'സഖാവ്' സിനിമയുടെ പ്രമോഷൻ ഏറ്റെടുത്ത് സിപിഐഎം നേതാക്കൾ; അരലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റു ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി

ഇടതുപക്ഷ പേരുകളും ഗാനങ്ങളും ആവേശം കൊള്ളിക്കുന്ന കാല്പനിക ഡയലോഗുകളും കുത്തിനിറച്ചെത്തുന്ന കച്ചവട സിനിമകളുടെ പ്രോത്സാഹനത്തെ പാർട്ടി ഘടകങ്ങൾ ഔദ്യോഗികപരിപാടിയായി ഏറ്റെടുക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

സഖാവ് സിനിമയുടെ പ്രമോഷൻ ഏറ്റെടുത്ത് സിപിഐഎം നേതാക്കൾ; അരലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റു ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി

വിഷുദിനത്തിൽ പുറത്തിറങ്ങിയ നിവിൻപോളിയുടെ 'സഖാവ്' സിനിമയുടെ പ്രമോഷൻ ഏറ്റെടുത്ത് സിപിഐഎം നേതാക്കൾ. കൊല്ലം ശക്തികുളങ്ങര കപ്പിത്താൻസ് തീയേറ്ററിലെ ആദ്യ പ്രദർശനത്തിന് അരലക്ഷം രൂപയുടെ ടിക്കറ്റുകൾ വാങ്ങി വിറ്റ് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി.

സിപിഐഎം അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി വി കെ അനിരുദ്ധൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി രാജ്‌കുമാർ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ആർ രാജേഷ്, മേഖലാ സെക്രട്ടറി അജിത് സുശീൽ എന്നിവരുടെ നേതൃത്വത്തിലാണ് ടിക്കറ്റ് വില്പനയും സിനിമാ പ്രമോഷനും നടന്നത്.

ശക്തികുളങ്ങര കപ്പിത്താൻസ് തീയേറ്ററിലെ ഉത്‌ഘാടനപ്രദർശനത്തിന്റെ അരലക്ഷം രൂപ വിലവരുന്ന ടിക്കറ്റുകൾ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി വാങ്ങുകയും സമൂഹമാധ്യമങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചാരണം നടത്തി വില്പനനടത്തുകയുമായിരുന്നു. 'വെള്ളിത്തിരയിലെ വിപ്ലവനക്ഷത്രത്തെ ഒരുമിച്ചറിയാം' എന്നതായിരുന്നു പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം.

പുതുയൗവനം പുരോഗമനത്തിനും കമ്മ്യൂണിസത്തിനും എതിരെ പുറം തിരിഞ്ഞ് നിൽക്കുന്നെന്ന പ്രചാരണത്തിനെതിരെ ശബ്ദമുയർത്തുകയായിരുന്നു ലക്ഷ്യമെന്ന് പരിപാടിയുടെ സംഘാടകർ പറയുന്നു. നേരത്തെ ഇടതുപക്ഷ മുദ്രാവാക്യങ്ങളും എസ്എഫ്ഐ കാഴ്ചകളുമൊരുക്കി തീയേറ്ററിലെത്തിയ 'ഒരു മെക്സിക്കൻ അപാരത' കടുത്ത ഇടതു വിരുദ്ധ സിനിമയാണെന്ന് ആക്ഷേപമുയർന്നിരുന്നു. ആ സാഹചര്യത്തിൽ 'സഖാവ്' സിനിമ റിലീസ് ചെയ്യും മുമ്പേയാണ് പാർട്ടി നേതാക്കൾ സിനിമയുടെ പ്രചാരണ പരിപാടികളുമായി രംഗത്ത് വന്നിരിക്കുന്നത്.

സ്ഥിരം മെലോഡ്രാമയുടെ ചേരുവയിൽ ആണത്താഘോഷങ്ങളും വ്യക്തിഗത ഹീറോയിസവും കൂട്ടിച്ചേർത്ത 'സഖാവ്' സിനിമ, യഥാർത്ഥ കമ്മ്യൂണിസത്തെക്കുറിച്ച് പഠിക്കാതെ നിർമിച്ച കച്ചവട സിനിമ മാത്രമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇടതുപക്ഷ പേരുകളും ഗാനങ്ങളും ആവേശം കൊള്ളിക്കുന്ന കാല്പനിക ഡയലോഗുകളും കുത്തിനിറച്ചെത്തുന്ന കച്ചവട സിനിമകളുടെ പ്രോത്സാഹനത്തെ പാർട്ടി ഘടകങ്ങൾ ഔദ്യോഗികപരിപാടിയായി ഏറ്റെടുക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

നേരത്തെ 'മെക്സിക്കൻ അപാരതയുടെയും' 'സഖാവിന്റെയും' മുഴുപ്പേജ് പരസ്യം ദേശാഭിമാനിയുടെ ആദ്യപേജിൽ നൽകിയതിനെതിരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ പണം വാങ്ങി അത്തരത്തിൽ പരസ്യം നൽകുന്നതിൽ തെറ്റില്ല എന്ന മറുവാദത്തിനു സ്വീകാര്യത ലഭിച്ചിരുന്നു.

Read More >>