കുഞ്ഞാലിക്കുട്ടിയും പിണറായിയും കൈകോർക്കേണ്ടി വരും; മലപ്പുറത്തിന് വിധിച്ചത് സൗഹൃദ മത്സരം

ബിജെപിക്ക് എതിരായ ദേശീയമുന്നണിയിൽ ലീഗ് നിർബന്ധമായും ഉണ്ടാവുമെന്നിരിക്കെ പാർലമെന്റിലേക്ക് മത്സരിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമാണ് ശരി. ബിജെപിക്ക് എതിരായ ദേശീയമുന്നണിയിൽ പിണറായിയെപ്പോലെ ജനപിന്തുണയുള്ള നേതാവും ഉണ്ടാവുമെന്നുറപ്പ്. ദേശീയതലത്തിൽ എത്രയുംപെട്ടെന്നു രൂപപ്പെടാൻ പോകുന്ന ഐക്യമുന്നണിയിൽ ഇരുവരും ഒരുമിച്ചിരിക്കേണ്ടിവരുമെന്നിരിക്കെ എന്താണ് മലപ്പുറത്ത് നടക്കാൻ പോവുന്ന മത്സരം?

കുഞ്ഞാലിക്കുട്ടിയും പിണറായിയും  കൈകോർക്കേണ്ടി വരും; മലപ്പുറത്തിന്  വിധിച്ചത് സൗഹൃദ മത്സരം

മലപ്പുറത്ത് പോരാട്ടം എത്ര കടുപ്പത്തില്‍ നടന്നാലും കേന്ദ്രത്തില്‍ ഉണ്ടാവാന്‍ പോകുന്നത് സിപിഐഎം - മുസ്ലിം ലീഗ് ഐക്യമുന്നണിയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തതോടെ ബിജെപിക്കെതിരെ 'വിശാലമായ ഐക്യമുന്നണി' എത്രയും പെട്ടെന്ന് ഏകോപിപ്പിക്കപ്പെടും. തലപ്പത്തുണ്ടാവുക രണ്ട് പ്രമുഖ ബിജെപി ഇതര പാര്‍ട്ടി നേതാക്കളെന്ന നിലയില്‍ പിണറായി വിജയനും പി.കെ.കുഞ്ഞാലിക്കുട്ടിയുമാവും.

രാഹുലും അഖിലേഷും: പ്രതീക്ഷിച്ച നേതാക്കള്‍ തറപറ്റിക്കിടക്കുന്നു

ബിജെപിക്കെതിരായ ദേശീയ മുന്നണിയുടെ തലപ്പത്തു വരുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഒരുപറ്റം നേതാക്കള്‍ക്ക് ഒറ്റയടിക്ക് അവരുടെ ആധികാരികത നഷ്ടപ്പെട്ടതാണ് യു.പി. തെരഞ്ഞെടുപ്പിന്റെ സുപ്രധാനമായൊരു അനന്തരഫലം.

ബിജെപിക്കെതിരെ ഒരു പോരാട്ടം പോലും കാഴ്ചവെക്കാതെ തകര്‍ന്നു പോയ സഖ്യത്തിന്റെ നേതാക്കളാണ് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും. സ്വതവേതന്നെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ നേതൃത്വത്തില്‍ വരാന്‍ മൂല്യം കല്പിക്കപ്പെടാതെ നിന്നതിനിടയിലാണ് രാഹുലിന്റെ നില പിന്നെയും താഴോട്ടു തള്ളി യു.പി. ഫലം വന്നത്. യു.പി.യില്‍ വീണ്ടും അധികാരമേറിയിരുന്നെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒന്നാംനിരയിലേക്ക് ഉയരുമായിരുന്നു, അച്ഛന്‍ മുലായം സിങ്ങിന്റെ അഭാവത്തില്‍, അഖിലേഷ് യാദവ്. യു.പി. സംഭവവികാസങ്ങളോടെ അച്ഛനും മകനും ഒറ്റയടിയ്ക്ക് അപ്രസക്തരായിക്കഴിഞ്ഞു ദേശീയ പ്രതിപക്ഷനിരയില്‍.

