ചെക് റിപ്പബ്ലിക്കിലെ മലയാളി വിദ്യാഭ്യാസ തട്ടിപ്പുകാരൻ സംസ്ഥാന സർക്കാരിന്റെ 'ലോക കേരള സഭ' അംഗം; രാഷ്ട്രീയ നേതാക്കളുടെ ഇഷ്ടക്കാരൻ ജോൺ സേവ്യറിനെതിരെ നടപടിയെടുക്കാതെ പൊലീസും

വിദ്യാർത്ഥികളെ പറ്റിച്ച് കോടീശ്വരനായ ജോൺ സേവ്യറുടെ ആതിഥേയത്വം സ്വീകരിക്കാത്ത രാഷ്ട്രീയ നേതാക്കളില്ല. ഭരണപക്ഷത്തെ പ്രമുഖന്റെ സഹായത്തോടെയാണ് ലോക കേരള സഭയിൽ എത്തിയതത്രെ. 2016ൽ പ്രാഗിൽ ഷാരൂഖ് ഖാൻ സിനിമയുടെ ഷൂട്ടിങ് കാണാനെത്തിയ യുവ പ്രതിപക്ഷ എംഎൽഎമാരാർക്ക് എല്ലാ സഹായവും നൽകിയത് ജോൺ സേവ്യറാണ്...

ചെക് റിപ്പബ്ലിക്കിലെ മലയാളി വിദ്യാഭ്യാസ തട്ടിപ്പുകാരൻ സംസ്ഥാന സർക്കാരിന്റെ ലോക കേരള സഭ അംഗം; രാഷ്ട്രീയ നേതാക്കളുടെ ഇഷ്ടക്കാരൻ ജോൺ സേവ്യറിനെതിരെ നടപടിയെടുക്കാതെ പൊലീസും

ചെക് റിപ്പബ്ലിക്കിൽ വ്യാജ വിദ്യാഭ്യാസ സ്ഥാപനം നടത്തി മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്തുകൊണ്ടിരിക്കുന്ന പ്രവാസി മലയാളി ജോൺ സേവ്യർ സംസ്ഥാന സർക്കാർ രൂപീകരിച്ച 'ലോക കേരള സഭ'യിൽ അംഗം. എംബിഎ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ ചെക് റിപ്പബ്ലിക്കിൽ പഠിക്കാമെന്നു കാട്ടി, അംഗീകാരമില്ലാത്ത കോളേജിലെത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാട്ടി നിരവധി വിദ്യാർത്ഥികളാണ് കേരളാ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ജോൺ സേവ്യർ തട്ടിപ്പുകാരനാണെന്നു കാട്ടി നോർക്ക റൂട്ട്സിന് കീഴിൽ പ്രവർത്തിക്കുന്ന ലോക കേരള സഭയ്ക്ക് തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. സംസ്ഥാന നിയമ സഭയിലെ ഭരണപക്ഷ ഉന്നതന്റെ പിന്തുണയോടെയാണ് ജോൺ സേവ്യർ ഈ സംവിധാനത്തിൽ കയറിപ്പറ്റിയതത്രെ.

അടിമുടി തട്ടിപ്പ്

കൊച്ചി സ്വദേശിയായ ജോൺ സേവ്യർ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിൽ 'ചെക് കോളേജ്' എന്ന സ്ഥാപനത്തിലേക്കാണ് എംബിഎ, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകൾക്കായി വിദ്യാർത്ഥികളെ കൊണ്ടുവരുന്നത്. നാല് ലക്ഷം മുതൽ മുകളിലേക്കാണ് ഫീസ്. വിസയും അഡ്മിഷനും കയ്യിൽ കിട്ടുന്നതിന് മുൻപേ വിദ്യാർത്ഥികളിൽ നിന്നും ഈ പണം ഈടാക്കും. യൂറോപ്പിലെ പഠനം, ചെക്കിലെ കാലാവസ്ഥ, പ്രകൃതി സൗന്ദര്യം എന്നിവയിലൊക്കെയാണ് വിദ്യാർത്ഥികൾ വീഴുന്നത്.

കോളേജിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന, കോളേജിന്റേതെന്നു തോന്നിക്കുന്ന വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് പ്രാഗിലെ വിവിധ പബ്ലിക് പാർക്കുകളിൽ വെച്ചാണെന്ന് തട്ടിപ്പിനിരയായ വിദ്യാർത്ഥികൾ നാരദാ ന്യൂസിനോട് പറഞ്ഞു. കോളേജിന് കെട്ടിടമില്ല. ഒരു അപ്പാർട്ട്മെന്റ് വാടകക്കെടുത്ത് ക്ലാസ്സ് നടത്തുകയാണ്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈസൻസോ അംഗീകാരമോ കോളേജിനില്ല. ചെറുകിട ബിസിനസ് സംരഭങ്ങൾ നടത്താനുള്ള ലൈസൻസാണ് സ്ഥാപനത്തിനുള്ളത്. വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നില്ല. തൊഴിലാളികൾക്കും മറ്റും ലഭിക്കുന്ന വിസയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് സ്ഥാപനത്തിനെതിരെ വിദ്യാർത്ഥികൾക്ക് ചെക് റിപ്പബ്ലിക്കിൽ പരാതി നൽകാനും സാധിക്കുന്നില്ല.

