കാസർഗോഡ് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി സൂചന; കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവിനെ തലവെട്ടി മാറ്റി കൊലപ്പെടുത്തി

കാസർഗോട്ടെ അധോലോക രാജാവായ കാലിയ റഫീഖ് കൊല്ലപ്പെടുകയും മറ്റൊരു ഗാങ്സ്റ്ററായ കാസായി അലി ജയിലിലാവുകയും ചെയ്തതോടെ അതിർത്തി മേഖല സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഗുണ്ടാസംഘങ്ങൾ സജീവമാകുന്നുവെന്ന സൂചനയാണ് അബ്ദുൽ സലാമിന്റെ കൊലപാതകത്തോടെ വ്യക്തമാകുന്നത്.

കാസർഗോഡ് ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി സൂചന; കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവിനെ തലവെട്ടി മാറ്റി കൊലപ്പെടുത്തി

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കാസർഗോഡ് ഗുണ്ടാസംഘങ്ങൾ സജീവമാകുന്നതായി സൂചന. കുമ്പളയിൽ കൊലക്കേസ് പ്രതിയും ഗുണ്ടാ നേതാവുമായ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെർവാഡ് സ്വദേശിയായ അബ്ദുൾ സലാമിനെയാണ് കുമ്പള മാളിയേങ്കര കോട്ടയിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബദരിയാ നഗർ സ്വദേശി നൗഷാദിനെ സമീപത്ത് തന്നെ കുത്തുകളേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.2014ല്‍ കുമ്പള പഞ്ചായത്ത് മുന്‍ അംഗം പേരാല്‍ മുഹമ്മദിന്റെ മകന്‍ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൾ സലാം. മണൽ മാഫിയകൾ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് ഷഫീഖ് കൊല്ലപ്പെടുന്നത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഓട്ടോറിക്ഷയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങുന്നതിനിടെ അബ്ദുൾ സലാമിനെയും നൗഷാദിനെയും മാറ്റുരണ്ടുപേരെയും കുമ്പള പൊലീസ് പിടികൂടിയിരുന്നു. തുടർന്നു ഉച്ചയോടെ നാല് പേരെയും പൊലീസ് വിട്ടയച്ചു. തുടർന്നാണ് അബ്ദുൾ സലാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ബി ജെ പി പ്രവര്‍ത്തനായ ദയാനന്ദനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ തോക്ക് ചൂണ്ടി അക്രമം നടത്തി മടങ്ങുന്നതിനിടയിലാണ് പൊലീസ് സംഘം ഇവരെ പിടികൂടിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. കുമ്പളയിൽ സമീപകാലത്ത് ഗുണ്ടാ സംഘങ്ങൾ സജീവമാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കാസർഗോട്ടെ അധോലോക രാജാവായ കാലിയ റഫീഖ് കൊല്ലപ്പെടുകയും മറ്റൊരു ഗാങ്സ്റ്ററായ കാസായി അലി ജയിലിലാവുകയും ചെയ്തതോടെ അതിർത്തി മേഖല സമാധാനത്തിലേക്ക് മടങ്ങിവരികയായിരുന്നു. അബ്ദുൾ സലാമും കൂട്ടരും രാത്രികാലങ്ങളിൽ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി ഹഫ്ത പിരിവു നടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ആരോപണമുയരുന്നുണ്ട്. അബ്ദുൾ സലാമിന്റെ കൊലയാളികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സലാമിനും നൗഷാദിനുമൊപ്പം ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരെ കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.