പവാര്‍, ലല്ലു: സട കൊഴിഞ്ഞ സിംഹങ്ങള്‍

ശരദ് പവാര്‍, ലല്ലു പ്രസാദ് യാദവ് തുടങ്ങിയ പഴയ പ്രതിപക്ഷ നേതൃതാരങ്ങളെല്ലാം പ്രായാധിക്യത്താല്‍ സട കൊഴിഞ്ഞവരാണ്. പഴയ ഐക്യമുന്നണി ഏകോപകന്‍ ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ കിട്ടാനിടയുള്ള അംഗീകാരത്തില്‍ക്കവിഞ്ഞൊന്നും സുര്‍ജിത്തിന്റെ സഹ നിരക്കാരായ ഈ നേതാക്കള്‍ക്ക് പ്രതീക്ഷിക്കാനില്ല. ഇനിയുമങ്ങനൊരു അങ്കത്തിന് ബാലമുള്ളവരായി ലല്ലു പ്രസാദ് യാദവ് പോലും സമീപ കാല ചിത്രത്തിലില്ല. പുതിയ കലങ്ങിമറിയലുകള്‍ക്കിടയില്‍ ദേശീയമുന്നണിയില്‍ ലാലുപ്രസാദ് യാദവിനേക്കാള്‍ സ്ഥാനം കല്പിക്കപ്പെടുന്നുണ്ടെങ്കിലും സുവര്‍ണകാലം കഴിഞ്ഞ നേതാവാണ് ശരദ് പവാര്‍.

ജയ പോയതോടെ തമിഴകം ശൂന്യം; മമതയ്ക്ക് ബിജെപി ആപല്‍മിത്രമാവും

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടില്‍ നിന്ന് മറ്റൊരു നേതാവും ദേശീയ പ്രതിപക്ഷ നേതൃത്വത്തിലേക്കുയരാനില്ല. ജയയ്ക്കു പകരം വലിയൊരു ശൂന്യതയേ തമിഴകത്തുളളൂ. ബിജെപി നേരിട്ടിടപെട്ടു തുടങ്ങിയ സ്ഥിതിക്ക് എഐഡിഎംകെയില്‍നിന്ന് ഇനിയൊരു അത്ഭുതപ്പൊടിപ്പും പ്രതീക്ഷിക്കുകകൂടി വേണ്ട.

കോണ്‍ഗ്രസിനെ മുന്‍നിരയില്‍ നിര്‍ത്തിയൊരു ദേശീയ ഐക്യമുന്നണി പല നിലയ്ക്കും ഇന്നൊരു അസംഭാവ്യതയാണ്. അത്തരമൊന്ന് ഒരുക്കൂട്ടാനുള്ള പരിശ്രമത്തിന് മുന്‍കയ്യെടുക്കാവുന്ന വിധം കോണ്‍ഗ്രസുമായി സൗഹൃദമുള്ള രണ്ടേ രണ്ടു നേതാക്കളുണ്ടായിരുന്നത് മുലായം സിങ്ങും ശരദ് യാദവുമാണ്. ഇരുവരുടെയും നില മുമ്പു പറഞ്ഞു കഴിഞ്ഞതാണ്.

പിന്നെയുള്ള രണ്ടു നേതാക്കള്‍ ബിഹാര്‍ ഭരിക്കുന്ന നിതീഷ് കുമാറും പശ്ചിമബംഗാള്‍ ഭരിക്കുന്ന മമത ബാനര്‍ജിയുമാണ്. അപ്രവചനീയയായ നേതാവാണ് മമത. അവരുടെ ആഭിമുഖ്യങ്ങള്‍ (മുന്‍ വാജ്‌പേയി സര്‍ക്കാരുകളുടെ കാലത്ത്) ബിജെപിയിലേക്ക് തിരിഞ്ഞതിന്റെ മുന്നനുഭവം കൊണ്ടു മാത്രമല്ല.

മമത ദേശീയ തലത്തില്‍ ബിജെപി വിരുദ്ധമുന്നണിയുടെ നായികാസ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടാത്തതിനുപിന്നില്‍ ബംഗാള്‍ രാഷ്ട്രീയംതന്നെയാണ് മുന്‍നില്‍ക്കുന്നത്. അവിടെ ഇടതുപക്ഷത്തിന്റെ വീണ്ടുവരവിലേക്ക് നയിക്കാവുന്ന ഒരു ചലനത്തെയും പൊറുപ്പിക്കില്ലെന്നുറപ്പാണ് മമത. അഥവാ അങ്ങനെ വന്നാല്‍, ബിജെപിയില്‍ സഖ്യകക്ഷിയെ തിരയാന്‍പോലും മടിക്കാനിടയില്ല മമത. കാരണം ഇടതുപക്ഷത്തിനെതിരായുള്ളത് അതിജീവന പ്രതിരോധമാവും മമതക്ക്. സമീപകാല സൗന്ദര്യപ്പിണക്കങ്ങളൊഴിച്ചാല്‍ ബിജെപിക്ക് മമതയോ, തിരിച്ചോ, പരസ്പരം വെറുക്കപ്പെട്ടവരായതിന് വലിയ തെളിവൊന്നുമില്ല താനും.

