കള്ളക്കുരിശ് കെ എം മാണിയുടെ ആളുടേത്: കയ്യേറ്റത്തിനു സംരക്ഷണം നല്‍കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; സിപിഐഎമ്മും കണ്ണടച്ചു

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സഖറിയയുടെ കയ്യേറ്റത്തിനു സംരക്ഷണം കെ എം മാണി വക; അനധികൃത ഭൂമി പിടിച്ചെടുക്കണമെന്ന ഉത്തരവുകളും യുഡിഎഫ് കാലത്തു പൂഴ്ത്തി. ടോം സക്കറിയയും കുടുംബവും ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നു റവന്യൂ വകുപ്പും ക്രൈംബ്രാഞ്ചും 2012 ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭൂമി പടിച്ചെടുക്കാന്‍ 2012 ജനുവരി 12ന് ഉത്തരവിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല.

കള്ളക്കുരിശ് കെ എം മാണിയുടെ ആളുടേത്: കയ്യേറ്റത്തിനു സംരക്ഷണം നല്‍കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍; സിപിഐഎമ്മും കണ്ണടച്ചു

സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിൽ ടോം സഖറിയയുടെ ഭൂമി കയ്യേറ്റത്തിനു കൂട്ടുനിന്നത്, യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെന്നതിനു തെളിവുകൾ. പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ് മേധാവി ടോം സഖറിയയും കുടുംബവും കയ്യേറിയ നൂറു കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന ലാൻഡ് റവന്യൂ ബോർഡിന്റെ ഉത്തരവ് അട്ടിമറിച്ചത് യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെന്നു തെളിവുകൾ ലഭിച്ചു.

2012 ജനുവരി 12ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയതിനു പിന്നാലെ കയ്യേറ്റ ഭൂമിയില്ലെന്നു വാദിച്ച് ടോം സഖറിയയുടെ പിതാവും കേരള കോൺഗ്രസ് (എം) നേതാവുമായ സഖറിയ ജോസഫ് നിയമമന്ത്രിയായിരുന്ന കെ എം മാണിയ്ക്കു കത്തു നൽകിയിരുന്നു. ജോസഫ് സഖറിയ നൽകിയ കത്ത് കെ എം മാണി റവന്യൂ മന്ത്രി അടൂർ പ്രകാശിനു കൈമാറി.

വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കൈവശം അധിക സ്വത്തുണ്ടെന്ന് സക്കറിയ ജോസഫ് നല്‍കിയ അപേക്ഷയില്‍ തന്നെ വ്യക്തമായിരിക്കെയാണ് മന്ത്രിയായിരുന്ന മാണി അപേക്ഷ റവന്യൂ മന്ത്രിയുടെ പരിഗണനയ്ക്കു നല്‍കിയത്. സഖറിയ ജോസഫും മക്കളും ബന്ധുക്കളും ഉള്‍പ്പെടെ 13 പേരുടെ പേരില്‍ 292.46 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്നാണു റവന്യൂ വകുപ്പും ക്രൈംബ്രാഞ്ചും 2012 ലെ അന്വേഷണത്തില്‍ കണ്ടെത്തിയത്.


ആദിവാസികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്ത ഭൂമി സഖറിയയും കുടുംബവും കയ്യേറിയെന്നും പിന്നീടു മറിച്ചു വിറ്റെന്നും കണ്ടെത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്. സഖറിയ ജോസഫും കുടുംബാംഗങ്ങളും നിയമം മറികടന്നു കൂടുതല്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ലാന്‍ഡ് ബോര്‍ഡിനു വേണ്ടി കെ ബി വത്സലകുമാരി 2012 ജനുവരി 12നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതിനു ശേഷം അതേ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് സഖറിയ ജോസഫ് കെ എം മാണിയ്ക്ക് കത്തു നല്‍കിയത് .