വഴിയാധാരമാക്കിയത് നിരവധിപ്പേരെ...

ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിക്ക് ജോൺ സേവ്യറിൽ നിന്നും ലഭിച്ചത് മറ്റൊരു യൂറോപ്യൻ രാജ്യത്തുനിന്നുള്ള വിസയാണ്. ഈ വിസ പ്രകാരം മൂന്നു മാസം ടൂറിസ്റ്റ് എന്ന നിലയിൽ ചെക് റിപ്പബ്ലിക്കിൽ തങ്ങാനേ സാധിക്കൂ. ഇവർക്ക് നഷ്ടമായത് എട്ടു ലക്ഷത്തോളം രൂപയാണ്. മലപ്പുറം സ്വദേശിയായ എൻജിനീയറിങ് പൂർത്തിയാക്കിയ യുവാവ് യൂറോപ്പിൽ എംബിഎ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ജോൺ സേവ്യറിന്റെ അടുത്തെത്തിയത്. നിലവിൽ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അതും തയ്യാറാക്കി കൊടുത്തു. ഒടുവിൽ ചതിവിൽ പെട്ട്, പിതാവ് സർക്കാർ സർവീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പണം മുഴുവൻ നഷ്ടപ്പെട്ട യുവാവ് ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി മുംബൈയിൽ ജോലി ചെയ്യുകയാണ്.


നേരത്തെ യൂറോപ്പിലേക്ക് സ്റ്റുഡന്റ് വിസ ഏർപ്പാടാക്കി കൊടുക്കുന്ന ജോലി ചെയ്തിരുന്ന ജോൺ സേവ്യറിന് രാജ്യമെമ്പാടുമുള്ള സമാന ഏജൻസികളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ ഏജൻസികളെ ഉപയോഗിച്ചാണ് സ്വന്തം തട്ടിപ്പ് സ്ഥാപനത്തിലേക്ക് ഇയാൾ റിക്രൂട്ട്മെന്റ് നടത്തുന്നത്. ചെക് റിപ്പബ്ലിക്കിൽ പരാതി നൽകാൻ കഴിയില്ലെന്ന സാങ്കേതികത്വം നിലനിൽക്കുന്നതിനാൽ പലരും കേരളാ പൊലീസിൽ പരാതി നൽകി. ഒരു കേസിൽ പോലും അന്വേഷണം ഒരിഞ്ച് മുന്നോട്ടു നീങ്ങിയിട്ടില്ല.

പഠിക്കാൻ ചെന്നു പണം നഷ്ട്ടപ്പെട്ടു; ഇപ്പോൾ കൂലിപ്പണി!

ജോൺ സേവ്യറിന്റെ തട്ടിപ്പ് കോളേജിൽ ചേർന്ന് കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥികൾ പഠനം നിർത്തി പുറത്തിറങ്ങും. അല്ലെങ്കിൽ എന്തെങ്കിലും മുട്ടു ന്യായം പറഞ്ഞ് പുറത്താക്കും. ചെക് അധികൃതർക്ക് പരാതി നൽകാൻ പോലും കഴിയാതെ നിസ്സഹായരായ വിദ്യാർത്ഥികൾ കൂലിപ്പണിക്ക് പോകുകയാണ്. പലരും നാട്ടിൽ നിന്ന് കടം വാങ്ങിയും സ്വത്ത് വിട്ടുമാണ് മെച്ചപ്പെട്ട ജീവിതം തേടി ചെക്കിൽ എത്തുന്നത്. ഇവർ പറ്റിക്കപ്പെട്ട കാര്യം വീട്ടിലറിയിക്കാൻ കൂടി സാധിക്കാത്ത അവസ്ഥയിലായിരിക്കും.