പ്രതീക്ഷാകേന്ദ്രം നിതീഷ് കുമാര്‍; ജനപിന്തുണയുള്ള ഇടതുനേതാക്കള്‍ വേണ്ടിവരും കൂടെ

അങ്ങനെ, ദേശീയ പ്രതിപക്ഷത്തെ നിതീഷ് കുമാര്‍ നയിക്കാനാണ് എല്ലാ നിലയ്ക്കും അരങ്ങൊരുങ്ങുന്നത്. തൊട്ടു പിന്‍നിരയിലുണ്ടാവാന്‍ ആധികാരികത ഇടതുപക്ഷത്തിനു മാത്രമാണ്.

എന്നാല്‍, മുന്‍കാലം പോലെ, വെറും 'ആശയ - പ്രത്യയശാസ്ത്ര'വെല്ലുവിളി മാത്രമല്ല മതനിരപേക്ഷ കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി ഉയര്‍ത്തുന്നത്. വന്‍ബഹുജന മുന്നേറ്റത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇന്നവര്‍ നിലകൊള്ളുന്നത്. തലപ്പത്തോ, ജനപിന്തുണയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു കഴിഞ്ഞിട്ടുള്ള നരേന്ദ്ര മോദിയെന്ന നേതാവും.

ഹര്‍കിഷന്‍ സിങ്ങിന് ചെയ്യാനായ പോലെ, സിപിഐഎം ജനറല്‍ സെക്രട്ടറി എന്ന നിലവച്ചു മാത്രം ഭാവി ഐക്യമുന്നണിയുടെ തലപ്പത്ത് സീതാറാം യച്ചൂരി മതിയാവാതെ വരും.

ബസുവിന്റെ പിന്‍ഗാമിയായി പിണറായി മാത്രം

ജനകീയാടിത്തറകൊണ്ടുംഭരണാധിപനെന്ന സ്ഥാനം കൊണ്ടും പിണറായി വിജയന് ദേശീയ ഐക്യമുന്നണിയില്‍ നിതീഷ് കുമാറിനൊപ്പം ഒന്നാം സ്ഥാനത്തിരിക്കേണ്ടി വരും. വരവു തടയുമെന്ന ഭീഷണി വഴി സംഘപരിവാരം പല സംസ്ഥാനങ്ങളിലായി പിണറായിക്ക് നേടിക്കൊടുത്ത പ്രശസ്തി അങ്ങനെയൊരു സ്ഥാനത്തേക്ക് പിണറായിയെ ഇതിനകംതന്നെ ഉറപ്പിച്ചു കഴിഞ്ഞു. ഭോപ്പാലിലും മംഗളുരുവിലും ഏറ്റവുമൊടുക്കം ഹൈദ്രാബാദിലും സംഘപരിവാര വിലക്ക് മറികടന്ന് പിണറായിയുടെ പൊതുപരിപാടികള്‍ വിജയമായത് ദേശീയതലത്തില്‍ മതനിരപേക്ഷ പക്ഷത്ത് ചുണയുണര്‍ത്തിയിട്ടുണ്ട്.

ഹൈദ്രാബാദില്‍ അടുത്ത ദിവസം നടന്ന സിപിഐഎം റാലിയില്‍ പിണറായിക്ക് നല്‍കപ്പെട്ട സ്ഥാനം മുന്‍കാലത്ത് ജ്യോതിബസുവിന് ലഭിച്ചതിനു സമാനമാണ്. ജ്യോതിബസുവിന് ദേശീയ രാഷ്ട്രീയത്തിലുണ്ടായിരുന്ന സ്വീകാര്യതയിലേക്കാണ് ഇതുവഴി പിണറായി ഇന്നുയര്‍ന്നിരിക്കുന്നത്.

