കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച് ആർഎസ്എസുകാർ കൊലക്കേസ് പ്രതികളെ മോചിപ്പിച്ചു; രക്ഷപെട്ടത് സിപിഐഎം നേതാവിന്റെ കൊലയാളികൾ

സിപിഐഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം വളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും ആർഎസ്എസ് പ്രവർത്തകരുമായ പ്രേംജിത്ത്, സഹോദരൻ പ്രനൂബ് എന്നിവരെയാണ് പോലീസ് പിടിയിൽ നിന്നും ആർഎസ്എസ് പ്രവർത്തകർ മോചിപ്പിച്ചത്.

കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച് ആർഎസ്എസുകാർ കൊലക്കേസ് പ്രതികളെ മോചിപ്പിച്ചു; രക്ഷപെട്ടത് സിപിഐഎം നേതാവിന്റെ കൊലയാളികൾ

കണ്ണൂരിൽ പൊലീസിനെ ആക്രമിച്ച് സിപിഐഎം പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആർഎസ്എസ് പ്രവർത്തകർ മോചിപ്പിച്ചു. സിപിഐഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം വളാങ്കിച്ചാലിലെ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും ആർഎസ്എസ് പ്രവർത്തകരുമായ പ്രേംജിത്ത്, സഹോദരൻ പ്രനൂബ് എന്നിവരെയാണ് പോലീസ് പിടിയിൽ നിന്നും ആർഎസ്എസ് പ്രവർത്തകർ മോചിപ്പിച്ചത്.

പ്രതികളെ പിടികൂടാനായി മമ്പറം പടിഞ്ഞിറ്റാംമുറിയിൽ എത്തിയ തലശേരി സിഐ പ്രദീപൻ കണ്ണിപ്പൊയിലും സംഘത്തെയും കണ്ടയുടൻ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് സംഘം ഇരുവരെയും സാഹസികമായി ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

ഇരുവരെയും പോലീസ് പിടികൂടിയതറിഞ്ഞു ഇരുപത്തഞ്ചോളം വരുന്ന ആർഎസ്എസ് പ്രവർത്തർ മാരകായുധങ്ങളുമായി എത്തി പൊലീസ് സംഘത്തെ ആക്രമിക്കുകയും ഇരുവരെയും മോചിപ്പിക്കുകയുമായിരുന്നു.

സിഐ പ്രദീപന്റെ കാലിൽ ഇരുമ്പുകമ്പികൊണ്ട് അടിയേറ്റു. സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, നിജേഷ്, സജീഷ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.