അരുണന്‍ പണിവാങ്ങും; വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തല്‍

ആര്‍എസ്എസ് പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതം മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതോടെ ജില്ലാ കമ്മിറ്റിയംഗം കൂടിയായ അരുണനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാല്‍ ആര്‍എസ്എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വിശദീകരണമാണ് അരുണന്‍ നല്‍കിയത്.

അരുണന്‍ പണിവാങ്ങും; വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തല്‍

ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഇരിങ്ങാലക്കുട എംഎല്‍എയുമായ കെയു അരുണനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇടതുപക്ഷ അനുഭാവികള്‍ അരുണനെതിരേ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിക്കഴിഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സഹിതം മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതോടെ ജില്ലാ കമ്മിറ്റിയംഗം കൂടിയായ അരുണനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി.

എന്നാല്‍ ആര്‍എസ്എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വിശദീകരണമാണ് അരുണന്‍ നല്‍കിയത്. പുല്ലൂര്‍ ഊരകത്തെ വാരിയാട്ട് ക്ഷേത്രഹാളില്‍ പുസ്തക വിതരണം എന്നാണ് പരിപാടിക്ക് ക്ഷണിച്ചവര്‍ പറഞ്ഞത്. ക്ഷേത്രം വക പരിപാടിയാണെന്ന് വിചാരിച്ചാണ് ഉദ്ഘാടകനാകാമെന്ന് ഏറ്റതെന്ന് അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവായ തോമസ് തത്തംപിള്ളിയും പങ്കെടുക്കുന്നുണ്ടെന്നു കൂടി സംഘാടകര്‍ അറിയിച്ചിരുന്നു. അതിനാല്‍ ആര്‍എസ്എസിന്റെ പരിപാടിയാകുമെന്ന് ഒരിക്കലും കരുതിയില്ല. കുട്ടികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യുന്ന ചടങ്ങായതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍ വലിയ ബാനറില്‍ രാഷ്ട്രീയ സ്വയം സേവക സംഘം എന്നെഴുതി വച്ചിരിക്കുന്നത് കണ്ടില്ലെന്ന അദ്ദേഹത്തിന്റെ വിശദീകരണം ജില്ലാ കമ്മിറ്റി അംഗീകരിച്ചേക്കില്ല. ആര്‍എസ്എസിന്റെ പരിപാടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴെങ്കിലും പിന്മാറാമായിരുന്നില്ലേ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ഇറച്ചിനിരോധന വിഷയത്തിലുള്‍പ്പെടെ ആര്‍എസ്എസിനെതിരേ സിപിഐഎം ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനിടെയായിരുന്നു എംഎല്‍എയുടെ വിചിത്ര നടപടി. ഇത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയെന്നാണ് ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍. കുട്ടികളില്‍ ചെറുപ്പത്തിലേ വര്‍ഗീയ വിഷം കുത്തിവയ്ക്കാനാണ് ആര്‍എസ്എസ് ബാലഗോകുലമടക്കമുള്ളവയെ ഉപയോഗിക്കുന്നതെന്നാരോപിച്ച് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആര്‍എസ്എസ് ഘോഷയാത്രക്ക് ബദലായി സിപിഐഎമ്മും ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. അത്തരമൊരു ചടങ്ങിലാണ് എംഎല്‍എ പങ്കെടുത്തതെന്ന വിമര്‍ശനവും ശക്തമാണ്.

കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ തുടര്‍ച്ചയായി വിജയിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലം ഇക്കുറി അരുണനിലൂടെയാണ് സിപിഐഎം പിടിച്ചെടുത്തത്. അതിനാല്‍ അദ്ദേഹത്തിനെതിരേ ശക്തമായ നടപടിയുണ്ടാകരുതെന്ന് വാദിക്കുന്ന സിപിഐഎം നേതാക്കളും ജില്ലയിലുണ്ട്.