വിഷു വിപണി ലക്ഷ്യമിട്ട് അനധികൃത പടക്ക ശേഖരം; സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ പടക്കക്കടകളും സജീവമാകുന്നു

സംസ്ഥാനത്തെ ഉയർന്ന ചൂടും വർദ്ധിച്ചുവരുന്ന തീപ്പിടുത്തങ്ങളും അപകടസാധ്യത ഉയർത്തുമ്പോഴും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പടക്കക്കടകൾ സജീവമാകുന്നത്. നടപടിയെടുക്കേണ്ട പൊലീസ്, റവന്യൂ വകുപ്പുകളാകട്ടെ ഉറക്കത്തിലാണ്.

വിഷു വിപണി ലക്ഷ്യമിട്ട് അനധികൃത പടക്ക ശേഖരം; സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ പടക്കക്കടകളും സജീവമാകുന്നു

വിഷു വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് അനധികൃത പടക്കശേഖരം വ്യാപകമാകുന്നു. പടക്കം സൂക്ഷിക്കാനുള്ള ലൈസൻസിൽ നിർദേശിച്ചതിനും കൂടുതലായാണ് വ്യാപാരികൾ പടക്കം ശേഖരിക്കുന്നത് എന്ന് അധികൃതർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. അനധികൃത പടക്ക ശേഖരം കണ്ടെത്താനുള്ള റെയിഡുകൾ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇവയും ഫലപ്രദമാകാറില്ല.

കണ്ണൂരിൽ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 4000 കിലോ അനധികൃത പടക്കശേഖരം പിടികൂടിയിരുന്നു. 500 കിലോഗ്രാം മാത്രം സൂക്ഷിക്കാൻ ലൈസൻസുള്ള ഇരിട്ടി നേരമ്പോക്കിലെ പടക്കക്കട ഉടമ ജയരാജിന്റെ പക്കൽ നിന്നുമാണ് വൻ പടക്കശേഖരം പിടികൂടിയിരിക്കുന്നത്.

വിഷുവടുത്തതോടെ പടക്കക്കടകളും സജീവമായിത്തുടങ്ങി. ആൾത്തിരക്കുള്ള മാർക്കറ്റുകളിലും മറ്റും യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പല കടകളും ഒരുങ്ങുന്നത്. പൊലീസിനും റവന്യൂ വകുപ്പിനും എളുപ്പത്തിൽ നടപടിയെടുക്കാമെന്നിരിക്കെ ഉദ്യോഗസ്ഥസംവിധാനം ഉറക്കത്തിലാണ്. കഴിഞ്ഞ വർഷം മാർച്ചിൽ കണ്ണൂരിലെ ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് വലിയ സ്ഫോടനം നടന്നിരുന്നു. കണ്ണൂർ പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിയിലെ വീട്ടിൽ നടന്ന സ്‌ഫോടനത്തിൽ ആറോളം വീടുകൾ പൂർണമായും തകർന്നിരുന്നു.

സംസ്ഥാനത്തെ ഉയർന്ന ചൂടും വർദ്ധിച്ചുവരുന്ന തീപ്പിടുത്തങ്ങളും അപകടസാധ്യത ഉയർത്തുന്നു. ലൈസൻസുള്ള കടകളെക്കാൾ മുൻവർഷങ്ങളിൽ അനധികൃത പടക്കക്കടകളായിരുന്നു കൂടുതൽ. ലൈസൻസുള്ള കടകളിൽ പോലും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലെന്നിരിക്കെ അനധികൃത കടകൾ ഏറെ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

Story by