സർക്കാർ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന പരാതിയിൽ മ്യൂസിയം എസ്‌ഐ സുനിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ്

കള്ളക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ചെന്ന സർക്കാർ ഉദ്യോഗസ്ഥന്റെ പരാതിയിൽ മ്യൂസിയം എസ്‌ഐ സുനിലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജിയോളജിസ്റ്റ് ആയ പേരൂർക്കട സ്വദേശി ശ്രീജിത്തിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.2016 ഏപ്രിലിൽ സുനിൽ കഴക്കൂട്ടം എസ്‌ഐയായിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. ഇതിനിടെയാണ് തലസ്ഥാനത്തെ തന്ത്രപ്രധാന പൊലീസ് സ്റ്റേഷനായ മ്യൂസിയം പൊലീസ് സ്റ്റേഷൻ ചുമതലയിലേക്ക് സുനിൽ എത്തുന്നത്. പൊതുവെ അന്വേഷണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രധാന സ്റേഷനുകളിലോ ചുമതലയിലോ നിയമിക്കാറില്ല എന്നിരിക്കെയാണ് സുനിലിന് പ്രത്യേക പരിഗണന ലഭിച്ചത്.

സർക്കാർ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന പരാതിയിൽ മ്യൂസിയം എസ്‌ഐ സുനിലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ്

ഡിജിപി ഓഫീസിനു മുന്നിൽ സമരം ചെയ്ത ജിഷ്ണു പ്രണോയിയുടെ കുടുംബത്തെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്ത മ്യൂസിയം എസ്‌ഐ സുനിലിനെതിരെ കൂടുതൽ ആരോപണങ്ങൾ. നേരത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിൽ വച്ച് ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് മാധ്യമപ്രവർത്തകരെയുൾപ്പടെ കസ്റ്റഡിയിലെടുക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് സുനിലായിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വഴിയരികിൽ തണ്ണിമത്തൻ വിൽക്കുന്നവരെ തെറി വിളിക്കുന്ന നിലയിലുള്ള വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കള്ളക്കേസിൽ കുടുക്കി അന്യായമായി ജയിലിലടച്ചെന്ന സർക്കാർ ഉദ്യോഗസ്ഥന്റെ പരാതിയിൽ മ്യൂസിയം എസ്‌ഐ സുനിലിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജിയോളജിസ്റ്റ് ആയ പേരൂർക്കട സ്വദേശി ശ്രീജിത്തിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.2016 ഏപ്രിലിൽ സുനിൽ കഴക്കൂട്ടം എസ്‌ഐയായിരിക്കെയാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്.

കഴക്കൂട്ടം എസ്‌ഐ ആയിരിക്കെ ഗുരുതരമായ ആരോപണവും പരാതിയും ഉയർന്നതിനിടെയാണ് തലസ്ഥാനത്തെ തന്ത്രപ്രധാന പൊലീസ് സ്റ്റേഷനായ മ്യൂസിയം പൊലീസ് സ്റ്റേഷൻ ചുമതലയിലേക്ക് സുനിൽ എത്തുന്നത്. പൊതുവെ അന്വേഷണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രധാന സ്റേഷനുകളിലോ ചുമതലയിലോ നിയമിക്കാറില്ല എന്നിരിക്കെയാണ് സുനിലിന് പ്രത്യേക പരിഗണന ലഭിച്ചത്.

ജിയോളജി വകുപ്പ് കൊല്ലം ജില്ലാ ഓഫീസിൽ ജോലി ചെയ്തു വരവേ മണ്ണ് - മണൽ ഏജന്റായ കൊല്ലം കോയിക്കമുറി സ്വദേശി സലിംകുമാർ ചില വിഷയങ്ങൾക്ക് കൈക്കൂലി നൽകാൻ സമീപിച്ചുവെന്നും താൻ അത് നിരസിച്ചുവെന്നും ശ്രീജിത്ത് പറയുന്നു. പിന്നീട് ശ്രീജിത്തിനെയും ഓഫീസിലെ ചില വനിതാ ജീവനക്കാരെയും സലിംകുമാർ ഫോണിലൂടെ തെറി വിളിക്കുകയും അത് വൻ പ്രശ്നമായി വളരുകയും ചെയ്തു.

