പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശുയര്‍ന്നു; ഇത്തവണ മരക്കുരിശ്

മൂന്നാറിലെ റവന്യു വകുപ്പ് നടപടി വിവാദമായ സാഹചര്യത്തില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഒഴിയാതെ വീണ്ടും കുരിശുയര്‍ന്നിരിക്കുന്നത്.

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശുയര്‍ന്നു; ഇത്തവണ മരക്കുരിശ്

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിച്ച പാപ്പാത്തിചോലയില്‍ വീണ്ടും കുരിശു സ്ഥാപിക്കപ്പെട്ട നിലയില്‍. അഞ്ചടി ഉയരമുള്ള മരക്കുരിശാണ് ഇവിടെ ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കയ്യേറ്റമൊഴിപ്പിച്ച അതേ സ്ഥലത്താണ് മണ്ണില്‍ ഉറപ്പിച്ച നിലയില്‍ കുരിശ് സ്ഥാപിച്ചിരിക്കുന്നത്.

മൂന്നാറിലെ റവന്യു വകുപ്പ് നടപടി വിവാദമായ സാഹചര്യത്തില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയായതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഒഴിയാതെ വീണ്ടും കുരിശുയര്‍ന്നിരിക്കുന്നത്.

ഇപ്പോള്‍ കുരിശ് സ്ഥാപിക്കപ്പെട്ടതില്‍ തങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്ന് സ്പിരിറ്റ്‌ ഇന്‍ ജീസസ് അറിയിച്ചു. എന്നാല്‍ പ്രദേശവാസികള്‍ ഇവിടെ പ്രാര്‍ഥനായോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ പരക്കുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൽപ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമാണ് പിടിയിലായത്. ഇരുവരും സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തകരാണെന്നാണ് പ്രാഥമിക വിവരം.

മൂന്നാറില്‍ കുരിശ് പൊളിച്ചു മാറ്റിയതില്‍ ജാഗ്രത കുറവുണ്ടായെന്ന നിലപാട് ഇടതുയോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭാ മേലധ്യക്ഷന്‍മാരുള്‍പ്പെടെയുള്ളവരുടെ സര്‍വ്വകക്ഷി യോഗത്തിനു ശേഷം കയ്യേറ്റനടപടികള്‍ പുനഃരാരംഭിക്കാമെന്നാണ് തീരുമാനിച്ചത്. മൂന്നാറില്‍ ജെ.സി.ബി ഉപയോഗിക്കുന്നതിനും മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തി. ഒഴിപ്പിക്കല്‍ നടപടികള്‍ ഇനി മന്ത്രി എം.എം.മണിയുമായി കൂടിയാലോചിച്ചു വേണമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.

നടപടിക്രമങ്ങള്‍ പാലിച്ചാണ് ഒഴിപ്പിക്കല്‍ നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥരുടെ നടപടികളെ സിപിഐയും വാദിച്ചു. പ്രശ്നം കൂടുതല്‍ വഷളാക്കരുതെന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ നിര്‍ദേശം. തുടര്‍ന്നാണ്‌ കയ്യേറ്റം ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ധാരണയായത്‌.

(പ്രതീകാത്മക ചിത്രം)