ബാറുകള്‍ക്കെതിരേ നിയമപോരാട്ടം നടത്തിയ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി; ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍

കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തനാനുമതി നേടിയ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് രാജേന്ദ്രന്റെ നിയമപോരാട്ടത്തെത്തുടര്‍ന്ന് താഴുവീണിരുന്നു. ഇതിനുപിന്നാലെയായിരുന്നു ലോക്കൽ കമ്മിറ്റിയംഗമായ രാജേന്ദ്രനെതിരെ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി.

ബാറുകള്‍ക്കെതിരേ നിയമപോരാട്ടം നടത്തിയ ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരേ സിപിഐഎമ്മിന്റെ അച്ചടക്ക നടപടി; ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍

പാതയോരത്തെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തിയതിന് ലോക്കല്‍ കമ്മിറ്റിയംഗത്തെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ മ്രാല ലോക്കല്‍ കമ്മിറ്റിയംഗം പി കെ രാജേന്ദ്രനെയാണ് സിപിഐഎം അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയോട് ആലോചിക്കാതെ ബാറുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി എന്നാരോപിച്ചായിരുന്നു അച്ചടക്ക നടപടി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തനാനുമതി നേടിയ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് രാജേന്ദ്രന്റെ നിയമപോരാട്ടത്തെത്തുടര്‍ന്ന് താഴുവീണിരുന്നു. ഇതിനുപിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ തൊടുപുഴയിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് ലൈസന്‍സ് ലഭിക്കാനുള്ള അനുകൂല വിധി സമ്പാദിച്ചിരുന്നു. തൊടുപുഴയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ജില്ലാ റോഡുകളാണെന്നായിരുന്നു ബാറുടമകളുടെ വാദം. ഇതു തെളിയിക്കാന്‍ പതിനേഴു വര്‍ഷം മുമ്പുള്ള സര്‍ക്കാര്‍ വിജ്ഞാപനവും ബാറുടമകള്‍ ഹാജരാക്കി. 7-4-2000 തിയതിയിലെ സര്‍ക്കാര്‍ ഗസറ്റ് തെളിവായി സ്വീകരിച്ച കോടതി അഞ്ചു ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റിലും സര്‍ക്കാര്‍ രേഖകളിലും ഈ റോഡുകള്‍ സംസ്ഥാനപാതകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറയാതിരുന്ന സാഹചര്യത്തിലാണ് ബാറുകള്‍ക്ക് അനുകൂല ഉത്തരവ് ലഭിച്ചത്. ഇതുപ്രകാരം സിസിലിയ, അമ്പാടി, മൂണ്‍ലൈറ്റ്, ജോയന്‍സ്, മുട്ടത്തെ ഗ്രീന്‍ ഓയാസീസ് എന്നീ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തു.

ഇതോടെയാണ് തൊടുപുഴയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും സിപിഐഎം മ്രാല ലോക്കല്‍ കമ്മിറ്റിയംഗവുമായ പി കെ രാജേന്ദ്രന്‍ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നത്. അനുമതി ലഭിച്ച ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്ന റോഡുകള്‍ സംസ്ഥാനപാതയാണെന്ന് രാജേന്ദ്രന്‍, രേഖകളുടെ പിന്‍ബലത്തോടെ ഹൈക്കോടതിയില്‍ തെളിയിച്ചു. ഇതോടെ എക്‌സൈസ് കമ്മീഷണര്‍ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സിസിലിയ, അമ്പാടി, മൂണ്‍ലൈറ്റ് എന്നീ ബാറുകള്‍ അടച്ചുപൂട്ടി.

ദിവസങ്ങള്‍ക്കുള്ളില്‍ രാജേന്ദ്രനെതിരേ സിപിഐഎം അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനപാത 33 ന്റെ പരിധിയല്ല എന്ന വാദമുയര്‍ത്തി ജോയന്‍സ്, ഗ്രീന്‍ ഓയാസീസ് എന്നീ ബാറുകള്‍ ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുകയാണ്. ഈ ബാറുകള്‍ക്ക് സമീപത്തെ റോഡുകള്‍ സംസ്ഥാനപാതയാണെന്ന് സര്‍ക്കാര്‍ രേഖകളിലുള്ളപ്പോള്‍ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ എക്‌സൈസ് ഉന്നതരുടെ ഒത്താശയുണ്ടെന്ന വാദം ബലപ്പെടുകയാണ്. ഇതിനെതിരേ ശബ്ദിക്കാത്ത പാര്‍ട്ടിനേതൃത്വം, ശബ്ദമുയര്‍ത്തിയ പ്രവര്‍ത്തകനെതിരേ നടപടിയെടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപമുയരുന്നുണ്ട്.