പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച ബിഎംഎസ് നേതാവിന് സിപിഐഎം സംരക്ഷണം; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടു

പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ഇയാളെ കഴിഞ്ഞ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലാണ് പ്രാദേശിക കമ്മിറ്റി സിപിഐഎമ്മിലെടുത്തത്. ബിജെപി പ്രവർത്തകരായിരുന്ന ഇയാളും കുടുംബവും ഒന്നടങ്കം പാർട്ടി അനുഭാവികളായി പരിപാടിയിൽ പങ്കെടുത്തു. മുമ്പും പെൺകുട്ടികളെ ശല്യം ചെയ്തതിന് അടൂർ കോടതി ശിക്ഷിച്ചിട്ടുള്ള രാകേഷിന്റെ പൂർവ ചരിത്രം മറന്ന സിപിഐഎം, ഇയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ ഇടപെട്ടുവെന്നും ആരോപണമുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച ബിഎംഎസ് നേതാവിന് സിപിഐഎം സംരക്ഷണം; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഇടപെട്ടു

പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ബിഎംഎസ് നേതാവിന് സംരക്ഷണം നൽകി സിപിഐഎം. ആലപ്പുഴ ജില്ലയിലെ നൂറനാട് പഞ്ചായത്തിലാണ് സംഭവം. പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഎംഎസ് നേതാവ് നൂറനാട് പാറ്റൂര്‍ അരവിന്ദിയില്‍ പുത്തന്‍വീട്ടില്‍ (അയോധ്യ) രാകേഷിനാണ് പാര്‍ട്ടി സംരക്ഷണം നല്‍കിയത്. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങിയ ശേഷവും യുവതിയെ ശല്യപ്പെടുത്തിയ കേസിലെ പ്രതിയാണ്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ഇയാളെ കഴിഞ്ഞ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലാണ് പ്രാദേശിക കമ്മിറ്റി സിപിഐഎമ്മിലെടുത്തത്. ബിജെപി പ്രവർത്തകരായിരുന്ന ഇയാളും കുടുംബവും ഒന്നടങ്കം പാർട്ടി അനുഭാവികളായി പരിപാടിയിൽ പങ്കെടുത്തു. മുമ്പും പെൺകുട്ടികളെ ശല്യം ചെയ്തതിന് അടൂർ കോടതി ശിക്ഷിച്ചിട്ടുള്ള രാകേഷിന്റെ പൂർവ ചരിത്രം മറന്ന സിപിഐഎം, ഇയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ ഇടപെട്ടുവെന്നും ആരോപണമുണ്ട്. രക്തസാക്ഷി ദിനത്തിൽ ഇയാളുടെ വാഹനത്തിലാണ് സിപിഐഎം പഞ്ചായത്ത് മെംബറടക്കമുള്ള നേതാക്കൾ സഞ്ചരിച്ചത്. ഇയാളുടെ കേസ് ഒതുക്കിത്തീർക്കാൻ സഹായിച്ച പാർട്ടി നേതാക്കൾ പട്ടികജാതി യുവതിയായ പ്രവർത്തകയുടെ പരാതി കണ്ടില്ലെന്ന് നടിക്കുകയാണ്. ഇയാൾക്കെതിരേ മന്ത്രിയായ ജി സുധാകരനു വരെ പരാതിപ്പെട്ട വിവരം അറിയുമായിരുന്നിട്ടും സിപിഐഎം നൂറനാട് കമ്മിറ്റി ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ ഇയാൾക്കനുകൂല നിലപാട് സ്വീകരിക്കുകയാണ്.

നൂറനാട് സ്വദേശിയായ പട്ടികജാതി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയാണ് രാകേഷ്. ഈ സംഭവത്തില്‍ യുവതി പരാതിപ്പെട്ടപ്പോള്‍ കേസെടുത്ത പൊലീസ് രാകേഷിനെ അറസ്റ്റ് ചെയ്യാതെ കീഴടങ്ങാന്‍ അവസരമൊരുക്കി. പിന്നീട് കോടതിയില്‍ കീഴടങ്ങിയ ഇയാളെ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്തു. ഇക്കാലയളവിലെല്ലാം ഇയാള്‍ ബിഎംഎസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമുദായ സംഘടനകള്‍ വരെ ഇടപെടുകയുണ്ടായി. ജാമ്യത്തിലിറങ്ങിയ രാകേഷ് വ്യവസ്ഥകള്‍ ലംഘിച്ച് പരാതിക്കാരിയെ നിരന്തരം ശല്യപ്പെടുത്തി. സമീപത്തുള്ള ക്ഷേത്രത്തിലെ ഉല്‍സവദിവസം ആയുധവുമായി യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ആയുധമുപയോ​ഗിച്ചു എന്ന കാര്യം ഉൾപ്പെടുത്തിയില്ല. സിപിഐഎം നേതാക്കൾ ഇടപെട്ടാണ് ഇക്കാര്യം ഒഴിവാക്കിയതെന്ന് യുവതി തന്നെ ആരോപിക്കുന്നു. യഥാർത്ഥ സംഭവം മറച്ചുവെച്ചു കൊണ്ട് യുവതിയുടെ പേരിൽ കള്ളപ്പരാതി തയ്യാറാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഐജി ഇടപെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഐജി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

സിപിഐഎം പ്രാദേശിക കമ്മിറ്റിക്ക് വ്യക്തമായി അറിയുന്ന ഈ സംഭവങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുവതി ജി സുധാകരന് പരാതി നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ ഓഫീസില്‍ നിന്നും യുവതിയുടെ പരാതി ഡിജിപി ഓഫീസിലേക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ നൂറനാട് പൊലീസ് തയ്യാറായില്ല. ഏതാണ്ട് നാലിലധികം കേസുകള്‍ രാകേഷിനെതിരേ നൂറനാട് പൊലീസിൽ മാത്രം നിലനിൽക്കുന്നുണ്ട്. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ പരാതിക്കാരിയെ കൂടാതെ മറ്റു സ്ത്രീകളെയും നിരന്തരം ശല്യം ചെയ്തതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള രാകേഷിന്റെ ക്രിമിനൽ പശ്ചാത്തലം പാർട്ടി ഘടകങ്ങൾക്ക് വരെ അറിയുന്നതാണ്. കഴിഞ്ഞ നവംബര്‍ 30ന് രക്തസാക്ഷി ദിനത്തിലാണ് രാകേഷ് സിപിഐഎമ്മിനൊപ്പം ചേരുന്നത്. സംസ്ഥാന- ജില്ലാ നേതാക്കളടക്കം സന്നഹിതരായ വേദിയില്‍ ഇയാളെയും കുടുംബത്തേയും പാർട്ടി അനുഭാവികളായി പ്രഖ്യാപിക്കുകയുണ്ടായി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ സമുദായ സംഘടനകളും ഇടപെട്ടിരുന്നു. യുവതി ഇയാൾക്കെതിരേ പൂർവവെെരാ​ഗ്യം വെച്ച് പെരുമാറുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമുദായപ്പാർട്ടി വിഷയം ഒതുക്കിത്തീർക്കാൻ ഇടപെടൽ നടത്തിയത്. സമാന നിലപാട് സ്വീകരിച്ചിരിക്കുന്ന സിപിഐഎം പ്രാദേശിക ഘടകം പട്ടികജാതിക്കാരിയായ പ്രവർത്തകയുടെ പരാതിയും രാകേഷിന്റെ ക്രിമിനൽ പശ്ചാത്തലവും സൗകര്യപൂർവ്വം കണ്ടില്ലെന്നു നടിക്കുന്നുവെന്നും ആരോപണമുണ്ട്.