വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച് സിപിഐഎം: ലോങ് മാര്‍ച്ചിന്റെ മൂന്നാം നാള്‍ കേരളത്തില്‍ ജനകീയ സമരം ആക്രമിക്കപ്പെട്ടു

ബലപ്രയോഗത്തിലൂടെ വയല്‍ പിടിച്ചടക്കാന്‍ വന്ന ഉദ്യോഗസസ്ഥര്‍ക്കെതിരെ മരിക്കാന്‍ തയ്യാറായി വയല്‍ക്കിളികള്‍ അണിനിരന്നതിന് ഇടയിലാണ് പന്തല്‍ കത്തിച്ചത്- പ്രതിഷേധം ശക്തമാകുന്നു

വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച് സിപിഐഎം: ലോങ് മാര്‍ച്ചിന്റെ മൂന്നാം നാള്‍ കേരളത്തില്‍ ജനകീയ സമരം ആക്രമിക്കപ്പെട്ടു

വയല്‍ സംരക്ഷിക്കാന്‍ സമരം നടത്തുന്ന കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഐഎം കത്തിച്ചു. ലോങ് മാര്‍ച്ച് നടത്തി മൂന്നാം ദിവസമാണ് കേരളത്തില്‍ ജനകീയ സമരത്തിന്റെ പന്തല്‍ കത്തിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചത്. ദേശിയ പാത ബൈപ്പൈസിനു വേറെ സ്ഥലമുണ്ടായിട്ടും 75 ഏക്കര്‍ പാടശേഖരം നികത്തുന്ന വികസന തീവ്രവാദത്തിന് എതിരെയാണ് വയല്‍ക്കിളികളുടെ സമരം. രണ്ടാം ഘട്ട സമരത്തിന്റെ 24-ാം ദിവസമാണ് അധികാരം ഉപയോഗിച്ച് ആക്രമണം നടത്തിയിരിക്കുന്നത്. കുടിയേറ്റക്കാരുടെ പ്രതിനിധിയായ സിപിഐഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ കടുംപിടുത്തത്തിന് പാര്‍ട്ടി കൂട്ടു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി അംഗങ്ങളും അണികളും കുടുംബങ്ങളുമാണ് സമരം നയിക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്ന പരിസ്ഥിതി- കൃഷി സംരക്ഷണ സമരത്തിന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത് എത്തിയിരുന്നു.

വയല്‍ക്കിളികളുടെ നേതാക്കളായ 70 വയസുകാരി നമ്പ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂര്‍ എന്നിവര്‍ക്ക് വധഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്ന് ബലംപ്രയോഗിച്ച് സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥരും പൊലീസ് സംഘവും എത്തിയതോടെ വയല്‍ക്കിളികള്‍ തീയിട്ടു മരിക്കാന്‍ തയ്യാറായി വയലില്‍ അണിനിരന്നിരുന്നു. പൊലീസിനൊപ്പം അക്രമിക്കാന്‍ തയ്യാറായി സിപിഐഎം പ്രവര്‍ത്തകരും സജ്ജരായി നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് സിപിഐഎം സമരപ്പന്തല്‍ കത്തിച്ച് അക്രമം ആരംഭിച്ചത്.

Read More >>