രക്തസാക്ഷി മണ്ഡപത്തിലെ സെല്‍ഫി; ആകാശിനും കൂട്ടുകാരിയ്ക്കും സിപിഎം പിന്തുണയില്ല

സൈബര്‍ സഖാക്കളില്‍ പ്രമുഖനായ ആകാശ് തില്ലങ്കരിക്കും പ്രതിശ്രുത വധുവിനും കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ സദാചാര ഗുണ്ടായിസം നേരിട്ടു. കൂട്ടുകാരിയേയും തന്നെയും അപമാനിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പോരാട്ടത്തിനിറങ്ങിയ ആകാശിനെ തള്ളിപ്പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത്- ആകാശ് പ്രതികരിച്ച രീതി ശരിയല്ലെന്ന് ജയരാജന്‍ തുറന്നടിച്ചു. സൈബര്‍ മലയാളികളാവട്ടെ ആകാശിനും കൂട്ടുകാരിക്കുമൊപ്പം സദാചാര ഗുണ്ടായിസത്തിനെതിരെയും

രക്തസാക്ഷി മണ്ഡപത്തിലെ സെല്‍ഫി; ആകാശിനും കൂട്ടുകാരിയ്ക്കും സിപിഎം പിന്തുണയില്ല

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ വിവാദത്തിലായ പാര്‍ട്ടിയംഗം ആകാശ് തില്ലങ്കേരിയെയും കൂട്ടുകാരിയെയും തള്ളി സിപിഐഎം നേതൃത്വം. ഏപ്രില്‍ 29ന് ആകാശും പ്രതിശ്രുത വധു ഐശ്വര്യ കുന്നത്തും സുഹൃത്ത് മിഥുന്‍ മഹേന്ദ്രനും രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിനിടെയാണ് സദാചാര ഗുണ്ടായിസം നടന്നത്. ഒരു സംഘം സിപിഐഎം പ്രവര്‍ത്തകരായ ടാക്സി ഡ്രൈവര്‍മാര്‍ ഇത് തടയുകയും തുടര്‍ന്ന് വാദപ്രതിവാദങ്ങളും ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ഇതിനിടെ ഐശ്വര്യയെ മിഥുന്റെ നേരെ പിടിച്ചുതള്ളുകയും ചെയ്തു.

സദാചാര പൊലീസ് ചമഞ്ഞെത്തിയ സിപിഐഎം അനുഭാവിയായ പനോളി രത്‌നാകരനും സുഹൃത്തുമാണ് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ആകാശ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. പ്രശ്‌നങ്ങളെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരനോട് പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും ആകാശ് പറയുന്നു.

ടാക്‌സി തൊഴിലാളികളായ പനോളി രത്‌നാകരനും സുഹൃത്തും തുടര്‍ന്നും വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അവര്‍ വിവരമറിയിച്ചതനുസരിച്ച് കൂത്തുപറമ്പ് എസ് ഐ മനു സ്ഥലത്തെത്തി മൂന്നുപേരെയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ് ഐ തങ്ങളെ മര്‍ദ്ധിച്ചതായും ആകാശ് ആരോപിക്കുന്നു. ഡിവൈഎഫ് ഐ നേതാവ് അനില്‍കുമാര്‍ എം പിയും സുഹൃത്തുക്കളുമെത്തിയാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്നതെന്നും ആകാശിന്റെ എഫ് ബി പോസ്റ്റില്‍ പറയുന്നുണ്ട്.

ആകാശും കൂട്ടുകാരും നേരിട്ട സദാചാര ഗുണ്ടായിസത്തിനെതിരെ രാഷ്ട്രീയം നോക്കാതെ പ്രതികരണമുണ്ടായി. പ്രാദേശിക പാര്‍ട്ടി നേതൃത്വം ഇതോടെ പ്രതിക്കൂട്ടിലായി. പ്രാദേശികമായി പറഞ്ഞു തീര്‍ക്കാനുള്ള ശ്രമങ്ങളും ആകാശിന്‍റെ പരസ്യപ്രതികരണത്തോടെ പ്രതിസന്ധിയിലായി.

തുടര്‍ന്ന് ആകാശിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്ന തരത്തിലാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നു. രക്തസാക്ഷി മണ്ഡപത്തില്‍ യുവതീ-യുവാക്കള്‍ പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷേ ആകാശിന്റെ നടപടി ശരിയായില്ലെന്നുമാണ് പി. ജയരാജന്റെ എഫ് ബി പോസ്റ്റ്. അവിടെ വച്ച് തന്നെ പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നം ഇത്രത്തോളം എത്തിച്ചത് ആകാശാണ്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും ആകാശാണെന്ന് ജയരാജന്‍ പറയുന്നു. പാര്‍ട്ടിയിലാണ് വിഷയം ഉന്നയിക്കേണ്ടതെന്നും സമൂഹമാധ്യമങ്ങളിലല്ലെന്നും അദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

ഇതിനിടെ ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര പൊലീസിംഗിന് സമാനമാണ് കൂത്തുപറമ്പിലും നടന്നതെന്നുള്ള തരത്തിലുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും സജീവമാണ്. വിഷയം സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചത് ശരിയായില്ലെന്നും ആകാശ് പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന രീതിയിലും പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഡിവൈഎഫ് ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആകാശിന് പിന്നില്‍ ഉറച്ചു നിന്നിരുന്നെങ്കിലും പി ജയരാജന്റെ എഫ് ബി പോസ്റ്റ് വന്നതോടെ പലരും നിലപാട് മാറ്റിയിട്ടുണ്ട്. അതേസമയം ആകാശിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോഴും കൂടെത്തന്നെയുണ്ട്.

ആകാശ് തില്ലങ്കേരി- എന്ന ഫേസ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദം തുടരുകയാണ്.