പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഐഎം: ജിഷ്ണുവിന്റെ അമ്മയെ മർദിച്ചിട്ടില്ല; നടപടി സർക്കാർ നയത്തിന് അനുസൃതം

ഡിജിപി ഓഫീസിനു മുന്നിലെ സംഘര്‍ഷം യാദൃശ്ചികമല്ല, മഹിജയ്‌ക്ക് ഒപ്പമുണ്ടായിരുന്നവരാണ് പ്രകോപനം സൃഷ്‌ടിച്ചതെന്നും കോണ്‍ഗ്രസ്- ബിജെപി നേതാക്കളാണ് സമരത്തിനു ചുക്കാന്‍ പിടിച്ചെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതുകൊണ്ടുതന്നെ സംഘര്‍ഷം ആസൂത്രിതമാണെന്നാണ് സിപിഐഎം വാദം.

പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഐഎം: ജിഷ്ണുവിന്റെ അമ്മയെ മർദിച്ചിട്ടില്ല; നടപടി സർക്കാർ നയത്തിന് അനുസൃതം

ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേർക്കുണ്ടായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഐഎം. ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മ​ർദിച്ചിട്ടില്ലെന്നും നടപടി എൽഡിഎഫ് സര്‍ക്കാര്‍ നയത്തിന് അനുസൃതമായാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെയുള്ള പിബി അം​ഗം എം എ ബേബിയുടെ അഭിപ്രായം തള്ളിയാണ് സെക്രട്ടേറിയറ്റ് ഇത്തരമൊരു നിലപാട് അറിയിച്ചത്.

ഡിജിപി ഓഫീസിനു മുന്നിലെ സംഘര്‍ഷം യാദൃശ്ചികമല്ല, മഹിജയ്‌ക്ക് ഒപ്പമുണ്ടായിരുന്നവരാണ് പ്രകോപനം സൃഷ്‌ടിച്ചതെന്നും കോണ്‍ഗ്രസ്- ബിജെപി നേതാക്കളാണ് സമരത്തിനു ചുക്കാന്‍ പിടിച്ചെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. അതുകൊണ്ടുതന്നെ സംഘര്‍ഷം ആസൂത്രിതമാണെന്നാണ് സിപിഐഎം വാദം.

അതേസമയം, പൊലീസ് മഹിജയെ മർദിച്ചെന്ന പരാതി നിഷ്പക്ഷമായി അന്വേഷിക്കുമെന്നും സിപിഐഎം വ്യക്തമാക്കി. ബിജെപി- കോണ്‍ഗ്രസ് നേതാക്കളുടെ ദുഷ്ടലാക്ക് ജിഷ്ണുവിന്റെ കുടുംബം മനസിലാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

നേരത്തെ, പൊലീസ് നടപടിക്കെതിരെയുള്ള എം എ ബേബിയുടെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. പൊലീസ് എന്തു ധാര്‍ഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ പിണറായി ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോടു തന്നെ ചോദിക്കണമെന്നുമാണ് പ്രതികരിച്ചത്.

എന്നാൽ ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ നടന്ന പൊലീസ് നടപടിയെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മന്ത്രി എം എം മണി സർക്കാരിനും പൊലീസിനും അനുകൂല നിലപാടാണ് സ്വീകരിച്ചത്.