ചിന്നക്കനാല്‍ വില്ലേജില്‍ തന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയില്‍ കരം തീരുവയായിട്ടുള്ള ഭൂമിയാണിതെന്നും 1972 മുതല്‍ അടുത്ത നാള്‍ വരെ പലരില്‍ നിന്നും വിലയ്ക്കു വാങ്ങിയ സ്ഥലങ്ങളാണ് എല്ലാമെന്നും സഖറിയ ജോസഫ് നല്‍കിയ കത്തിലുണ്ട്. പട്ടയ വസ്തുവിനോടു ചേര്‍ന്ന് അനുവദനീയമായ അളവില്‍ കുറച്ച് സ്ഥലങ്ങള്‍ വിരിവായിട്ടും ഉണ്ട് (ആധാരത്തില്‍ ഉള്ളതും പുറമ്പോക്കില്‍ ഉള്‍പ്പെട്ടതുമായ ഭൂമി-വിരിവ് ). ഇക്കാര്യങ്ങളിലെ സത്യാവസ്ഥ കണ്ടെത്താനും ആവശ്യമായ നടപടി സ്വീകരിക്കാനും സ്ഥലങ്ങള്‍ അളന്ന് സംശയനിവാരണം നടത്തണമെന്നും മാണിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

വിരിവായി ഭൂമി ഉണ്ടെന്നു സമ്മതിക്കുന്ന കത്ത് മേല്‍ നടപടിയ്ക്കായി കെ എം മാണി 2012 മേയ് പത്തിനു റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനു കൈമാറി. അടൂര്‍ പ്രകാശ് ഈ കത്ത് മെയ് 20നു ജില്ലാ കളക്ടര്‍ക്കും കൈമാറി.


ലാന്‍ഡ് റവന്യൂ ബോര്‍ഡിന്റെ ഉത്തരവിറങ്ങിയ ശേഷം അഞ്ചു കളക്ടര്‍മാര്‍ മാറി വന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഭൂമി കൈവശം വച്ചിരിക്കുന്നവരോടു രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒരു രേഖ പോലും റവന്യൂ സംഘത്തിന്റെ മുമ്പില്‍ എത്തിയില്ല. ചിന്നക്കനാല്‍ വില്ലേജ് ഓഫീസില്‍ അതിക്രമിച്ചു കയറി ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുത്തു കൊണ്ടു പോയതിനു സഖറിയ ജോസഫിന്റെ മകന്‍ ബോബി സഖറിയയുടെ പേരില്‍ 2007 ജൂണ്‍ 6നു ശാന്തന്‍പാറ പൊലീസില്‍ കേസുണ്ട്. പ്രതിക്ക് യാതൊരു അവകാശവുമില്ലാത്ത ലാന്റ് അസൈന്‍മെന്റ് നമ്പര്‍ 65/77, 1622/62, 118/ 70 എന്നീ ഫയലുകളാണു വില്ലേജ് ഓഫീസറായിരുന്ന ജോര്‍ജ് പൗലോസിനെ ഭീഷണിപ്പെടുത്തി എടുത്തു കൊണ്ടു പോയെന്നു കേസ് ഡയറിയില്‍ പറയുന്നു.


ടോം സഖറിയയുടെ സഹോദരനാണ് ബോബി സഖറിയ. അന്നു ഭരിച്ചിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമലംഘനം നോക്കിനില്‍ക്കുകയായിരുന്നു. വെള്ളൂക്കുന്നേല്‍ സഖറിയ ജോസഫും മക്കളും കയ്യേറ്റക്കാരാണെന്ന് 2013-ല്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വെള്ളൂക്കുന്നേല്‍ കുടുംബത്തിനെതിരെ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങള്‍. പാപ്പാത്തിച്ചോലയില്‍ ടോം സഖറിയ മേധാവിയായ സ്പിരിറ്റ് ഇന്‍ ജീസസ് കുരിശ് നാട്ടി കയ്യേറിയ ഏക്കറു കണക്കിനു ഭൂമി ഒഴിപ്പിക്കുന്നതിനെതിരെ മന്ത്രി എം എം മണിയും ജില്ലയിലെ സിപിഐഎം നേതൃത്വവും രംഗത്തെത്തിയിരുന്നു.