സൈബര്‍ ആക്രമണത്തിനിരയായി കേരളം; വയനാട്ടിലെ കംപ്യൂട്ടറുകള്‍ തകരാറില്‍; രാജ്യത്തെ രണ്ടേകാല്‍ ലക്ഷം എടിഎമ്മുകള്‍ അടച്ചിടും

വയനാട് തരിയോട് പഞ്ചായത്തിലെ നാല് കംപ്യൂട്ടറുകളാണ് സൈബര്‍ ആക്രമണത്തിനിരയായത്. കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ കേരളാ പൊലീസ് സൈബര്‍ഡോം നിര്‍ദ്ദേശം നല്‍കി. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.

സൈബര്‍ ആക്രമണത്തിനിരയായി കേരളം; വയനാട്ടിലെ കംപ്യൂട്ടറുകള്‍ തകരാറില്‍; രാജ്യത്തെ രണ്ടേകാല്‍ ലക്ഷം എടിഎമ്മുകള്‍ അടച്ചിടും

ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് കേരളവും ഇരയാവുന്നുവെന്ന് സൂചനകള്‍. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാലോളം കമ്പ്യൂട്ടറുകള്‍ തകരാറിലായി. സൈബര്‍ ആക്രമണം നടന്നതായാണ് പ്രഥമിക സൂചനകള്‍. മൂന്ന് ദിവസത്തിനകം 300 ഡോളര്‍ ബിറ്റ് കോയിന്‍ നിക്ഷേപിക്കണമെന്നും അല്ലാത്തപക്ഷം മോചനദ്രവ്യം വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം.

കമ്പ്യൂട്ടറിലെ എല്ലാ ഫയലുകളും നശിപ്പിക്കപ്പെട്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനോ റിക്കവര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. വിന്‍ഡോസ് എക്സ്പി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലാണ് ആക്രമണം ശക്തമാവുന്നതെന്ന് മൈക്രോസോഫ്റ്റും സ്ഥിരീകരിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന വാനാക്രൈ റാന്‍സെവയര്‍ വൈറസിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസിന്റെ സൈബര്‍ ഡോം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ ആക്രമണം തടയാനായി മൈക്രോസോഫ്റ്റ് പുറത്തിറക്കിയ MS17-010 എന്ന പാച്ച് ഡൗണ്‍ലോഡ് ചെയ്ത് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശമെന്ന് സൈബര്‍ ഡോം സി ഐ അനില്‍കുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു. സെര്‍വ്വറുകളില്‍ നിന്ന് വിന്‍ഡോസ് NT4, വിന്‍ഡോസ് 2000, വിന്‍ഡോസ് XP എന്നിവ നീക്കം ചെയ്യണം. 139,445, 3389 നമ്പറിലുള്ള പോര്‍ട്ടുകള്‍ നീക്കം ചെയ്യണമെന്നും സൈബര്‍ഡോം നിര്‍ദ്ദേശിക്കുന്നു.

വരും ദിവസങ്ങളില്‍ സൈബര്‍ ആക്രമണം വര്‍ധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ആക്രമണം ബാധിച്ച കമ്പ്യൂട്ടറുകളുടെ എണ്ണം ഒന്നര ലക്ഷത്തോളമെന്നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് രണ്ടര ലക്ഷത്തിലധികമായി വര്‍ധിച്ചതായാണ് കണക്കുകള്‍.

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന എല്ലാ ബാങ്കുകളും ജാഗ്രത പുലര്‍ത്തണമെന്നു സൈബര്‍ സുരക്ഷ ഉറപ്പാക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എടിഎമ്മുകള്‍ പ്രവര്‍ത്തിക്കരുതെന്നും സിസ്റ്റം അപ്ഡേറ്റിനു ശേഷം മാത്രമേ ഉപയോഗിക്കാവൂമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏതാണ്ട് രണ്ടേകാല്‍ ലക്ഷം എടിഎമ്മുകള്‍ സുരക്ഷിതമല്ലാത്ത പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇവ മുഴുവനും അടച്ചിടേണ്ടി വരും.

ഇന്ത്യയിലെ നൂറു കണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. നൂറ്റമ്പതോളം രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇതുവരെ വാനാക്രൈ ആക്രമണത്തിനിരയായത്.