'സുരേഷ് കീഴാറ്റൂരിനും വധഭീഷണി' വയല്‍ക്കിളികളെ പേടിപ്പിച്ചു ചിതറിക്കാന്‍ ഗൂഢാലോചന; സിപിഐഎമ്മിനെതിരെ ആരോപണം

വയല്‍ക്കിളി സമരം നയിക്കുന്ന സുരേഷ് കീഴാറ്റൂരിനും വധഭീഷണി. സുരേഷിന്റെ സഹോദരനെ വധിക്കാന്‍ വന്നവരാണ് എസ്എഫ്‌ഐ നേതാവ് കിരണിനെ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു

സുരേഷ് കീഴാറ്റൂരിനും വധഭീഷണി വയല്‍ക്കിളികളെ പേടിപ്പിച്ചു ചിതറിക്കാന്‍ ഗൂഢാലോചന; സിപിഐഎമ്മിനെതിരെ ആരോപണം

വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിനും വധഭീഷണി. തന്റെ ഭാര്യയോട് സിപിഐഎം ഏരിയ സെന്റര്‍ പ്രവര്‍ത്തകനായ കെ. മുരളീധരനാണ് വധഭീഷണി മുഴക്കിയതെന്ന് സുരേഷ് കീഴാറ്റൂര്‍ നാരദ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം തൃച്ചംബരം ക്ഷേത്രത്തില്‍ എസ്എഫ്‌ഐ നേതാവ് കിരണിനു കുത്തേറ്റിരുന്നു. കിരണിനെ കുത്തിയത് വയല്‍ക്കിളികളെ വധിക്കാന്‍ ലക്ഷ്യമിട്ട് വന്നവരാണെന്ന് പൊലീസിന് മൊഴി നല്‍കിയതായി സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മാധ്യമ സമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. സുരേഷിന്റെ സഹോദരന്‍ രതീഷിനെ വധിക്കാനാണ് വന്നതെന്ന പേര് സഹിതമാണ് ജയരാജന്റെ വെളിപ്പെടുത്തല്‍. ഇതേ കാര്യം പിന്നീട് മാധ്യമങ്ങളോട് പൊലീസും പറഞ്ഞു. ഇരട്ട കൊലപാതകം നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പി. ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസുകാരാണ് പ്രതികളെന്നാണ് ജയരാജന്റെ ആരോപണം. എന്നാല്‍ പിടിയിലായത് ക്വട്ടേഷന്‍ സംഘമാണെന്നും സൂചനകളുണ്ട്. കീഴാറ്റൂര്‍ സമര നേതാക്കള്‍ക്കു നേരെ വധ ഭീഷണിയുണ്ടെന്ന് പി. ജയരാജനും പൊലീസും വ്യക്തമാക്കിയിരിക്കുന്ന അവസരത്തിലാണ് സുരേഷ് കീഴാറ്റൂരിന്റെ പരാതി കൂടുതല്‍ പ്രസക്തമാകുന്നത്.

കീഴാറ്റൂര്‍ ദേശീയപാത ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം ആരംഭിച്ചതുമുതല്‍ വിവിധ ഭാഗങ്ങളില്‍നിന്നും സമരത്തിനും പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അവസാനം ഭീഷണി നേരിട്ടത് വയല്‍കിളി നേതാവ് നമ്പ്രാടത്ത് ജാനകി (70) എന്ന ജാനുവിനാണ്. പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്ന ജാനുവിനെ സിപിഐഎം പ്രവര്‍ത്തകരായ ചന്ദ്രന്‍, കെപി പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെതിരെ ചൊവ്വാഴ്ച രാവിലെ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിനു മുന്‍പാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായിരുന്നതായി സുരേഷ് 'നാരദയോട്' പറഞ്ഞത്. ഭര്‍ത്താവിനെ വെട്ടിനുറുക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. തളിപ്പറമ്പ് ഏരിയ സെന്റര്‍ പ്രവര്‍ത്തകന്‍ കെ മുരളീധരന്നാണ് വധഭീഷണി നടത്തിയത്. എന്നാല്‍ അത്തരം ഭീഷണിക്കൊന്നും പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന്‍ താല്പര്യമില്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു.അതേസമയം ഇത്രയും കാലം ക്ഷമിച്ചു നില്കുകയായിരുന്നുവെന്നും ഇനി പരാതി പറയാതിരിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും സുരേഷ് പറഞ്ഞു. കൂടാതെ പ്രായം പോലും നോക്കാതെയാണ് പലപ്പോഴും ഭീഷണികളും തെറിവിളികളും പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്നത്. സുരേഷും വധഭീഷണിക്കെതിരെ പരാതിക്ക് ഒരുങ്ങുകയാണ്. പാര്‍ട്ടി ജില്ലാ സമ്മേളനം പോലും സമരത്തിന് എതിരെ നിലപാട് എടുത്തിരുന്നില്ല. എന്നാല്‍ സമ്മേളനത്തിനു ശേഷം സമരത്തിനെതരാണ് സിപിഐഎമ്മെന്ന് ജയരാജന്‍ തന്നെ പ്രസ്താവിച്ചു.

കീഴാറ്റൂരിലെ 75 ഏക്കര്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളം നിരാഹാര സമരമുള്‍പ്പെടെ നിരവധി സമര മാര്‍ഗങ്ങളാണ് വയല്‍കിളികള്‍ സംഘടിപ്പിക്കുന്നത്. ജനുവരി നാലാം തീയതി കേന്ദ്ര സര്‍ക്കാര്‍ വയല്‍ നികത്താനുളള അനുമതി നല്‍കികൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് രണ്ടാം ഘട്ട സമരവുമായി വയല്‍കിളികള്‍ വീണ്ടും സജീവമായത്.

ദേശീയ പാത നിര്‍മിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ താത്പര്യം കാണിക്കുന്നത് തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവാണെന്ന ആരോപണം സമര സമിതി ഉന്നയിക്കുന്നുണ്ട്. ഒരു കമ്മ്യൂണിസ്റ്റ്കാരനെക്കാള്‍ ഉപരി ഒരു കച്ചവടക്കാരനാണ് ജെയിംസ് മാത്യു എന്നാണ് സമരസമിതി ആരോപിക്കുന്നത്. വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിന് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ശക്തമായ പിന്തുണയാണുള്ളത്. പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ പാര്‍ട്ടി മുന്നോട്ടിവെച്ച വികസന മാതൃകയ്ക്കെതിരെയാണ് വയല്‍കിളികള്‍ സമരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

വയല്‍ക്കിളികളുടെ സമരം മഹാരാഷ്ട്ര ലോങ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സജീവമാവുകയാണ്. സമരം ചെയ്യുന്നവരില്‍ അധികവും പാര്‍ട്ടി അംഗങ്ങളും അണികളുമാണ്. ലോങ്മാര്‍ച്ചിലെ പോലെ ഇവരും സിപിഐഎം കൊടിയാണ് സമരത്തില്‍ ഏന്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ സമരം എന്ന നിലയ്ക്കാണ് തുടക്കം. എന്നാല്‍, കുടിയേറ്റ വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കൃഷിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള സമരത്തിന് പാര്‍ട്ടി എതിരാവുകയായിരുന്നു. സൗഹൃദ സമീപനത്തില്‍ നിന്നും ശത്രുതയിലേയ്ക്ക് പാര്‍ട്ടി നീങ്ങിയതോടെ പല തരത്തിലുള്ള ഭീഷണികള്‍ വയല്‍ക്കിളികള്‍ക്കു നേരെയുണ്ട്.


Read More >>