'വിദ്യാർത്ഥി തൊഴിലാളികൾ' അനധികൃത തൊഴിലാളികളായതിനാൽ തന്നെ ഇവർക്ക് നൽകുന്ന വേതനത്തിൽ ടാക്സോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല. അതിനാൽ കുറഞ്ഞ കൂലി നൽകിയാൽ മതി. അത് തൊഴിലുടമകൾ സൗകര്യമായി കാണുന്നു. ജോൺ സേവ്യറിന്റെ 'ചെക് കോളേജ്' വിദ്യാർത്ഥികൾ പ്രാഗിൽ ഹോട്ടലുകളിൽ ജോലി ചെയ്യുകയോ ദിവസക്കൂലിക്ക് ടാക്സി ഓടിക്കുകയോ ചെയ്യുകയാണ്.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഹൈദരാബാദ് സ്വദേശിനിയായ യുവതി നേഴ്‌സിങ് പഠനത്തിനും അതിനു പിന്നാലെ ഉയർന്ന ശമ്പളത്തോടെ ജോലിക്കുമാണ് ജോൺ സേവ്യറിനെ ഒരു ഏജൻസി വഴി സമീപിക്കുന്നത്. ചെക്കിലെ ഗ്രാമീണ മേഖലയിലെ ക്ലിനിക്കുകളിൽ സർക്കാർ മേൽനോട്ടത്തിൽ നേഴ്‌സിങ് പരിശീലനം നൽകുന്നുണ്ട്. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ ഡോക്ടറുടെ സഹായത്തോടെ ജോൺ സേവ്യർ സംഘടിപ്പിച്ചെടുത്ത വിസയിലാണ് നേഴ്‌സിങ് പഠനത്തിനായി ഹൈദരാബാദ് സ്വദേശിനിയും മറ്റുള്ളവരും എത്തിയത്. ഈ പരിശീലന പരിപാടി മുഴുവൻ പ്രാദേശിക ചെക് ഭാഷയിലാണ്. പരീക്ഷകളും അങ്ങനെത്തന്നെ. ചെക് പൗരന്മാർക്കാണ് ജോലി ലഭിക്കുക. ഈ പ്രശ്നം മൂലം ഇവർ പഠനം ഉപേക്ഷിച്ചു. എട്ടുലക്ഷത്തിനു മേൽ രൂപയാണ് യുവതിക്ക് നഷ്ടമായത്. ദാരിദ്രാവസ്ഥയിലുള്ള കുടുംബത്തിലേക്ക് മടങ്ങാൻ ഇവർ തയ്യാറല്ല. പ്രാഗിൽ പല ജോലികൾ ചെയ്ത് ജർമൻ ഭാഷാ ക്ലാസ്സിൽ ചേർന്നു. ജർമനിയിലേക്ക് കടക്കണം. എന്തെങ്കിലും മെച്ചപ്പെട്ട ജോലി തേടണം. അതാണ് അവരുടെ ഇപ്പോഴത്തെ ലക്‌ഷ്യം.

കോടീശ്വരൻ; കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ അടുത്ത തോഴൻ


കോടികൾ വിലവരുന്ന കാറിലാണ് ജോൺ സേവ്യറുടെ സഞ്ചാരം. കേരളത്തിൽ നിന്നും വിയന്നയിലേക്കും പ്രാഗിലേക്കും ആഘോഷിക്കാൻ എത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് താമസവും ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കാൻ ജോൺ സേവ്യർ മുന്നിൽ തന്നെ കാണുമത്രെ. വിയന്നയിലെ ഒരു മലയാളി ബിസിനസുകാരൻ വഴിയാണ് അവിടെ സന്ദർശനത്തിനെത്തിയ സംസ്ഥാന നിയമ സഭയിലെ ഭരണപക്ഷ ഉന്നതനെ ജോൺ സേവ്യർ പരിചയപ്പെടുന്നത്. ഈ പരിചയമാണ് ലോക കേരള സഭയിൽ ജോണിനെ എത്തിച്ചതെന്നാണ് യൂറോപ്പിലെ മലയാളി സമൂഹം അടക്കം പറയുന്നത്. എറണാകുളത്ത് നിന്നുള്ള പ്രമുഖ യുവ എംഎൽഎ, ജോൺ സേവ്യർ കൊച്ചിയിലുള്ള കാലം മുതൽക്കേ അടുത്ത സുഹൃത്താണ്.

സൂപ്പർ താരം ഷാരൂഖ് ഖാന്റെ 'ദി റിങ്' ചിത്രത്തിന്റെ ഷൂട്ടിങ് 2016ൽ പ്രാഗിൽ നടക്കവേ ഇവിടെയെത്തിയ പ്രമുഖ പ്രതിപക്ഷ യുവ എംഎൽഎമാർക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് ജോൺ സേവ്യറാണ്. എസ്ആർകെയുടെ ഷൂട്ടിങ് ലൊക്കേഷൻ വരെ ഇവർ ഒരുമിച്ചു സന്ദർശിച്ചതിനു പ്രാഗിലെ മലയാളി സമൂഹം ഒന്നടങ്കം സാക്ഷികളാണ്.

പൂച്ചയ്ക്കാര് മണി കെട്ടും?

സാങ്കേതികമായ കാരണങ്ങൾ നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ തട്ടിപ്പിന്റെ പേരിൽ ചെക് റിപ്പബ്ലിക്കിൽ ജോൺ സേവ്യാർക്കെതിരെ വിദ്യാർത്ഥികൾക്ക്പരാതി കൊടുക്കാൻ കഴിയില്ല. കേരളാ പൊലീസിൽ നൽകിയ പരാതി മുന്നോട്ടു നീങ്ങാത്തത് ജോണിന്റെ സ്വാധീനം മൂലമാണെന്നാണ് പരാതിക്കാർ കരുതുന്നത്. ജോൺ സേവ്യർ ഉൾപ്പെടുന്ന ലോക കേരള സഭാ സമ്മേളനം ഇന്ന് നിയമസഭാ മന്ദിരത്തിൽ ആരംഭിക്കുമ്പോൾ, ചോദ്യം ബാക്കിയാവുന്നു - പൂച്ചയ്ക്കാര് മണി കെട്ടും?
Read More >>