മമ്മൂട്ടിയെ 'മമ്മൂട്ടി' എന്ന് വിളിച്ചു; പാർവതിക്കെതിരെ സെെബർ ആക്രമണവുമായി ഫാൻസ്

സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെ രാത്രിയോടെ പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ 'മമ്മൂട്ടി സർ' എന്ന് തിരുത്തുകയായിരുന്നു. മൈ സ്റ്റോറിക്കെതിരെ ഹേറ്റ് ക്യാംപയിനും ആരാധകർ വീണ്ടും ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയെ മമ്മൂട്ടി എന്ന് വിളിച്ചു; പാർവതിക്കെതിരെ സെെബർ ആക്രമണവുമായി ഫാൻസ്

മമ്മൂട്ടിയെ മമ്മൂട്ടി എന്ന് വിളിച്ചതിന് നടി പാർവതിയെ ഫേസ്ബുക്കിൽ ആക്രമിച്ച് ആരാധകർ. ബഹുമാനമില്ലാത്തതിനാലാണ് പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടിയെ മമ്മൂട്ടി എന്ന് വിളിച്ചതെന്നാണ് ഫാൻസിന്റെ കണ്ടെത്തൽ. പാർവതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്ത മമ്മൂട്ടിക്ക് നന്ദി പ്രകടിപ്പിച്ചുള്ളതായിരുന്നു പാർവതിയുടെ പോസ്റ്റ്.എന്നാൽ മമ്മൂട്ടിയെ അങ്ങനെ തന്നെ അഭിസംബോധന ചെയ്തതാണ് ഫാൻസിനെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ 'മമ്മൂക്ക', 'മമ്മൂട്ടി സർ' എന്നിങ്ങനെ ബഹുമാനത്തോടെയേ വിളിക്കാവൂ എന്നായിരുന്നു ഫാൻസിന്റെ തിട്ടൂരം. ഇതിനു പിന്നാലെ പാർവതിക്കെതിരെ തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളുമായി സൈബർ ആക്രമണവും നടന്നു.സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെ രാത്രിയോടെ പാർവതി ഫേസ്ബുക്ക് പോസ്റ്റിൽ 'മമ്മൂട്ടി സർ' എന്ന് തിരുത്തുകയായിരുന്നു. എന്നാൽ ഇതിനു ശേഷവും ആരാധകർ സൈബർ ആക്രമണം തുടരുകയാണ്. പാർവതിയുടെ സിനിമകൾ കൂവിതോൽപ്പിക്കുമെന്നും മമ്മൂട്ടി ഫാൻസ് പ്രഖ്യാപിക്കുന്നുണ്ട്.

അതിനിടെ പാർവതി അഭിനയിക്കുന്ന മൈ സ്റ്റോറിക്കെതിരെ ഹേറ്റ് ക്യാംപയിനും ആരാധകർ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കമന്റിലെ തെറിവിളിക്ക് പുറമേ ട്രെയിലറിന്റെ യൂട്യൂബ് ലിങ്കിൽ ഡിസ്ലൈക്ക് ചെയ്താണ് ആരാധകർ ഹേറ്റ് ക്യാംപയിൻ പൊടിപൊടിക്കുന്നത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ സംസാരിച്ചതോടെയാണ് ഫാൻസ് പാർവതിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. തുടർന്ന് യൂട്യൂബിൽ റിലീസായ മൈ സ്റ്റോറിയിലെ രണ്ടു പാട്ടുകൾക്കെതിരെയും മമ്മൂട്ടി ആരാധകർ ഡിസ്ലൈക്ക് ക്യാംപയിൻ നടത്തിയിരുന്നു.

Read More >>