രണ്ടാംനിരയില്‍ പ്രമുഖരാവുക മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി വായിച്ചത് കാലത്തിന്റെ ചുവരെഴുത്ത്

ഇപ്പറഞ്ഞതെല്ലാം ദേശീയ പ്രതിപക്ഷ നേതൃത്വത്തിലെ ഒന്നാംനിരക്കാരെപ്പറ്റിയാണ്. രണ്ടാം നിരക്കാര്‍ ഒന്നാം നിരയോളംതന്നെ, പലപ്പോഴും അതിനെക്കാളും, പദവികള്‍ 'ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ ഐക്യമുന്നണി'യില്‍ നേടിയ അനുഭവമുണ്ട് ഇന്ത്യയില്‍. രാജ്യമൊട്ടാകെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബിജെപിക്കെതിരെ നിരക്കുന്നത് മുസ്ലിം വിരുദ്ധ അജണ്ടയുടെ പേരിലാണെന്ന നിലയ്ക്ക്, മുസ്ലിം ലീഗ് ഭാവി മുന്നണിയുടെ കേന്ദ്രസ്ഥാനത്തു വരുമെന്നുറപ്പ്.

നാലു കൊല്ലത്തിലേറെ നീണ്ടു കിടക്കുന്ന കേരള നിയമസഭാംഗത്വമല്ല, മുസ്ലിം ലീഗിന് ആ നിലയ്ക്ക് പ്രധാനമാവേണ്ടത്. രണ്ടു കൊല്ലം കൂടി മാത്രമേ ലോക്‌സഭയ്ക്ക് കാലാവധിയുള്ളൂ എന്നതുമല്ല.

അതായത്, ദേശീയ രാഷ്ട്രീയത്തില്‍ത്തന്നെയാണ് മുസ്ലിം ലീഗിന് ഇനി റോള്‍. ബനാത്ത് വാലയോ ഇ അഹമ്മദോ പഴയ ഇബ്രാഹിം സുലൈമാന്‍ സേട്ടോ ഒന്നുമില്ലാത്ത ദേശീയ മുസ്ലിം രാഷ്ട്രീയത്തിന് പി.കെ.കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ട്. കുഞ്ഞാലിക്കുട്ടി ചരിത്രത്തിന്റെ ആ ചുവരെഴുത്ത് വായിക്കുന്നു. അതാണ് വേങ്ങരയില്‍നിന്നുമുള്ള നിയമസഭാ അംഗത്വംവിട്ട് പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള തീരുമാനം. ലീഗ് രാഷ്ട്രീയത്തിന് അതാണ് ശരി.

ലീഗിനെ 'വേണ്ടണം' ദേശീയമുന്നണിയില്‍! സിപിഐഎമ്മിന് തീരുമാനിക്കേണ്ടി വരും

ദേശീയപ്രതിപക്ഷ നിരയില്‍ മുസ്ലിം ലീഗ് ' വേണ്ടണം' എന്നു കരുതാന്‍ മാറിമറിഞ്ഞ ദേശീയരാഷ്ട്രീയം സിപിഐഎമ്മിനെ അനുവദിക്കില്ല. അപ്പോള്‍ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ എന്തു ചെയ്യേണ്ടി വരും?

സൗഹൃദ മത്സരത്തിനപ്പുറത്തേക്ക് നീട്ടാതെ ജയിപ്പിച്ചു വിടേണ്ടി വരും. കാരണം, ദേശീയരാഷ്ട്രീയത്തില്‍ മുസ്ലിങ്ങളെ പ്രതിനിധീകരിക്കാന്‍ മുസ്ലിം ലീഗല്ലാതെ മറ്റാര്? ഒരു പ്രതിപക്ഷ നേതൃനിരയിലിരുത്താന്‍ ലീഗിന് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാര്?

എന്നാല്‍, ഇടതുപക്ഷത്തിന് ലീഗിനെതിരെ നല്ല മത്സരം കാഴ്ചവെക്കാനാവാതെ വന്നാലോ? ഉള്ള ശക്തിയും ചോര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം കൂടുതല്‍ അപ്രസക്തരാകലാവും ഫലം. അതിനാല്‍ ലീഗിനെതിരെ പോരാടിയേ പറ്റൂ!

മതേതര രാഷ്ട്രീയം ചെന്നെത്തി നില്‍ക്കുന്ന മറ്റൊരു വിഷമവൃത്തമെന്ന് നിരാശരായ ഇടതുപക്ഷ സുഹൃത്തുക്കള്‍ക്ക് വിലയിരുത്താം. നിരാശപ്പെടേണ്ടതായൊന്നുമില്ലാത്ത വിധം തെളിച്ചം നിറഞ്ഞതൊന്നുമല്ലല്ലോ ഇന്ത്യയിലായാലും കേരളത്തിലായാലും ഇന്ന് മതനിരപേക്ഷ രാഷ്ട്രീയം!


Read More >>