വീണ്ടും കസ്റ്റഡി മർദ്ദനം; പിണറായിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ഓട്ടോ ഡ്രൈവർ മരിച്ചു

അഞ്ചു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നുവെങ്കിലും ഒരു ജോലിയും ചെയ്യാൻ പറ്റാത്ത രീതിയിൽ ഉനൈസിനെ പൊലീസ് തല്ലിച്ചതച്ചിരുന്നു.

വീണ്ടും കസ്റ്റഡി മർദ്ദനം; പിണറായിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ഓട്ടോ ഡ്രൈവർ മരിച്ചു

കസ്റ്റഡി മർദ്ദനങ്ങൾ അവസാനിക്കുന്നില്ല. കണ്ണൂർ പിണറായിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ഓട്ടോ ഡ്രൈവർ ഉനൈസാണ് പൊലീസിന്റെ കയ്യൂക്കിനു മുന്നിൽ ജീവൻ വെടിഞ്ഞത്. എടക്കാട് എസ്.ഐ അടക്കമുള്ള 7 പോലീസുകാർ ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം.

രണ്ടു മാസങ്ങൾക്ക് മുൻപാണ് സംഭവം. ഫെബ്രുവരി 21 ന് ഭാര്യയുടെ പിതാവിന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞു എന്ന പരാതിയെത്തുടർന്ന് എടക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഉനൈസിനെ വിളിപ്പിച്ചു. താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പൊലീസിനോട് വിശദീകരിച്ച ഉനൈസിനെ കർശനമായ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. അന്ന് രാത്രി ഉനൈസിന്റെ ഭാര്യാപിതാവിന്റെ സ്‌കൂട്ടർ ആരൊക്കെയോ ചേർന്ന് തീയിട്ടു. പിറ്റേന്ന് ഉനൈസിന്റെ വീട്ടിലെത്തി പൊലീസ് അയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്ന് വൈകിട്ട് നാലരയോടെ ഉനൈസിനെ പൊലീസ് വിട്ടയച്ചു. ഗുരുതരമായി പരിക്കേറ്റ് മൂത്രത്തിലൂടെയും വായിൽ നിന്നും രക്തമൊലിപ്പിച്ച് എഴുന്നേറ്റു നില്ക്കാൻ പോലും ശക്തിയില്ലാതിരുന്ന അയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നുവെങ്കിലും ഒരു ജോലിയും ചെയ്യാൻ പറ്റാത്ത രീതിയിൽ ഉനൈസിനെ പൊലീസ് തല്ലിച്ചതച്ചിരുന്നു.

മരണ ദിവസം വരെ രണ്ടു മാസത്തോളം ഉനൈസ് ഓട്ടോ ഓടിക്കാൻ പോയിരുന്നില്ല. അക്കാലമത്രയും കിടക്കയിൽ തന്നെയാണ് ഉനൈസ് കഴിഞ്ഞിരുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം മുറിയിൽ കയറി കതകടച്ച ഉനൈസിനെ അൽപ സമയങ്ങൾക്കു ശേഷം മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയോട് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.