ശ്രീജിത്തിന്റെ സുഹൃത്ത് ഡോ. സഞ്ജീവും വിഷയത്തിലിടപെട്ടതോടെ ഇരുവർക്കും നേരെയായി പ്രശ്നങ്ങൾ. ഫോണിലെ അസഭ്യം പറച്ചിലും ഭീഷണിയും തുടർന്നതോടെ 2016 മാർച്ച് അവസാനവാരത്തിൽ വെട്ടുറോഡിൽ വച്ച് നേരിൽ കാണുകയും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇത് കയ്യാങ്കളിയിലാണ് അവസാനിച്ചത്. തുടന്ന് മാർച്ച് 29നു ശ്രീജിത്തിനെ കഴക്കൂട്ടം എസ്‌ഐയായിരുന്ന സുനിൽ ഫോണിൽ വിളിക്കുകയും സലിംകുമാറിനെ കഴക്കൂട്ടത്ത്‌ വച്ച് മർദിച്ചതിന്റെ പേരിൽ ഒരു കേസുണ്ടെന്നും അതിനാൽ വിളിക്കുമ്പോൾ ഹാജരാവണമെന്നും പറഞ്ഞു. പിന്നീട് സലിംകുമാറിന്റെ സുഹൃത്തുക്കൾ ചിലർ ശ്രീജിത്തിന്റെ സുഹൃത്ത് ഡോ. സഞ്ജീവിനെ വിളിച്ച് ഈ കേസ് സലിംകുമാറുമായി സംസാരിച്ച് ഒത്തു തീർപ്പാക്കാനായി വരാൻ ആവശ്യപ്പെട്ടു. ഇതിനായി മുപ്പത്തൊന്നാം തീയതി രാത്രി ഏഴുമണിയോടെ കഴക്കൂട്ടം കാട്ടായിക്കോണത്തെത്തിയ ശ്രീജിത്തിനെയും ഡോ. സഞ്ജീവിനെയും എസ്‌ഐ സുനിലും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു.

അവിടെ വച്ച് മർദ്ദനമേറ്റുവെന്നും ശ്രീജിത്ത് പറയുന്നു. അറസ്റ്റിലാവുമ്പോൾ കയ്യിലുണ്ടായിരുന്ന അമ്പതിനായിരം രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. അടുത്ത ദിവസം ഉച്ചയോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സലിംകുമാറിനെ ആക്രമിച്ച് ഇരുപത്തിനാലായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തതെന്ന കേസിൽ പ്രതിയാക്കിയിരിക്കുകയാണ് എന്ന് മനസ്സിലായതെന്ന് ശ്രീജിത്ത് പറഞ്ഞു. തുടർന്ന് റിമാൻഡ് ചെയ്യപ്പെട്ട ശ്രീജിത്ത് ഇരുപതു ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് പുറത്തിറങ്ങിയത്.

കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കാൻ വാദിയായ സലിംകുമാർ നൽകിയ മൊഴിയിലെ വൈരുധ്യവും പൊലീസ് ഭാഷ്യത്തിലെ പൊരുത്തക്കേടുകളുമാണ് ശ്രീജിത്ത് ചൂണ്ടി കാട്ടുന്നത്. നാലു വർഷമായി നേരിൽ പരിചയമുള്ള സലിംകുമാർ 'കണ്ടാൽ തിരിച്ചറിയാവുന്ന ആൾ' എന്നരീതിയിൽ തനിക്കെതിരെ മൊഴികൊടുത്തത് ദുരൂഹമാണെന്നും ശ്രീജിത്ത് ആരോപിക്കുന്നു. കേസിന്റെ വിവരങ്ങളാരാഞ്ഞ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തന്റെ സുഹൃത്തുക്കളെ എസ്‌ഐ സുനിൽ ഇതൊരു മോശപ്പെട്ട കേസാണെന്നും തന്റെ സ്വഭാവം മോശമാണെന്നും പറഞ്ഞ് വ്യക്തിഹത്യ ചെയ്യുകയാണുണ്ടായതെന്നും ശ്രീജിത്ത് നാരദാ ന്യൂസിനോട് പറഞ്ഞു.

നേരത്തെ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീജിത്ത് ജിയോളജി വകുപ്പിൽ ജോലി ലഭിച്ചതിനെത്തുടർന്ന് മാറുകയായിരുന്നു. ഭാര്യയും ജിയോളജി വകുപ്പിൽ ഉദ്യോഗസ്ഥയാണ്. നിലവിൽ ഒരു വർഷത്തോളമായി സസ്‌പെൻഷനിലാണ്‌ ശ്രീജിത്ത്. തനിക്കെതിരെ കേസ് കെട്ടിച്ചമക്കുന്നതിനു നേതൃത്വം നൽകിയത് എസ്‌ഐ സുനിലാണ്. കഴക്കൂട്ടം പൊലീസ് പ്രതികൂലമായി റിപ്പോർട്ട് നല്കിയതിനാലാണ് താൻ ഇപ്പോഴും സസ്‌പെൻഷനിൽ തുടരേണ്ടി വരുന്നതെന്നും ശ്രീജിത്ത് നാരദാ ന്യൂസിനോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിങ് സിഐ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സുനിലിനെതിരെ ശ്രീജിത്ത് പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും നൽകിയ പരാതിയിലും ഉടൻ നടപടിയുണ്ടാകും.

ഇത്രയധികം ആരോപണങ്ങൾ നേരിടുകയും ഗുരുതരമായ പരാതിയിൽ അന്വേഷണം നേരിടുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനെ സംസ്ഥാന തലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷന്റെ ചുമതലയിൽ ഇരുത്തുന്നതിനെതിരെ വ്യാപക പ്രതിഷേമാണ് ഉയരുന്നത്. ദേശീയഗാന വിവാദവും ജിഷ്ണുവിന്റെ ബന്ധുക്കളുടെ സമരവുമായി ബന്ധപ്പെട്ട വിവാദവും ഏറെ ഒച്ചപ്പാടുണ്ടാക്കുകയും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്ത വിഷയങ്ങളായിരുന്നു.