില്ല.

കൃഷിയും പശു വളര്‍ത്തലുമാണ് രാജുവിന്റെയും ഭാര്യയുടെയും ഉപജീവനമാര്‍ഗം. മകന്‍ പുത്തൂര്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നു. പുല്ലരിയുന്നതിനും മറ്റു ജോലികള്‍ക്കുമായി അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീ ജോലി വരുമായിരുന്നു. രാജു ആശുപത്രിയില്‍ അഡ്മിറ്റായ ദിവസം പുല്ലരിയുന്നതിനായി അയല്‍ക്കാരിയെ ജോലിക്ക് വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്ന് അറിയിച്ചു. രണ്ടു പെണ്‍മക്കളുള്ളതാണ്, ദേശക്കാരെ പിണക്കിയാല്‍ ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു വിശദീകരണം. സംഭവങ്ങള്‍ക്ക് ഒരുമാസത്തിനു ശേഷം രാജു സുഹൃത്തിന്റെ മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സുഹൃത്ത് തന്നെ അറിയിച്ചതിനാല്‍ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാതെ രാജുവിന് മടങ്ങിപ്പോരേണ്ടി വന്നു.

ഊരുവിലക്കിന് നേതൃത്വം നല്‍കിയ സജി താളിക്കോട് എസ്എന്‍ഡിപി ശാഖയുടെ സെക്രട്ടറിയും സജീവ ബിജെപി പ്രവര്‍ത്തകനുമാണ്. രാജുവിനെതിരെ പൂരക്കമ്മറ്റിയും കേസ് കൊടുത്തിട്ടുണ്ടെന്ന് സജി പറഞ്ഞു. പൂരം നിര്‍ത്തിയില്ലെന്ന് പറഞ്ഞ് രാജു തന്നെ വെട്ടാന്‍ വെട്ടുകത്തിയുമായി വന്നു. ക്ഷേത്ര കമ്മിറ്റിയെ ധിക്കരിച്ചാണ് വീട്ടില്‍ മദ്യം വിളിമ്പിയത്. ഇക്കാര്യം ചോദിക്കാന്‍ ചെന്ന ഞങ്ങളോടു പ്രതികരിച്ചില്ല. പിറ്റേന്ന് പൂരം നിര്‍ത്തിയില്ലന്ന കാരണം പറഞ്ഞ് തന്നെ കൊല്ലാന്‍ വെട്ടുകത്തിയുമായി വന്നു. ക്ഷേത്ര കമ്മിറ്റിയെ ധിക്കരിക്കാന്‍ പാടില്ലെന്നും സജി പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഊരു വിലക്ക് പോലുള്ള പ്രാകൃത സമ്പ്രാദയങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുമൊയെന്നു നെറ്റിചുളിക്കുന്നവരുണ്ട്.

തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തില്‍ ഒരു കുടുംബം ഊരുവിലക്കിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. തല്ലിയതിനും ജാതിപ്പേര് വിളിച്ചതിനും കേസ് കൊടുക്കാം. എന്നാല്‍ ഊരുവിലക്കിന് എന്തു പേരില്‍ കേസുകൊടുക്കണമെന്ന് ശോഭനയ്ക്കും രാജുവിനും അറിയില്ല. ചെമ്പുത്ര ഭഗവതിയ്‌ക്കൊരു പറ വെച്ചൂന്നല്ലാതെ വേറൊരു തെറ്റും ചെയ്തിട്ടില്ല - ശോഭന പറയുന്നു.

Read More >>