പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഐഎം നേതാക്കളിലേക്ക്

അന്വേഷണത്തിന്റെ ഭാ​ഗമായി കാസർകോട് എത്തിയ ക്രൈം ബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ഇതുവരെ കേസ് അന്വേഷിച്ചിരുന്ന സംഘവുമായി ചർച്ച നടത്തി.

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ സിപിഐഎം നേതാക്കളിലേക്ക്

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം കൂടുതൽ സിപിഐഎം നേതാക്കളിലേക്ക് നീങ്ങുന്നതായി സൂചന. കേസിൽ കൂടുതൽ നേതാക്കളുടെ പങ്കും അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്.

ഇതോടെ കേസില്‍ സിപിഐഎം കൂടുതല്‍ പ്രതിരോധത്തിലാവും. കേസിന്റെ ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സിപിഐഎം നേതാക്കൾക്ക് പങ്കുള്ളതായാണ്‌ പുതിയ സൂചനകള്‍. ഇക്കാര്യവും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാ​ഗമായി കാസർകോട് എത്തിയ ക്രൈം ബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖ്, ഇതുവരെ കേസ് അന്വേഷിച്ചിരുന്ന സംഘവുമായി ചർച്ച നടത്തി. പ്രതികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച സംഘം സം‌ഭവസ്ഥലവും സന്ദർശിച്ചു.

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള പീതാബംരന്‍ ഉള്‍പ്പടെയുള്ള പ്രതികളെ ഇന്ന് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. കേസ് ഡയറി ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കും.​

നിലവിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

അറസ്റ്റിലായ പ്രതികള്‍ക്ക് പുറമെ ഇനിയും കൂടുതല്‍ പേര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പങ്കെടുത്തിട്ടുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുക.

Read More >>