'പാർട്ടിയുടെ യശസ്സിന് മങ്ങലേൽപ്പിക്കുന്നു'; എം എം മണിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പരസ്യ ശാസന

പെമ്പിളൈ ഒരുമൈക്കെതിരായ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സിപിഐഎം എം എം മണിക്കെതിരെ അച്ചടക്കനടപടി കൈക്കൊണ്ടിരിക്കുന്നത്.

പാർട്ടിയുടെ യശസ്സിന് മങ്ങലേൽപ്പിക്കുന്നു; എം എം മണിക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പരസ്യ ശാസന

പാർട്ടിയുടെ യശസ്സിന് മങ്ങലേൽപ്പിക്കും വിധം പൊതുപരാമർശം നടത്തിയതിനു മന്ത്രി എം എം മണിക്ക് സിപിഐഎം സംസ്ഥാനകമ്മിറ്റിയുടെ പരസ്യ ശാസന. എ വിജയരാഘവന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് മണിക്കെതിരായ ശിക്ഷാ നടപടിക്ക് തീരുമാനം കൈക്കൊണ്ടത്.

പെമ്പിളൈ ഒരുമൈയുമായി ബന്ധപ്പെട്ട് എം എം മണിയുടെ പരാമർശം വിവാദമായപ്പോൾ തന്നെ മണിയുടെ പ്രസ്താവന സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ചർച്ചചെയ്യുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷത്തിന് മുന്നിൽ എം എം മണിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചുവെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തി മന്ത്രി എം എം മണി പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതായി പല നേതാക്കൾക്കും നേരത്തെ അഭിപ്രായമുണ്ടായിരുന്നു. ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നതിലും പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി വേണമെന്ന കാര്യത്തില്‍ ധാരണയായത്. പാർട്ടി നിയമങ്ങൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ ശിക്ഷാ നടപടിയായ താക്കീത് ആണ് മണിക്കെതിരെ ഉണ്ടാവുക എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ കടുത്ത നടപടിയിലേക്ക് പോകാൻ സംസ്ഥാന സമിതിയിൽ അഭിപ്രായമുയർന്നു. നേരത്തെയും എം എം മണി നടത്തിയ വിവാദപ്രസ്താവനകളിൽ പാർട്ടി നേതൃത്വം താക്കീത് നൽകിയിരുന്നു. ഇത് ചെവിക്കൊള്ളാതെ വിവാദപ്രസ്താവനകൾ തുടരുന്ന മണിക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു പൊതു അഭിപ്രായം. തുടർന്നാണ് പരസ്യ ശാസന എന്ന തീരുമാനത്തിലേക്ക് സംസ്ഥാന കമ്മിറ്റി എത്തിച്ചേർന്നത്.